Begin typing your search above and press return to search.
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എങ്ങനെയാണ് കേന്ദ്രം നടപ്പാക്കുക; അറിയാം
18 വയസിനു മുകളിലുള്ള എല്ലാ ജനങ്ങള്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം വാക്‌സിന്‍ നേരിട്ടു വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് പുതിയതായി തീരുമാനമായിരിക്കുന്നത്. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് വാങ്ങി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലെ ബുദ്ധിമുട്ട് മനസിലായത് കൊണ്ടാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്‍ കമ്പനികളില്‍ നിന്നും 75 ശതമാനം വാക്‌സിനാണ് കേന്ദ്രം വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. 25 ശതമാനം വാക്‌സിനുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് 150 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുക. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാമെന്ന് കേന്ദ്രം പറഞ്ഞിരുന്ന 25 ശതമാനം വാക്‌സിന്‍ കൂടി ചേര്‍ത്താണ് 75 ശതമാനം വാക്‌സിന്‍ കേന്ദ്രം വാങ്ങി നല്‍കുക.
ഒരുപാട് ആളുകള്‍ക്ക് അവരുടെ പ്രിയപെട്ടവരെ നഷ്ടമായി, രാജ്യം കോവിഡിനെതിരായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെ നേരിടുന്നത്. ജനങ്ങള്‍ ആത്മവിശ്വാസം കൈവിടരുതെന്നും മോദി വിശദമാക്കി. ഐസിയു, വെന്റിലേറ്ററുകള്‍ ഉള്‍പ്പടെ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ വിപുലീകരിച്ചു. പ്രതീക്ഷിക്കാത്ത രീതിയിലാണ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓക്‌സിജന്‍ ആവശ്യകതയുണ്ടായത്. രാജ്യത്ത് എല്ലായിടത്തും ഓക്‌സിജന്‍ എത്തിക്കാന്‍ നടപടിയുണ്ടായി. രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം പത്തിരട്ടി വര്‍ധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെ നേരിടാന്‍ ഏറ്റവും പ്രധാനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക എന്നതാണ് . വാക്‌സിനാണ് കോവിഡിനെതിരെയുള്ള ഏറ്റവും വലിയ സുരക്ഷാ കവചം. എന്നാല്‍ ലോകത്ത് വാക്‌സിന്‍ നിര്‍മിക്കുന്ന കമ്പനികള്‍ കുറവാണ്. ലോകത്ത് എല്ലായിടത്തും വാക്‌സിന്‍ ആവശ്യമാണ്. ഇന്ത്യ വാക്‌സിന്‍ നിര്‍മിച്ചിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? രണ്ടു 'മെയ്ഡ് ഇന്‍ ഇന്ത്യ' വാക്‌സിനുകള്‍ ഉണ്ടാക്കി. കഴിയുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം വാക്‌സിന്‍ എത്തിച്ചു. എല്ലാ വാക്‌സിന്‍ കമ്പനികള്‍ക്കും പിന്തുണ നല്‍കുന്നു. വരും വര്‍ഷങ്ങളില്‍ വാക്‌സിന്‍ ഉത്പാദനം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് മൂന്ന് പുതിയ വാക്‌സിനുകളുടെ ട്രയലുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് നല്‍കാനുള്ള രണ്ടു വാക്സിനുകളുടെയും ട്രയലുകള്‍ നടക്കുന്നു. 23 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്. നേസല്‍ വാക്‌സിനുള്ള ഗവേഷണം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വൈകുന്നേരം നടന്ന രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസംഗത്തില്‍ വിശദമാക്കി.
പുതിയ സൗജന്യ വാക്‌സിന്‍ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്.
രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story
Videos