ഇനി രോഗിയുടെ അരികിലെത്തും മൊബീല്‍ കണ്ടെയ്‌നര്‍ ഹോസ്പിറ്റല്‍; പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി കണ്ടെയ്‌നറില്‍ ഒരുക്കുന്ന മൊബീല്‍ ഹോസ്പിറ്റല്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 100 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള രണ്ടു കണ്ടെയ്‌നര്‍ ഹോസ്പിറ്റലുകള്‍ ഉടനെ തയാറാവുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഡല്‍ഹിയിലും ചെന്നൈയിലുമാണ് തുടക്കത്തില്‍ നടപ്പാക്കുക. 33 കണ്ടെയ്‌നര്‍ ഹോസ്പിറ്റലുകള്‍ കൂടി ഉടനെ തയാറാക്കുമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ ഏത് പ്രദേശത്തേക്കും 24 മണിക്കൂറിനുള്ളില്‍ ഈ മൊബീല്‍ ആശുപത്രിക്ക് എത്താനാവുന്ന സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോഴും എല്ലാവിധ ചികിത്സാസൗകര്യങ്ങളോടും കൂടിയ ഇത്തരം കണ്ടെയ്‌നര്‍ ഹോസ്പിറ്റലുകള്‍ ഉപകാരമാകുമെന്നാണ് കണക്കുകൂട്ടല്‍.

പിഎം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ ഭാഗമായി 64,180 കോടി ചെലവിടുന്നതിന്റെ ഭാഗമായാണ് പദ്ധതി ഒരുക്കുന്നത്. കൂടാതെ രാജ്യത്തെ എല്ലാ ജില്ലകളിലും ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 100 കോടി രൂപ വീതം ചെലവിടുമെന്നും കേന്ദ്രമന്ത്രി പറയുന്നു.
2021-22, 2025-26 വര്‍ഷങ്ങളിലായാകും ഈ തുക വിനിയോഗിക്കുക. പ്രാദേശിക തലത്തിലുള്ള ചികിത്സാ സൗകര്യങ്ങളുടെ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതി ഭാഗമായി രാജ്യത്ത് 79415 ഹെല്‍ത്ത്, വെല്‍നെസ് സെന്ററുകള്‍ സ്ഥാപിക്കും. തൊട്ടടുത്ത വര്‍ഷം ഇവയുടെ എണ്ണം 1.5 ലക്ഷമായി ഉയര്‍ത്തും. ജില്ലാ കേന്ദ്രങ്ങളില്‍ 134 തരം വിവിധ പരിശോധനകള്‍ സൗജന്യമായി നടത്താനുള്ള സൗകര്യം ഒരുക്കുന്നതും പദ്ധതിയിലുണ്ട്. തൊട്ടടുത്ത് ഈ സൗകര്യം ലഭിക്കുന്നതിലൂടെ ധനലാഭത്തിലുപരി ദീര്‍ഘദൂര യാത്ര ഒഴിവാക്കാനാകും എന്നതാണ് നേട്ടം. 602 ജില്ലകളില്‍ അത്യാഹിത വിഭാഗം ഹോസ്പിറ്റലുകള്‍ ഒരുക്കും. ഓരോ ജില്ലയിലും ഒരു മെഡിക്കല്‍ കോളെജ് എന്ന ലക്ഷ്യം വെക്കുന്ന സര്‍ക്കാര്‍ ഇതിനകം 157 മെഡിക്കല്‍ കോളെജുകള്‍ക്ക് അനുമതി നല്‍കിയതായും മന്ത്രി പറയുന്നു.
ബ്ലോക്ക് തലം മുതല്‍ ദേശീയതലം വരെ നീളുന്ന സംയോജിത ആരോഗ്യ വിവരങ്ങള്‍ക്കായുള്ള നെറ്റ്‌വര്‍ക്കും ഒരുക്കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it