ഇന്ത്യയില്‍ പഠിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യു.എസ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും പ്രാക്ടീസിന്റെയും നിയന്ത്രണ അതോറിറ്റിയായ നാഷണല്‍ മെഡിക്കല്‍ കമ്മിഷനും (എന്‍.എം.സി/NMC) രാജ്യത്ത് നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്കും വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യൂക്കേഷന്റെ (ഡബ്‌ള്യു.എഫ്.എം.ഇ/WFME) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിഡലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ബിരുദാനന്തര ബിരുദം നേടാനും പ്രാക്ടീസ് ചെയ്യാനും കഴിയും. പത്ത് വര്‍ഷത്തിനകം ഇന്ത്യയില്‍ പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളേജുകള്‍ക്കും അംഗീകാരം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി

നേട്ടങ്ങള്‍ ധാരാളം
മെഡിക്കല്‍ വിദ്യാഭ്യാസം, പ്രാക്ടീസ് എന്നിവയ്ക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന ആഗോള സംഘടനയാണ് ഡബ്ല്യു.എഫ്.എം.ഇ. സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ആഗോളതലത്തില്‍ തന്നെ അംഗീകാരം ലഭിക്കുകയാണ്.
ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് വിദേശത്ത് ഉന്നത ബിരുദങ്ങള്‍ക്ക് പ്രതിബന്ധങ്ങളില്ലാതെ ചേരാനും പ്രാക്ടീസ് ചെയ്യാനും ഇതോടെ കഴിയും. മാത്രമല്ല, വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കാന്‍ അംഗീകാരം നേട്ടമാകും.
വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാനും വിദ്യാര്‍ത്ഥികളെ കൈമാറാനും (സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്) നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും നൂതന വികസന പദ്ധതികളിലേക്ക് കടക്കാനുമൊക്കെ അംഗീകാരം വഴിയൊരുക്കും.
നിലവില്‍ അമേരിക്കയില്‍ ഉന്നത മെഡിക്കല്‍ ബിരുദം നേടണമെങ്കില്‍ അമേരിക്കയുടെ എജ്യൂക്കേഷന്‍ കമ്മിഷന്‍ ഓണ്‍ ഫോറിന്‍ മെഡിക്കല്‍ എജ്യൂക്കേഷന്റെ (ഇ.സി.എഫ്.എം.ജി) സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. അംഗീകൃത കോളേജുകളില്‍ നിന്നുള്ളവര്‍ക്കേ 2024 മുതല്‍ സര്‍ട്ടിഫിക്കേഷന്‍ നേടാവുന്ന നടപടികളില്‍ പങ്കെടുക്കാനാകൂ എന്ന് ഇ.സി.എഫ്.എം.ജി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍, അംഗീകാരം ലഭിച്ചതോടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഈ നടപടികള്‍ എളുപ്പമാകും.
ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനം നേടാനും വിദേശത്ത് കൂടുതല്‍ മികച്ച ജോലി നേടാനും ഈ അംഗീകാരം സഹായിക്കുമെന്ന് വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍ പറഞ്ഞു. അതേസമയം, മികച്ച വൈദഗ്ദ്ധ്യമുള്ളവരുടെ ഇപ്പോള്‍ തന്നെയുള്ള കൊഴിഞ്ഞുപോക്കിന് ആക്കം കൂടാന്‍ ഇത് ഇടയാക്കിയേക്കുമെന്ന ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
351 കോടി ചെലവ്
ഡബ്‌ള്യു.എഫ്.എം.ഇയുടെ അംഗീകാരം ലഭിക്കുന്നതിന് ഓരോ മെഡിക്കല്‍ കോളേജിനും 60,000 ഡോളര്‍ (49.85 ലക്ഷം രൂപ) ചെലവുണ്ട്. ഡബ്‌ള്യു.എഫ്.എം.ഇ അധികൃതരുടെ സന്ദര്‍ശനം, യാത്ര, താമസം എന്നിവയ്ക്കുള്ള ചെലവടക്കമാണിത്. അതായത്, എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കുമായി വരുന്ന ആകെ ചെലവ് 351 കോടിയോളം രൂപയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it