കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; അറിയാം

കോവിഡ് രോഗബാധയുടെ പുതിയ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നതായി ആരോഗ്യ മേഖലയിലുള്ളവര്‍. രാജ്യത്താകമാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുക്കുന്നത്. ഈ സാഹചര്യത്തിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ കടന്നുവരവും രോഗലക്ഷണങ്ങളില്‍ ഉണ്ടായ വ്യത്യാസവും ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രധാന രോഗലക്ഷണമായി വയറിളക്കവും ഛര്‍ദ്ദിയുമാണ് ഇപ്പോള്‍ പല രോഗികളും കണ്ടെത്തിയിട്ടുള്ളത്. ഇതൊന്നുമില്ലാതെ തന്നെ ക്ഷീണവും തലകറക്കവുമായി രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇതാ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന പുതിയ ലക്ഷണങ്ങള്‍.

വയറിളക്കം, ഛര്‍ദ്ദി
വയറിളക്കവും ഛര്‍ദ്ദിയും പലരിലും ആദ്യം മുതല്‍ കണ്ടുവരുന്ന ലക്ഷണമാണ്. ഇപ്പോള്‍ പ്രതിരോധ മരുന്ന് എടുത്തവരിലാണ് ഇത് കൂടുതല്‍ കാണുന്നതെന്നാമ് ഡോക്ടര്‍മാര്‍ പറയുന്നത്. അതായത് വാക്‌സിന്‍ എടുത്തതിനുശേഷവും 30 ശതമാനം പേരില്‍ കോവിഡ് ബാധ കാണുന്നുണ്ട്. രോഗമായി തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നവരും കുറവാണ്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതിനുശേഷവും ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ടെസ്റ്റ് നടത്തണം.
തൊണ്ടവേദന
ആഗോള തലത്തില്‍ രോഗനിര്‍ണയം നടത്തിയിട്ടുള്ള 52 ശതമാനം ആളുകളിലും തൊണ്ടവേദനയാണ് പ്രധാന ലക്ഷണമായി കണ്ടുവരുന്നത്. തൊണ്ടയുടെ ഭാഗത്തായി ചൊറിച്ചില്‍ അല്ലെങ്കില്‍ എന്തെങ്കിലും തരത്തില്‍ വീക്കം അനുഭവപ്പെടുന്നത് കോവിഡ്-19 അണുബാധയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
ക്ഷീണം
കോവിഡ് രോഗ ബാധയുള്ള ഭൂരിഭാഗം രോഗികളും ശരീരത്തിന് ബലഹീനതയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ ടെസ്റ്റ് ചെയ്ത് സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ ഭൂരിഭാഗം രോഗികളും തങ്ങള്‍ക്ക് കഠിനമായ ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ശരീരവേദന
കോവിഡ് രോഗബാധ സ്ഥിതികരിച്ച വ്യക്തികള്‍ക്കെല്ലാം തന്നെ കഠിനമായ ശാരീരിക വേദന, സന്ധികളില്‍ വേദന എന്നിവ അനുഭവപ്പെട്ടേക്കാം. ശരീരത്തിലെ പ്രധാന പേശികളിലെ ടിഷ്യു ലൈനിംഗുകളെ കൊറോണ വൈറസ് ആക്രമിക്കുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ചെറുതാണെങ്കില്‍ പോലും ശാരീരിക വേദനകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനടി പരിശോധനയ്ക്ക് വിധേയമാകുക.
പനിയും ജലദോഷവും
പനിയും ജലദോഷവും കഠിനമായ രീതിയില്‍ തണുപ്പോ ചൂടോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈറസ് ബാധിച്ചതിന്റെ സൂചനയായിരിക്കാം. അസാധാരണമായ രീതിയില്‍ കഠിനമായ ജലദോഷം അനുഭവപ്പെടുന്നതും വൈറസിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടും.
ഇവ കൂടാതെ കണ്ണുകള്‍ ചുവന്നു വരുന്ന റെഡ് ഐ, ഡ്രൈ ത്രോട്ട്, ഡ്രൈ ടംഗ് തുടങ്ങി ഉമിനീര് കുറയുന്ന ലക്ഷണങ്ങളും രുചിയും മണവും ഇല്ലാതാവുന്ന ലക്ഷണങ്ങളുമുണ്ട്.
രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെറിയ ലക്ഷണങ്ങള്‍ പോലും സൂക്ഷ്മതയോടെ ശ്രദ്ധിക്കുക എന്നതാണ് ഓരോ വ്യക്തിയും ചെയ്യേണ്ട പ്രധാന കാര്യം. അണുബാധയുടെ ലക്ഷണങ്ങള്‍ മുമ്പത്തേതില്‍ നിന്ന് വിചിത്രവും അസാധാരണവും ആയി മാറുന്ന സാഹചര്യമുള്ളതിനാല്‍ എത്ര ചെറിയ ലക്ഷണങ്ങളാണ് ഉള്ളതെങ്കില്‍ പോലും അതിനെ നാം കൂടുതല്‍ ശ്രദ്ധയോടെ കാണുക. കോവിഡ് പോസിറ്റീവ് ആയ ആളുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഈ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ടെസ്റ്റ് ചെയ്യുക. പരമാവധി സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it