ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി, സംസ്ഥാനത്ത് അതീവ ജാഗ്രത

കേരളത്തില്‍ നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയില്‍. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുളള, രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയവര്‍ക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. പോസിറ്റീവാകുന്നവരുടെ ഫലം ജനിതക ശ്രേണീകരണത്തിനയയ്ക്കും. എറണാകുളത്തും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സംഘം ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. കോവിഡ് രോഗ വ്യാപനത്തെക്കുറിച്ചും മരണം സംബന്ധിച്ചും വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടും.
ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ കുടുംബാംഗങ്ങളാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍. കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയും യുകെയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ് മറ്റുള്ളവര്‍. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്.
ബ്രിട്ടനില്‍നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ ആള്‍ക്കാണ് ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹവും ഭാര്യയും ഒരുമിച്ചാണ് വിദേശത്തുനിന്നെത്തിയത്. വിമാനത്താവളത്തിലെ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവായിരുന്നില്ല.
വീട്ടിലെത്തിയതിനു ശേഷം ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഭര്‍ത്താവ് കോവിഡ് പോസിറ്റീവായത്. പിന്നീട് സാംപിള്‍ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ഭാര്യയും ഭാര്യാമാതാവും പോസിറ്റീവായി. ഹൈ റിസ്‌ക് രാജ്യമായിരുന്നതിനാല്‍ കോംഗോയില്‍ നിന്നെത്തിയ ആളെ ഹൈറിസ്‌ക് രാജ്യത്തില്‍ നിന്ന് അല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ പരിശോധിച്ചിരുന്നില്ല. ഇതാണ് അപകടം തിരിച്ചറിയാന്‍ വൈകിയതും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it