നിറം നഷ്ടപ്പെടുന്ന 'വിറ്റിലിഗോ' രോഗം: ഡോ.പ്രീതി ഹാരിസണ്‍ എഴുതുന്നു

അടുത്തിടെയാണ് വിറ്റിലിഗോ എന്ന ചര്‍മ രോഗമാണെന്ന് വെളിപ്പെടുത്തി പ്രശസ്ത സിനിമാതാരം മമ്ത മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് വന്നത്. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോഡര്‍ ആണ് മമ്തയെ ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലാണെന്ന വിവരവും താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെച്ചു.

എന്താണ് യഥാര്‍ത്ഥത്തില്‍ വിറ്റിലിഗോ ?

ചര്‍മ്മത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളുത്തതോ, ഇളം നിറമുള്ളതോ ആയ പാടുകള്‍ രൂപപ്പെടുന്ന രോഗാവസ്ഥയാണ് വിറ്റിലിഗോ. നമ്മുടെ ചര്‍മ്മത്തിന് നിറം നല്‍കുന്ന പിഗ്മെന്റുകളെ ഉത്പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങള്‍ നശിക്കുന്നതും, ഇവയുടെ എണ്ണം കുറയുന്നതും മൂലം പിഗ്മെന്റ് ഉത്പാദനം തടസ്സപ്പെടുന്നു.

തൈറോയ്ഡ് രോഗവും വിറ്റിലിഗോയും

വിറ്റിലിഗോയെ ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം ചര്‍മ്മത്തിലെ സാധാരണ പിഗ്മെന്റ് ഉണ്ടാക്കുന്ന കോശങ്ങളെ ആക്രമിക്കുന്നു. കാലക്രമേണ വിറ്റിലിഗോ മറ്റ് ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡറുകള്‍ക്കും കാരണമായേക്കാം. ഇതില്‍ ഏറ്റവും സാധാരണമായത് തൈറോയ്ഡ് രോഗമാണ്. അതിനാല്‍ തന്നെ വിറ്റിലിഗോ ബാധിച്ചവരോട് ചില സന്ദര്‍ഭങ്ങളില്‍, ഡോക്ടര്‍മാര്‍ തൈറോയ്ഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ലാബ് പരിശോധനകളും, നിര്‍ദ്ദിഷ്ട ആന്റിബോഡി പരിശോധനകളും നടത്താന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

സാധാരണ രോഗം

വിറ്റിലിഗോ ആഗോളതലത്തില്‍ തന്നെ സാധാരണമായ അസുഖമാണ്. ഇത് ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 2% വരെ ആളുകളെ ബാധിക്കുന്നുണ്ട്. വിറ്റിലിഗോ ഭാഗികമായി ജനിതകമായി കാണപ്പെടുന്നു, എന്നിരുന്നാലും കുടുംബത്തിലെ ഒരംഗത്തിനോ, കുട്ടിക്കോ വിറ്റിലിഗോ ഉണ്ടാകാനുള്ള സാധ്യത ഏകദേശം 6% മാത്രമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും, ചര്‍മ്മ തരങ്ങളിലും വിറ്റിലിഗോ ബാധിക്കാം.

എവിടെ ബാധിക്കും

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും, പ്രത്യേകിച്ച് മുട്ടുകള്‍, ഇടയ്ക്കിടെ തടവുന്ന ഭാഗങ്ങള്‍ (അതായത് കൈമുട്ട്, കൈകള്‍, അരക്കെട്ട്, കാല്‍മുട്ടുകള്‍, പാദങ്ങളുടെ മുകള്‍ഭാഗം എന്നിവ). കൂടാതെ കണ്ണ്, മൂക്ക്, വായ എന്നിവയുടെ ചുറ്റുമുളള ചര്‍മ്മം, ജനനേന്ദ്രിയങ്ങള്‍, അതുപോലെ മൂക്കിന്റെയും വായയുടെയും ആന്തരിക പാളി ഇവയെ എല്ലാം ബാധിച്ചേക്കാം.

വിറ്റിലിഗോ ഉള്ള മിക്ക ആളുകളിലും, വെളുത്ത പാടുകള്‍ കാലക്രമേണ സാവധാനത്തില്‍ വികസിച്ചു വരാറുണ്ട്. എന്നിരുന്നാലും, ഓരോ വ്യക്തികളിലും വ്യത്യസ്തമാണ് പാടുകളുടെ വികാസം. ചില രോഗികളില്‍ പാടുകള്‍ വികസിച്ച് കാണാറില്ല, എന്നാല്‍ അപൂര്‍വ്വമായി ചില രോഗികളില്‍ പെട്ടെന്ന് വഷളാകും. 10-20% രോഗികളില്‍ സ്വതസിദ്ധമായ പുനര്‍നിര്‍മ്മാണത്തിലുടെ ചര്‍മ്മത്തിന് സാധാരണ നിറം തിരികെ ലഭിക്കാറുണ്ട്.

മറ്റ് ലക്ഷണങ്ങള്‍ ഉണ്ടോ?

വിറ്റിലിഗോ സാധാരണയായി രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. ഇത് ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തിലുളള പകര്‍ച്ചവ്യാധിയല്ല. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമല്ല എന്നതും പഠനങ്ങള്‍ തെളിയിക്കുന്നു.

വിറ്റിലിഗോ പടരുന്നത് തടയാന്‍ എന്ത് ചെയ്യാം?

ഡെര്‍മറ്റോളജിസ്റ്റുകളുടെ അടുത്ത് നിന്ന് ചികിത്സ തേടുന്നത് വഴി ഒരു വ്യക്തിയുടെ സ്വാഭാവിക ചര്‍മ്മത്തിന്റെ നിറം പുനഃസ്ഥാപിക്കാന്‍ കഴിയുന്നു. വിറ്റിലിഗോ മറ്റ് ശരീര ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും ചികിത്സ വഴി സാധിക്കുന്നു. ഒരേ ചികിത്സ എല്ലാവരിലും ഫലപ്രദമാകണമെന്നില്ല. അതിനാല്‍ വിറ്റിലിഗോ ബാധിച്ചാല്‍ ഒരു ഡെര്‍മറ്റോളജിസ്റ്റുമായി ബന്ധപ്പെടുക. കൃത്യമായ പരിശോധനയിലൂടെ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ അവര്‍ക്ക് കഴിയും

ചികിത്സ

വിറ്റിലിഗോ ബാധിച്ച രോഗികള്‍ക്ക് ചുവടെ പറയുന്ന ചികിത്സാരീതികളാണ് ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഉള്ളത്

> ടോപ്പിക്കല്‍ തെറാപ്പി

കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ അല്ലെങ്കില്‍ കാല്‍സിന്യൂറിന്‍ ഇന്‍ഹിബിറ്ററുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചുളള ചികിത്സ

> ലൈറ്റ് തെറാപ്പി

UVB ലൈറ്റിന്റെ നിയന്ത്രിത എക്‌സ്‌പോഷനിലൂടെയുളള ചികിത്സ. സാധാരണയായി നാരോ ബാന്‍ഡ് അള്‍ട്രാവയലറ്റ് ബി കിരണങ്ങളാണ് ഉപയോഗിക്കുന്നത്.

> സ്‌കിന്‍ ഗ്രാഫ്റ്റിംഗ്

വിറ്റിലിഗോ ബാധിക്കാത്ത ചര്‍മ്മത്തില്‍ നിന്നും പിഗ്മെന്റ് സെല്ലുകള്‍ ആധുനിക സര്‍ജറി വഴി രോഗബാധയുള്ള ഭാഗത്ത് മാറ്റിവെക്കുകയാണ് ചെയ്യുക

വിറ്റിലിഗോ തടയാന്‍ കഴിയുമോ?

വിറ്റിലിഗോ തടയാന്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല. നിങ്ങള്‍ക്ക് വിറ്റിലിഗോ ഉണ്ടെങ്കില്‍, എത്രയും വേഗം ചികിത്സ ആരംഭിച്ചാല്‍ അത് കൂടുതല്‍ ഫലപ്രദമാകും. വര്‍ഷങ്ങളോളം ചികിത്സിക്കാന്‍ വിമുഖത കാട്ടിയാല്‍ പിന്നീട് വിറ്റിലിഗോ ചികിത്സിക്കാന്‍ പ്രയാസമാണ്.

തയ്യാറാക്കിയത് : ഡോ.പ്രീതി ഹാരിസണ്‍ ( ആലുവ രാജഗിരി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡെര്‍മറ്റോളജി )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it