
ഫെബ്രുവരിയിലെ ആദ്യവാരം പെരിന്തല്‍മണ്ണ ഒന്നു ഞെട്ടി. അമ്പരപ്പിക്കുന്ന വിലക്കുറവില്‍ വിദേശത്തുനിന്നടക്കമുള്ള പഴവര്‍ഗങ്ങള്‍ അവരുടെ സ്വന്തം നാട്ടില്‍. കൂടാതെ ഫ്രഷ് ജ്യൂസുകളുടെയും ഫ്രൂട്ട്‌സ് ബൗളുകളുടെയും നീണ്ട നിര. എല്ലാം പോക്കറ്റിനിണങ്ങുന്ന വിലയില്‍. ഫ്രൂസാണ് പുതിയൊരു ട്രെന്‍ഡിന് പെരിന്തല്‍മണ്ണയില്‍ തിരികൊളുത്തിയത്. അടുത്ത വര്‍ഷം കൊണ്ട് ദക്ഷിണേന്ത്യയെമ്പാടും വിപുലമായൊരു ശൃംഖല പടര്‍ത്തുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു അത്. രാജ്യത്തെ ഫ്രൂട്ട് റീറ്റെയ്‌ലിംഗില്‍ കേരളത്തില്‍ നിന്നൊരു ബ്രാന്‍ഡ് പിറവിയെടുത്തിരിക്കുകയാണ്; അതിവേഗം അനുകരിക്കാനാവാത്ത റീറ്റെയ്ല്‍ തന്ത്രങ്ങളിലൂടെ.
രണ്ടായിരത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണത്തില്‍, പഴങ്ങളുടെ വേറിട്ടൊരു ലോകമാണ് പെരിന്തല്‍മണ്ണയില്‍ ഫ്രൂസ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുപോലൊരു റീറ്റെയ്ല്‍ ഫോര്‍മുല എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചാല്‍, ഫ്രൂസിന്റെ സാരഥി നിസാം ഹമീദ് പറയും; ''അത് ഞങ്ങളുടെ അനുഭവത്തില്‍ നിന്ന്, കാല്‍നൂറ്റാണ്ടിന്റെ പരിചയസമ്പത്തില്‍ നിന്ന്.'' പഴം മൊത്തക്കച്ചവട വിപണിയില്‍ രാജ്യത്തെ മുന്‍നിരക്കാരായ ജെകെഎച്ചില്‍ നിന്നുള്ള റീറ്റെയ്ല്‍ ബ്രാന്‍ഡാണ് ഫ്രൂസ്. അതിന് നേതൃത്വം നല്‍കുന്നത് ജെകെഎച്ചിന്റെ ഡയറക്റ്റര്‍മാരില്‍ ഒരാളായ ഷാഹുല്‍ ഹമീദിന്റെ മകനായ നിസാം ഹമീദും. മറ്റൊരു ഡയറക്റ്ററായ കുഞ്ഞാണി എന്ന് വിളിക്കുന്ന ഉമ്മറിന്റെ മകന്‍ നസ്മല്‍ ഫ്രൂസിന്റെ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്ത് നിസാമിന് പിന്തുണയുമായുണ്ട്. കേരളത്തിലും ദക്ഷിണേന്ത്യയിലും വിവിധ ബ്രാന്‍ഡുകളെ വിജയത്തിലേക്കെത്തിച്ച റീറ്റെയ്ല്‍ സ്ട്രാറ്റജിസ്റ്റ് ജിനു ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് റീറ്റെയിലിംഗ് തന്ത്രങ്ങള്‍ മെനയാന്‍ നിസാമിനൊപ്പം കൂടെയുള്ളത്.
പഴം മൊത്തക്കച്ചവട രംഗത്ത് 25 വര്‍ഷത്തിലേറെ പാരമ്പര്യമുണ്ട് ജെകെഎച്ചിന്. സുഹൃത്തുക്കളായ ജുനൈദ് ഖാന്‍, കുഞ്ഞാണി എന്ന വിളിപ്പേരുള്ള ഉമ്മര്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് പാലക്കാട് മുസമ്പി മൊത്ത വിതരണത്തിലൂടെ തുടക്കമിട്ട ജെകെഎച്ച്, ഇന്ന് ലോകത്തിലെ മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്ന് അമ്പതിലേറെ തരം പഴങ്ങളാണ് സംഭരിച്ച് നേരിട്ട് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.
കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും പഴവര്‍ഗ വിപണിയില്‍ ഒട്ടേറെ പുതുമകള്‍ക്ക് തുടക്കമിട്ടവര്‍ കൂടിയാണ് ജെകെഎച്ച്. ''25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസമ്പി മൊത്തവിതരണം തുടങ്ങിയപ്പോള്‍ കേരളത്തിന് അത്ര പരിചിതമല്ലാത്ത പഴവര്‍ഗമായിരുന്നു അത്. കേരളത്തിലെ പഴം വിപണിയില്‍ വിഷുവിന് ശേഷം ഓഫ്‌സീസണ്‍ പോലെയായിരുന്നു. ആ സമയത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴവര്‍ഗങ്ങള്‍ എത്തിച്ച് പുതുമകള്‍ കൊണ്ടുവന്നതും ജെകെഎച്ചാണ്. ചാക്കില്‍ കെട്ടി പഴങ്ങള്‍ കൊണ്ടുവരുമ്പോള്‍ നഷ്ടം ഏറെയായിരുന്നു. അത് ഒഴിവാക്കാന്‍ 20 കിലോഗ്രാമിന്റെ ട്രേ മോള്‍ഡുണ്ടാക്കിയത് ജെകെഎച്ചാണ്. അതിലൂടെ പഴങ്ങള്‍ ചീത്തയാകുന്നത് വളരെയേറെ കുറയ്ക്കാന്‍ സാധിച്ചു,'' നിസാം ഹമീദ് ചൂണ്ടിക്കാട്ടുന്നു.
പുതുമകള്‍ക്കൊപ്പം എന്നും സഞ്ചരിച്ച ജെകെഎച്ചിന്റെ പാരമ്പര്യം അതുപോലെ കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഫ്രൂസും രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫ്രൂസിന്റെ ആദ്യ സ്റ്റോര്‍ വിപണിയില്‍ തരംഗമുയര്‍ത്തിയത് നൂതനമായ ശൈലികള്‍ കൊണ്ടാണ്. കെട്ടിലും മട്ടിലും ആരെയും ആകര്‍ഷിക്കുന്ന സ്റ്റോര്‍ വിന്യാസം, അമ്പരിപ്പിക്കുന്ന വിലക്കുറവ്, പ്രകൃതിദത്തമായ രുചിയും ഗുണവും അല്‍പ്പം പോലും ചോരാതെ ഫ്രഷ് ജ്യൂസുകളും ഫ്രൂട്ട്‌സ് ബൗളുകളും... ഒരിക്കലെത്തിയവര്‍ വീണ്ടും വീണ്ടും ഫ്രൂസിലേക്ക് എത്താന്‍ തുടങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന പഴങ്ങള്‍ ഇടനിലക്കാരില്ലാതെ കപ്പല്‍ മാര്‍ഗവും വിമാനമാര്‍ഗവുമെല്ലാം നേരിട്ടാണ് ഫ്രൂസ് സ്റ്റോറിലേക്ക് എത്തുന്നത്. ജെകെഎച്ച് എന്ന മാതൃ കമ്പനിയാണ് ഇക്കാര്യത്തില്‍ ഫ്രൂസിന്റെ കരുത്ത്. ലോക പഴവര്‍ഗ വിപണിയിലെ പുതുമകള്‍ നേരില്‍ കണ്ടറിഞ്ഞ നിസാം ഹമീദിന്റെ സംരംഭകത്വമികവും ഫ്രൂസിനെ 'ഇന്‍സ്റ്റന്റ് ഹിറ്റാ'ക്കുന്നതില്‍ പങ്കുവഹിച്ചു.
നിസാം ഹമീദിന്റെ പിതാവ് ഷാഹുല്‍ ഹമീദ് പെരിന്തല്‍മണ്ണയില്‍ 1985-90 കാലഘട്ടത്തില്‍ പഴക്കച്ചവടം നടത്തിയിരുന്നു. അക്കാലത്ത് നഷ്ടങ്ങളുടെ കണക്ക് മാത്രമായിരുന്നു ഹമീദിന് കൂട്ട്. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ജെകെഎച്ച് പാലക്കാട് തുടങ്ങിയതോടെ പടിപടിയായി വളര്‍ന്നു. നിസാം ഹമീദ് റീറ്റെയ്ല്‍ രംഗത്തേക്ക് കടക്കുമ്പോള്‍ ആദ്യ സ്റ്റോര്‍ എവിടെ വേണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലായിരുന്നു. ഒരിക്കല്‍ നഷ്ടം സമ്മാനിച്ച പെരിന്തല്‍മണ്ണയില്‍ നിസാം ഫ്രൂസിന്റെ ആദ്യ സ്റ്റോര്‍ തുറന്നു. ''കച്ചവടം പച്ചപിടിക്കാന്‍ ഉപ്പ നടത്തുന്ന കഠിനാധ്വാനങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്.
കുട്ടിയായിരിക്കുമ്പോഴേ ഉപ്പ എന്നെയും പാലക്കാടേക്ക് കൂട്ടുമായിരുന്നു. വിപണിയില്‍ വിതരണത്തിനുള്ള ലോഡ് വണ്ടികളില്‍ നിറയ്ക്കുന്ന ജോലികള്‍ വൈകിട്ടാണ് തുടങ്ങുന്നത്. സത്യത്തില്‍ എല്ലാവരും ഉറങ്ങുന്ന നേരത്താണ് പഴക്കച്ചവടക്കാര്‍ ഉണര്‍ന്നിരുന്ന് ജോലി ചെയ്യുന്നത്. വര്‍ഷങ്ങള്‍ ഇതുപോലെ ഉറക്കമൊഴിച്ച് അധ്വാനിച്ചാണ് ഉപ്പയും സുഹൃത്തുക്കളും ജെകെഎച്ചിനെ വളര്‍ത്തിയത്. മുതിര്‍ന്നപ്പോള്‍ ഞാനും വൈകിട്ട് നാല് മുതല്‍ വെളുപ്പിനെ വരെ നീളുന്ന ലോഡിംഗ് ഷിഫ്റ്റിനൊപ്പം നില്‍ക്കാന്‍ തുടങ്ങി. പിന്നീട് ഉപ്പ തന്നെ എന്നെ പഴ സംഭരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും വിടാന്‍ തുടങ്ങി. ആ പ്രായോഗിക പരിശീലനമാണ് ഫ്രൂസ് എന്ന റീറ്റെയ്ല്‍ ബ്രാന്‍ഡ് തുടങ്ങാന്‍ ധൈര്യം തന്നതും,'' നിസാം ഹമീദ് പറയുന്നു.
23കാരനായ നിസാം ഹമീദ് ഫ്രൂട്ട് റീറ്റെയ്ല്‍ രംഗത്ത് കൊണ്ടുവന്ന പുതുമകള്‍ അടുത്തിടെ മുംബൈയില്‍ നടന്ന റീറ്റെയ്ല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെലീഡര്‍ഷിപ്പ് സമ്മിറ്റിലെ പ്രതിനിധികളുടെ ശ്രദ്ധയും പിടിച്ചുപറ്റി. വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചാണ് ഫ്രൂസിന്റെ യാത്ര; കേരളത്തില്‍ നിന്ന് രാജ്യമറിയുന്ന ഫ്രൂട്ട് റീറ്റെയ്ല്‍ ബ്രാന്‍ഡായി ഫ്രൂസ് അടയാളമിടാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ല.
ഇരുപത്തിമൂന്ന് വയസേയുള്ളൂ നിസാം ഹമീദിന്. കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതും കാണുന്നതും പഴക്കച്ചവടവും അതിന്റെ ഓരോരോ വശങ്ങളും. ചെറുപ്രായത്തില്‍ തന്നെ പിതാവ് ഷാഹുല്‍ ഹമീദിന്റെ വിരലില്‍ തൂങ്ങി കടയിലെത്തി കാര്യങ്ങള്‍ കണ്ടറിഞ്ഞ് തുടങ്ങിയ നിസാം ഇന്ന് ഫ്രൂസിന് നേതൃത്വം നല്‍കുന്നത് അനുഭവങ്ങളിലൂടെയും വിപുലമായ യാത്രകളിലൂടെയും ആര്‍ജിച്ച അറിവുകൊണ്ടാണ്. ഫ്രൂസ് വ്യത്യസ്തമാകുന്നത് എങ്ങനെയാണ്? എന്താണ് ഭാവി പദ്ധതികള്‍? നിസാം ഹമീദ് പറയുന്നു.
ഫ്രൂസ് എന്ന ബ്രാന്‍ഡുമായി ഫ്രൂട്ട്‌സ് റീറ്റെയ്ല്‍ രംഗത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെയാണ്?
എന്റെ പിതാവ്, ഷാഹുല്‍ ഹമീദും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ജുനൈദ് ഖാനും ഉമ്മറും പഴങ്ങളുടെ മൊത്തവിതരണ രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെക്കാലമായുണ്ട്. ഇവര്‍ മൂവരും ഒരുമിച്ച് നിന്ന് കെട്ടിപ്പടുത്ത ജെകെഎച്ച് എന്ന കമ്പനി രാജ്യത്തെ പഴം മൊത്തക്കച്ചവട രംഗത്ത് വമ്പന്മാരാണെങ്കിലും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഏറ്റവും മികച്ച പഴവര്‍ഗങ്ങള്‍ നേരിട്ട് സംഭരിച്ച് ഇന്ത്യയില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്ന ജെകെഎച്ചിനെ അടുത്തറിയുന്നവര്‍ ചുരുക്കമാണ്. ജനങ്ങള്‍ അറിയുന്ന, അവര്‍ക്ക് വേറിട്ട ഒരു അനുഭവം നല്‍കുന്ന ഒരു റീറ്റെയ്ല്‍ ബ്രാന്‍ഡ് എന്റെ സ്വപ്നമായിരുന്നു. ചെറുപ്പം മുതല്‍ കാണുന്നതും അറിയുന്നതും പഴക്കച്ചവട മേഖലയാണ്. അതുകൊണ്ട് ആ രംഗത്ത് തന്നെ വേറിട്ടൊരു ബ്രാന്‍ഡഡ് റീറ്റെയ്ല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫ്രൂട്ട്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നായതുകൊണ്ടാണ് ഫ്രൂസ് എന്ന പേര് സ്വീകരിച്ചത്.
ഫ്രൂട്ട്‌സ് റീറ്റെയ്ല്‍ രംഗത്ത് കാണുന്ന സാധ്യതകള്‍ എന്തൊക്കെയാണ്?
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതടക്കം ഫ്രൂട്ട്‌സിന്റെ ഡിമാന്‍ഡ് വര്‍ഷം തോറും കൂടിവരികയാണ്. വിവിധതരം ആപ്പിളുകള്‍, ബെറീസ്, അവക്കാഡോ എന്നിവയെല്ലാം സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ മാത്രമല്ല, ഇടത്തരക്കാരും യുവ സമൂഹവുമെല്ലാം ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നിലവിലെ വിപണി വലുതാകുന്നതിനൊപ്പം പുതിയൊരു വിഭാഗത്തിലേക്ക് കൂടി എക്‌സോട്ടിക് ഫ്രൂട്ട്‌സിനെ എത്തിക്കാനാണ് ഫ്രൂസ് ശ്രമിക്കുന്നത്.
എങ്ങനെയാണ് ഫ്രൂസ് പുതിയൊരു വിപണി തുറന്നെടുക്കുന്നത്?
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന പഴവര്‍ഗങ്ങള്‍ നിലവില്‍ കടകളിലെത്തുന്നതിന് മുമ്പ് മൂന്നോ നാലോ ഇടനിലക്കാരുണ്ട്. സോഴ്‌സിംഗ് മുതല്‍ നമ്മുടെ നാട്ടിലുള്ള കടകള്‍ വരെ നീളുന്ന വലിയൊരു ലോജിസ്റ്റിക്‌സ് സംവിധാനവും ഇതിന്റെ അണിയറയിലുണ്ട്. ഫ്രൂസിലൂടെ ഞങ്ങള്‍ റീറ്റെയ്ല്‍ രംഗത്തേക്ക് കടക്കുമ്പോള്‍ നേരിട്ട് തന്നെ ജനങ്ങളിലേക്ക് പഴങ്ങള്‍ എത്തിക്കാന്‍ പറ്റും. ഇടനിലക്കാരില്ല. ലോജിസ്റ്റിക്‌സ് ചെലവും കുറവ്. ഇതുമൂലമുള്ള ലാഭം ജനങ്ങള്‍ക്ക് കൈമാറാന്‍ പറ്റുന്നതിനാല്‍ എക്‌സോട്ടിക് പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ എന്തും മറ്റാര്‍ക്കും നല്‍കാനാവാത്ത അത്രയും വിലക്കുറവില്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. ഇതുമൂലം ഇടത്തരക്കാര്‍ വരെ എക്‌സോട്ടിക്‌സ് ഫ്രൂട്ട്‌സ് ഒക്കെ ഉപയോഗിച്ചു തുടങ്ങും. വിപണി കൂടുതല്‍ വിശാലമാകും.
ഫ്രൂസിന്റെ ഭാവി പദ്ധതികളെന്തൊക്കെയാണ്?
2026 വരെ നീളുന്ന വിധമുള്ള ആദ്യഘട്ട വിപുലീകരണ പദ്ധതികളാണ് ഇപ്പോള്‍ ഫ്രൂസ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ പെരിന്തല്‍മണ്ണയില്‍ ഒരു ഷോറൂമാണുള്ളത്. ഏപ്രില്‍ 26ന് കോഴിക്കോടും കൊച്ചിയിലും ഒരേസമയം മൂന്ന് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലും ഫ്രൂസ് ഔട്ട്‌ലെറ്റുകള്‍ വരും. കാക്കനാട് അതിവിശാലമായ ഒരു എക്‌സ്പീരിയന്‍സ് സെന്ററാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ 18 ഓളം ഫ്രൂസ് സ്റ്റോറുകള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ബംഗളൂരുവില്‍ ഉടന്‍ മൂന്ന് സ്റ്റോറുകള്‍ തുറക്കും. പിന്നീട് മറ്റൊരു എട്ടെണ്ണം കൂടി വരും. ചെന്നൈ, കോയമ്പത്തൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്ന ശേഷം ഹൈദരാബാദിലേക്ക് കൂടി പ്രവേശിക്കും. ആദ്യഘട്ടത്തില്‍ നാല്‍പ്പതിലധികം ഷോറൂമുകളാണ് ലക്ഷ്യമിടുന്നത്.
ഫ്രൂട്ട്‌സ് റീറ്റെയ്‌ലിംഗില്‍ എക്‌സ്പീരിയന്‍സ് സെന്ററൊക്കെ തുറക്കാനുള്ള പ്രചോദനം ലഭിച്ചത് എവിടെ നിന്നാണ്?
പഴവര്‍ഗങ്ങള്‍ക്ക് ആയുസ് വളരെ കുറവാണ്. ശാസ്ത്രീയമായി അത് ഡിസ്‌പ്ലേ ചെയ്തില്ലെങ്കില്‍ പോലും പെട്ടെന്ന് ചീഞ്ഞ് പോകും. ഏറ്റവും പ്രീമിയമായ പഴവര്‍ഗങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഫ്രൂസ്. അവര്‍ക്കതൊരു പുതിയ അനുഭവം തന്നെയാണ്. ആ അനുഭവങ്ങള്‍ നല്‍കാനാണ് എക്‌സ്പീരിയന്‍സ് സെന്റര്‍ വിഭാവനം ചെയ്യുന്നത്.
കച്ചവടത്തില്‍ നഷ്ടം വന്ന് കടം കേറി സ്വന്തം നാട്ടില്‍ നിന്ന് വര്‍ഷങ്ങളോളം മാറിനില്‍ക്കേണ്ടി വരിക. പിന്നീട് തിരികെയെത്തി പതുക്കെ ചുവടുവെച്ച് ഒരു വലിയ ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കുക. ഇതൊരു സിനിമാക്കഥയൊന്നുമല്ല. ജെകെഎച്ചിന്റെ കഥയാണ്. പെരിന്തല്‍മണ്ണക്കാരന്‍ ഷാഹുല്‍ ഹമീദ് സ്വന്തം നാട്ടില്‍ ചെറിയ നിലയില്‍ പഴക്കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നയാളാണ്. ഒരു ദിവസത്തിന്റെ ആയുസ് മാത്രമുള്ള പഴങ്ങള്‍ ഷാഹുല്‍ ഹമീദിന് സമ്മാനിച്ചത് നഷ്ടം മാത്രമായിരുന്നു. കച്ചവടം രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍ കടം വാങ്ങിയും വീണ്ടും പഴക്കച്ചവടം തന്നെ നടത്തി. പക്ഷേ, കടം കേറിയതല്ലാതെ ലാഭമുണ്ടായില്ല. ഒടുവില്‍ നാട്ടില്‍ നില്‍ക്കാനാവാത്ത സ്ഥിതിയായി. ആ സ്ഥിതിയില്‍ ഷാഹുല്‍ ഹമീദ് നടത്തിയ യാത്രകളാണ് രാജ്യത്തിന്റെ പഴം വിപണിയെ കൂടുതല്‍ അറിയാന്‍ സഹായിച്ചത്.
ഫ്രൂസിന്റെ റീറ്റെയ്ല്‍ സ്ട്രാറ്റജി അത്ര എളുപ്പം അനുകരിക്കാവുന്നതല്ല. എക്സോട്ടിക്ക് ഫ്രൂട്ട്സ് വിപണിയില്‍ പ്രീമിയം ഉല്‍പ്പന്നങ്ങളാണ്. ഈ പ്രീമിയം പ്രോഡക്റ്റിനെ സമൂഹത്തിലെ ഇടത്തരക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ് ഫ്രൂസ്. അതും വേറിട്ട കസ്റ്റമര്‍ എക്സ്പീരിയന്‍സ് സമ്മാനിച്ചുകൊണ്ട്
ജിനു ജോസഫ്, റീറ്റെയ്ല്‍ സ്ട്രാറ്റജിസ്റ്റ്
പഴം വിപണിയിലെ മൊത്തക്കച്ചവടക്കാരനായ കുഞ്ഞാണി എന്ന വിളിപ്പേരുള്ള ഉമ്മറും പഴങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന് വാഹനങ്ങള്‍ നല്‍കുന്ന ജുനൈദ് ഖാനും തമ്മില്‍ വളര്‍ന്ന പരിചയം പിന്നീട് ബിസിനസ് ബന്ധമായി. 1999-2000ത്തില്‍ ഇവര്‍ മൂവരും ചേര്‍ന്ന് പാലക്കാട് മുസമ്പിയുടെ മൊത്തക്കച്ചവട ബിസിനസിലേക്ക് ഇറങ്ങി. ജുനൈദ്, കുഞ്ഞാണി, ഹമീദ് എന്നീ പേരുകളിലെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത് ഖഗഒ എന്ന പേരും കച്ചവട സ്ഥാപനത്തിനിട്ടു. മുസമ്പിയില്‍ നിന്ന് പതുക്കെ ഇവര്‍ പഴവര്‍ഗങ്ങള്‍ കൂട്ടിക്കൂട്ടി വന്നു. പഴം കേടുകൂടാതെ സംഭരിക്കാനും വിതരണം ചെയ്യാനുള്ള ടെക്‌നിക്കുകള്‍ അവര്‍ സ്വയം വികസിപ്പിച്ചെടുത്തു. 20 കിലോഗ്രാമിന്റെ ഫ്രൂട്ട്‌സ് ട്രേകള്‍ ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നത് ജെകെഎച്ചാണ്. കേടുവരുന്നത് ഒഴിവാക്കിയും വിപണി വിപുലീകരിച്ചും ജെകെഎച്ച് വിജയത്തിന്റെ പടവുകള്‍ കയറുകയായിരുന്നു.
പ്രതിദിനം 300-400 ടണ്‍ പഴങ്ങളാണ് ജെകെഎച്ച് വിതരണം ചെയ്യുന്നത്. പഴം വിതരണത്തിന് 75 ഓളം വാഹനങ്ങളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ദക്ഷിണേന്ത്യയിലെ മുന്‍നിര പഴം മൊത്ത വിതരണക്കാരായ ജെകെഎച്ച്, ഇന്ത്യയിലെ പഴം മൊത്തക്കച്ചവട സ്ഥാപനങ്ങളില്‍ ആദ്യപത്തില്‍ വരുന്ന പ്രസ്ഥാനമാണ്.
ഒരിക്കല്‍ കച്ചവടത്തില്‍ പണം നഷ്ടപ്പെട്ട് കടക്കെണിയിലേക്ക് പോയവര്‍ ഇന്ന് പാലക്കാട് കഞ്ചിക്കോട് എട്ടര ഏക്കറില്‍ അത്യാധുനിക കോള്‍ഡ് സ്റ്റോറേജും ലോജിസ്റ്റിക്‌സ് ഹബ്ബും സജ്ജമാക്കുകയാണ്. വര്‍ഷത്തില്‍ 365 ദിവസവും പഴവര്‍ഗങ്ങളുടെ സീസണ്‍ ആക്കിയെടുത്ത ജെകെഎച്ച് പ്രതിസന്ധികളുടെ കടല്‍ താണ്ടി ഇന്ന് കെട്ടിപ്പടുത്തിരിക്കുകയാണ് അതിവിപുലമായ ഒരു ബിസിനസ് സാമ്രാജ്യം.
മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത മോഡലാണ് ഫ്രൂസിന്റേത് എന്നതാണ് സവിശേഷത. മികച്ച ടീമും ആസൂത്രണവുമാണ് ഫ്രൂസിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുക
നസ്മല്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗം മേധാവി
Read DhanamOnline in English
Subscribe to Dhanam Magazine