ബിസിനസ് വിജയത്തിനായി 'ബാക്കപ്പ് ഫണ്ട്' ഒരുക്കാം

ഒരു ബിസിനസ് വിജയകരമായി മുന്നോട്ടു പോവാന്‍ വില്‍പ്പനയും ലാഭവും എത്ര പ്രാധാന്യമുള്ളതാണോ അതുപോലെ ബിസിനസിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് ബാക്കപ്പ് ഫണ്ട്‌സ്. അതുകൊണ്ടുതന്നെ ബിസിനസ് സ്ഥിരതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കൃത്യമായി നിര്‍മിച്ച ബാക്കപ്പ് ഫണ്ട്‌സ്. ഇത് ബിസിനസില്‍ ക്യാഷ് ഫ്‌ളോ കൊണ്ടുവരാനും എപ്പോഴും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനും സഹായിക്കും.

തുടര്‍ച്ചയായി ബിസിനസ് ഉണ്ടാക്കുന്ന ലാഭത്തിന്റെ ചെറിയൊരു ശതമാനം ബാക്കപ്പ് ഫണ്ടിലേക്ക് മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ അത് പിന്നീട് വളരെ ഉപകാരപ്രദമായ സെക്യൂരിറ്റി ഫണ്ടായി ഉപയോഗിക്കാം. തീര്‍ച്ചയായും ബാക്കപ്പ് ഫണ്ട് നിര്‍മിക്കുന്നതിന്ന് സമയവും അച്ചടക്കവും ഏറെ ആവശ്യമാണ്, എന്നാല്‍ അത് ബിസിനസില്‍ നല്‍കുന്ന മനസമാധാനം അമൂല്യമാണ്.

മുന്‍കരുതല്‍ എടുക്കാം

ബിസിനസ് എപ്പോഴും പ്ലാന്‍ ചെയ്തപോലെ മുന്നോട്ടുപോകണമെന്നില്ല. ചിലപ്പോള്‍ തികച്ചും അപ്രതീക്ഷിതമായിരിക്കും ചില അനുഭവങ്ങള്‍. യന്ത്രങ്ങള്‍ നന്നാക്കുന്നത്, പ്രതീക്ഷിക്കാതെ വരുന്ന ബില്ലുകള്‍, പെട്ടന്ന് സംഭവിക്കുന്ന നഷ്ടങ്ങള്‍ ഇവയെല്ലാം ബിസിനസില്‍ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളാണ്. ഉപജീവനമാര്‍ഗം സംരക്ഷിക്കാനും കമ്പനിയെ ആത്മവിശ്വാസത്തോടെ നിലനിര്‍ത്താനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിസിനസില്‍ ദോഷകരമായി ബാധിച്ചേക്കാവുന്ന പ്രയാസങ്ങളെ വലിയൊരു പരിധിവരെ കുറയ്ക്കാനും ബാക്കപ്പ് ഫണ്ട് കണ്ടെത്തുന്നതിലൂടെ സാധിക്കും.

വെല്ലുവിളികള്‍ തരണം ചെയ്യാം

വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, സാമ്പത്തിക മാന്ദ്യങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മൂലമുള്ള പ്രതീക്ഷിക്കാത്ത ചെലവുകള്‍, ബിസിനസിലെ മറ്റു സാമ്പത്തിക വെല്ലുവിളികള്‍ ഇവയെല്ലാം തരണം ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ് ബാക്കപ്പ് ഫണ്ട്. അതൊരു റിസര്‍വ് ഫണ്ട് ആണ്. ഈ റിസര്‍വ് ഫണ്ട് ഉള്ളതിനാല്‍, കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും കൂടുതല്‍ ഊര്‍ജസ്വലമാകാനും സംരംഭകര്‍ക്കും ഓഹരി ഉടമകള്‍ക്കും സാമ്പത്തിക സ്ഥിരതയും മനസമാധാനവും പ്രദാനം ചെയ്യാനും കഴിയും. സാമ്പത്തിക ആസൂത്രണത്തിനോടുള്ള ഈ വ്യക്തമായ സമീപനം, ശക്തമായി ഉയര്‍ന്നുവരാന്‍ ബിസിനസുകളെ സഹായിക്കുകയും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയില്‍ ദീര്‍ഘകാല വിജയം ആസ്വദിക്കാന്‍ സജ്ജമാക്കുകയും ചെയ്യും.

ഭാവി സുരക്ഷിതമാക്കാം

ബാക്കപ്പ് ഫണ്ടുകള്‍ ഉറപ്പുവരുത്തുന്നത് ഏതൊരു സംരംഭകന്റെയും ഉത്തരവാദിത്തമാണ്. ബിസിനസില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിലൂടെ ആവശ്യമായ സമയങ്ങളില്‍ ഫണ്ടുകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം. ഇവ എപ്പോള്‍, എങ്ങനെ ഉപയോഗിക്കാമെന്നതിനുള്ള വ്യക്തമായ ഗൈഡ്‌ലൈന്‍സ് ബിസിനസുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. അതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ആക്‌സസ് ചെയ്യാവുന്നതിനുള്ള ഒരു പ്ലാന്‍ ഉണ്ടായിരിക്കുകയും വേണം. ബിസിനസുകള്‍ തങ്ങളുടെ സാമ്പത്തിക തന്ത്രങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുകയും വേണം. ബിസിനസ് വികസിക്കുമ്പോള്‍ സാമ്പത്തിക തന്ത്രത്തില്‍ മാറ്റം വരുത്താനും അതനുസരിച്ചു പ്ലാനിംഗും മറ്റും ക്രമീകരിക്കാനും നിക്ഷേപങ്ങളില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനും ഉടമസ്ഥന്‍ തയാറാകണം.

വളര്‍ച്ച കൈവരിക്കാം

നിലവിലുള്ള വലുതും ചെറുതുമായ എല്ലാ ഓര്‍ഗനൈസേഷനുകളുടെയും ലക്ഷ്യമാണ് വളര്‍ച്ച കൈവരിക്കുക എന്നത്. ബിസിനസ് വളര്‍ത്താന്‍ മാര്‍ഗങ്ങള്‍ പലതാണ്, പക്ഷെ അത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ നിലവിലുള്ള അവസ്ഥ ശക്തമാണോ എന്നതാണ് ആദ്യം ഉറപ്പുവരുത്തേണ്ടത്. അടിത്തറ ശക്തമാണെങ്കില്‍ പിന്നെ കെട്ടിപ്പടുക്കാന്‍ എളുപ്പമാണ്. സുരക്ഷിതമായ ഭാവി ഉറപ്പാകുന്നതോടെ കാര്യങ്ങള്‍ സിമ്പിളാകുന്നു. ബിസിനസില്‍ കൂടുതല്‍ മുന്നേറാനുള്ള വഴികള്‍ സമാധാനത്തോടെ ചിന്തിക്കാനും അതിന്റെ ഭാവിക്കായുള്ള സ്ട്രാറ്റജികള്‍ തയാറാക്കാനും അതനുസരിച്ചു മുന്നോട്ടുപോകാനും കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും സംരംഭകന് അവസരം ഒരുങ്ങുന്നു.

PREVENTION IS BETTER THAN CURE എന്നത് നമുക്കിവിടെയും ഉപയോഗിക്കാം. ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം ബാക്കപ്പ് ഫണ്ട് ഒരു മുന്‍കരുതലാണ്. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് അത് തടയാന്‍ ബാക്കപ്പ് ഫണ്ട് സഹായിക്കും.

ബിസിനസില്‍ വെല്ലുവിളികള്‍ വരുമ്പോള്‍ ഒന്നും ചെയ്യാനാവാതെ പ്രയാസപ്പെടുന്ന അവസ്ഥ വരാതിരിക്കാന്‍ ആദ്യമേ നമുക്ക് മുന്‍കരുതലെടുക്കാം.


'വിജയകരമായ ബിസിനസുകളെ നിരീക്ഷിക്കുക - അവര്‍ക്കെല്ലാം തന്നെ വളരെ മികച്ച സാമ്പത്തിക ആസൂത്രണവും ശക്തമായ ബാക്കപ്പ് ഫണ്ടുമുള്ളതായി കണ്ടെത്താന്‍ സാധിക്കും'.

ബാക്കപ്പ് ഫണ്ടുകളെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഈ ലിങ്ക് സന്ദര്‍ശിക്കൂ : www.numberone.academy

Related Articles
Next Story
Videos
Share it