ബിസിനസ് ഇംഗ്ലീഷ് പഠിക്കാം, പ്രൊഫഷണല്‍ ഉയര്‍ച്ചയ്ക്കും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും
മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് പ്രാമുഖ്യം വര്‍ധിച്ചു വരുമ്പോഴും ഇംഗ്ലീഷ് എന്ന ആഗോള ഭാഷയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒട്ടുംതന്നെ കുറവുണ്ടായിട്ടില്ല. ഏത് മേഖലയിലും അന്താരാഷ്ട്ര തലങ്ങളില്‍ ആശയവിനിമയം നടക്കുന്നത് ഇംഗ്ലീഷിലാണെന്നത് തന്നെയാണ് അതിന് കാരണം.
കുഞ്ഞന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുതലുള്ള മലയാളിസംരംഭങ്ങള്‍ രാജ്യാന്തരമായി ശ്രദ്ധ പിടിച്ചുപറ്റുന്നതും വന്‍ നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടുന്നതും കുറച്ച് വര്‍ഷങ്ങളായി നമ്മള്‍ കാണുന്നുണ്ടല്ലോ. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുക എന്നത് വന്‍ കമ്പനികള്‍ക്ക് മാത്രം ഇന്ന് സാധ്യമായ കാര്യമല്ല.
ബിസിനസ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് എന്ന ഭാഷ നിര്‍ണായക പങ്ക്വഹിക്കുന്നു. കച്ചവട സംബന്ധമായ പദങ്ങളും ഔദ്യോഗികമായി ഉപയോഗിക്കേണ്ട ചില വാക്കുകളും അടങ്ങിയ ഇംഗ്ലീഷ് ഭാഷയുടെ വകഭേദമാണ് ബിസിനസ് ഇംഗ്ലീഷ്. ഉദാഹരണത്തിന്, സംഭാഷണങ്ങളില്‍ get, need, talk about, make sure എന്നിവയ്ക്ക് പകരം യഥാക്രമം receive, require, discuss, ensure എന്നീ വാക്കുകളാകും ബിസിനസ് ഇംഗ്ലീഷില്‍ പ്രയോഗിക്കുക. സംരംഭകര്‍ക്ക് ഇത് എങ്ങനെയൊക്കെ ഉപകാരപ്പെടും എന്ന് നോക്കാം.
ഇ-മെയില്‍ തയ്യാറാക്കാന്‍
ഒരു എസ്എംഎസ് അല്ലെങ്കില്‍ വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നതും ബിസിനസ് വളര്‍ച്ച പ്രതീക്ഷിച്ച് ഒരു ഇ-മെയില്‍ തയ്യാറാക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അത്തരമൊരു ഇ-മെയില്‍ അയക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഫോര്‍മാറ്റ്, വാക്കുകള്‍ എന്നിവയൊക്കെ പ്രധാനമാണ്. സാധാരണ ഗതിയില്‍ ഇംഗ്ലീഷില്‍ 'help' എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ 'assistance' പോലുള്ള പദങ്ങള്‍ ബിസിനസ് ഇംഗ്ലീഷില്‍ പ്രയോഗിക്കുന്നു. വെറുമൊരു വാക്ക് മാറ്റി എഴുതുമ്പോള്‍ തന്നെ വായിക്കുന്ന ആളില്‍ ഒരു പോസിറ്റീവ് ഇംപാക്ട് അത് ഉണ്ടാക്കിയെടുക്കും.
വീഡിയോ മീറ്റിംഗുകള്‍
പൊതുവെ പറഞ്ഞുകേള്‍ക്കുന്ന പരാതിയാണ് ഇംഗ്ലീഷ് നന്നായി എഴുതാനൊക്കെ അറിയാമെങ്കിലും സംസാരിക്കുമ്പോള്‍ ശരിയാകുന്നില്ല എന്ന്. മീറ്റിംഗുകള്‍ അധികവും ഓണ്‍ലൈനായ ഇക്കാലത്ത് Zoom കോളുകളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോഴും ഈ പ്രശ്‌നം ഉണ്ടാവാറുണ്ട്. ബിസിനസ് ഇംഗ്ലീഷ് പഠിക്കുന്നത് വഴി ഇത്തരം പ്രതികൂല സാഹചര്യങ്ങളേയും മറികടക്കാന്‍ സാധിക്കും.
പ്രസന്റേഷനുകള്‍
തന്റെ സംരംഭത്തിലേക്ക് വന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ളവരുടെ മുന്നില്‍ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരവസരം കാത്തിരിക്കുന്നവര്‍ ധാരാളം ഉണ്ട്. എന്നാല്‍ അങ്ങനെ ഒരു സാഹചര്യം ഒത്തുവന്നിട്ടും ബിസിനസ് ഇംഗ്ലീഷ് സ്‌കില്‍സ് മോശമായത് കൊണ്ട് അത് നഷ്ടപ്പെട്ടാലോ? മുന്നിലിരിക്കുന്നവരെ ആശയങ്ങള്‍ കൊണ്ട് ഇംപ്രസ് ചെയ്യാന്‍ മികച്ച ഇംഗ്ലീഷ് പ്രയോഗങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.
വിലയേറിയ നെറ്റ്വര്‍ക്ക് സൃഷ്ടിക്കാം
മറ്റുള്ളവരോട് സ്വയം മുന്‍കൈയെടുത്ത് ബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ബിസിനസിലെ വളര്‍ച്ച എപ്പോഴും സാധ്യമാണ്. കൊച്ചു കേരളത്തില്‍ നിന്നും ദേശീയ തലത്തിലും അവിടെ നിന്ന് അന്തര്‍ദേശീയ തലങ്ങളിലേക്കും ബിസിനസ് കൊണ്ടു
പോകാന്‍ ആഗ്രഹിക്കുന്നവര്‍ പുത്തന്‍ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും അല്ലാതെയുമുള്ള ആശയവിനിമയം ബിസിനസ് ഇംഗ്ലീഷിലാകുമ്പോള്‍ അവസരങ്ങള്‍ സംരംഭകരെ തേടിവരും.
ക്ലാരിറ്റി പരമപ്രധാനം
മാതൃഭാഷയിലെ ചില ആശയങ്ങള്‍ ഇംഗ്ലീഷില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് ഒരു എത്തുംപിടിയും കിട്ടാത്ത അവസ്ഥയിലൂടെ നിങ്ങള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാകില്ലേ? വ്യത്യസ്തമായൊരു സ്വപ്ന പദ്ധതി മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോള്‍ അതിലെ ഒരു സുപ്രധാന പോയിന്റ് മോശം ഇംഗ്ലീഷ് കാരണം മിസ്സായാലോ? ബിസിനസ് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്ന ഒരാള്‍ക്ക് അങ്ങനെയൊരു അബദ്ധം ഒരിക്കലും പറ്റില്ല.
കൊണ്ടുവരാം, പ്രൊഫഷണല്‍ ടച്ച്
ഏത് രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും പ്രൊഫഷണലിസം ഉയരങ്ങളിലേക്കുള്ള വഴിയാണ്. ബിസിനസില്‍ പ്രൊഫഷണല്‍ ആകുമ്പോള്‍ വ്യക്തികളുടെ ഇംഗ്ലീഷ് 'ബിസിനസ് ഇംഗ്ലീഷ്' ആകണം. തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മികച്ചുനില്‍ക്കുന്നവര്‍ക്ക് അവരുടെ സ്ഥാപനത്തെ നിഷ്പ്രയാസമായി ഉയരത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ സാധിക്കും. ഒരു വ്യക്തി എന്ന നിലയില്‍ സംരംഭകര്‍ ബിസിനസ് ഇംഗ്ലീഷ് സ്വായത്തമാക്കുന്നതോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു കാര്യമുണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ഓരോ ജീവനക്കാരും ഇംഗ്ലീഷ് അനായാസം ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പാക്കല്‍. മിക്കപ്പോഴും ക്ലയിന്റുകളേയും ഉപഭോക്താക്കളേയുമെല്ലാം കൈകാര്യം ചെയ്യേണ്ടി വരുന്നത് ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ ആകാം. അവരില്‍ നിന്നും ഉണ്ടാകുന്ന ഫസ്റ്റ് ഇംപ്രഷന്‍ മികച്ചതാക്കാന്‍ ബിസിനസ് ഇംഗ്ലീഷ് ഉപകരിക്കും.
ബിസിനസ് ഇംഗ്ലീഷ് പഠിക്കാം : https://www.numberone.academy/