സെയില്‍സ് കൂട്ടാന്‍ ഒരു മികച്ച ഫോര്‍മുല!

വിദഗ്ധമായി സെയില്‍സ് നടത്തണമെങ്കില്‍ അതിനു തീര്‍ച്ചയായും പാലിക്കേണ്ട 8 വഴികള്‍ ഉണ്ട്, അറിയാം
സെയില്‍സ് കൂട്ടാന്‍ ഒരു മികച്ച ഫോര്‍മുല!
Published on

നമ്മുടെ ജീവിതത്തില്‍ ചെറുതോ വലുതോ ആയ എന്തുകാര്യം ചെയ്യണമെങ്കിലും അതിന്റേതായ ചില രീതികള്‍ പാലിക്കേണ്ടതുണ്ട്. ഒരു സാമ്പാറുണ്ടാക്കണമെങ്കില്‍ പോലും ഒരു പ്രത്യേക അനുപാതത്തില്‍ ഓരോ കാര്യവും ചേര്‍ത്താലേ അത് രുചിയും മണവും ഗുണവും ഒക്കെ തികഞ്ഞ സാമ്പാറാകൂ. എവിടെയെങ്കിലും ഒരിത്തിരി തെറ്റിപ്പോയാല്‍ അത് വേറെ ഏതോ ഒരു കറിയാകും. അപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതു നമുക്ക് കിട്ടുകയുമില്ല, ഫലം നിരാശയുമാകും.

സെയില്‍സും ഇതുപോലെ ചില നിര്‍ദിഷ്ട രീതികള്‍ പാലിച്ചു നടത്തേണ്ട ഒരു കലയാണ്. അതീവ ശ്രദ്ധയോടെ, ഓരോ കാര്യങ്ങളും അപഗ്രഥിച്ചു ചെയ്താല്‍ സെയില്‍സില്‍ വന്‍ ഉയര്‍ച്ചയുണ്ടാകും എന്നതില്‍ സംശയമില്ല. വിദഗ്ധമായി സെയില്‍സ് നടത്തണമെങ്കില്‍ അതിനു തീര്‍ച്ചയായും പാലിക്കേണ്ട 8 വഴികള്‍ ഉണ്ട്. ഒരു നല്ല സെയില്‍സ്മാന്‍ അറിഞ്ഞോ അറിയാതെയോ ഈ കാര്യങ്ങള്‍ തന്റെ തനതായ രീതിയില്‍ പിന്തുടരുന്നുണ്ടാവാം. എങ്കിലും എല്ലാവര്‍ക്കും വേണ്ടി ഇവയെ ഒന്ന് അടുത്ത് പരിചയപ്പെടാം.

പിന്‍പോയിന്റ് (PINPOINT )എന്ന സൂത്രവാക്യം

നമുക്ക് ഈ സെയില്‍സ് സൂത്രവാക്യത്തിനെ ചുരുക്കത്തില്‍ പിന്‍പോയിന്റ് (PINPOINT) എന്ന് പറയാം. എന്താണ് പിന്‍പോയിന്റ്? ഈ രീതി മനസ്സിലാക്കി ശ്രദ്ധയോടെ സമീപിച്ചാല്‍ സെയില്‍സ് പോലെ ഇത്രയും മനോഹരമായ ഒരു ജോലി വേറെയുണ്ടാവില്ല.

സെയില്‍സ് വിജയകരമാക്കാന്‍ ഉള്ള ഈ പ്രക്രിയയിലെ ആദ്യത്തെ അക്ഷരം P സൂചിപ്പിക്കുന്നത് Preparation അഥവാ ഒരുക്കത്തിനെയാണ്. ഏതുകാര്യം ചെയ്യുമ്പോഴും അതിനു ഒരു മുന്നൊരുക്കം അത്യാവശ്യമാണ്. മുന്‍കൂട്ടി ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ സെയില്‍സ് നന്നായി നടക്കാനുള്ള സാധ്യത കൂടുന്നു എന്നതാണ് സത്യം.

രണ്ടാമതായി, I എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് Introduction - ആമുഖം അല്ലെങ്കില്‍ പരിചയപ്പെടല്‍ ആണ്. നല്ലൊരു ആമുഖം കൊണ്ട് നമുക്ക് ഏറ്റവും നല്ല ഒരു അഭിപ്രായം കസ്റ്റമറില്‍ സൃഷ്ടിക്കാനാവും. അത് നന്നായി ചെയ്താല്‍ വിജയത്തിലേക്ക് ഉള്ള ദൂരം കുറഞ്ഞു വരും എന്നത് ഉറപ്പാണ്.

പിന്നീട് വരുന്നത് N, Need Analysis അല്ലെങ്കില്‍ കസ്റ്റമറിന്റെ ആവശ്യങ്ങളെ അപഗ്രഥിക്കലാണ്. കസ്റ്റമറിന് എന്താണ് വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ വേണ്ട രീതിയില്‍ അവരുടെ ആവശ്യത്തിനുതകുന്ന രീതിയിലുള്ള ഒരു പ്രൊഡക്ട് അല്ലെങ്കില്‍ സര്‍വീസ് നമുക്ക് വില്‍ക്കാന്‍ സാധിക്കുകയുള്ളു.

ആവശ്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അടുത്ത പടി കസ്റ്റമറിന്റെ താല്‍പ്പര്യത്തിന് അനുസരിച്ചു പ്രൊഡക്റ്റിന്റെ ഗുണവശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു അത് അവതരിപ്പിക്കുക എന്നതാണ്. അതാണ് രണ്ടാമത്തെ P, Presentation അല്ലെങ്കില്‍ അവതരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

നിങ്ങള്‍ പ്രൊഡക്ട് അവതരിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ വരുന്നത് കസ്റ്റമറിന്റെ ഭാഗത്തുനിന്നുള്ള സംശയങ്ങളും എതിര്‍പ്പുകളും ആണ്. ആ സംശയങ്ങളെ ദൂരീകരിച്ച് എതിര്‍പ്പുകളെ ഇല്ലാതാക്കുന്ന വഴിയാണ് അടുത്തത്. O എന്നത് കൊണ്ട് Objection handling അല്ലെങ്കില്‍ എതിര്‍പ്പുകളെ കൈകാര്യം ചെയ്യുക എന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.

ഇനി വരുന്നത് I, Identifying Buying Signals അഥവാ വാങ്ങാനുള്ള കസ്റ്റമറിന്റെ താല്‍പ്പര്യം മനസ്സിലാക്കിയെടുക്കുക എന്നതാണ്. വാക്കുകളിലൂടെയോ പെരുമാറ്റത്തിലൂടെയോ നിങ്ങളുടെ പ്രൊഡക്ട് അല്ലെങ്കില്‍ സേവനം വാങ്ങാന്‍ കസ്റ്റമറിനു താല്‍പ്പര്യം ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ പറ്റണം.

N, Need payoff or Closing അഥവാ ഒരു സെയില്‍സ് ക്ലോസ് ചെയ്യുക എന്നതാണ് സെയ്ല്‍സിന്റെ കാതലായ ഭാഗം! കസ്റ്റമറിന്റെ താല്‍പ്പര്യങ്ങള്‍ക്കു അനുസരിച്ചു പ്രൊഡക്റ്റിനെ അവതരിപ്പിച്ചു സെയില്‍സ് ക്ലോസ് ചെയ്യുമ്പോഴാണ് ഒരു സെയില്‍സ്മാന്‍ പൂര്‍ണമായും വിജയിക്കുന്നത്.

മേല്‍പറഞ്ഞ കടമ്പകള്‍ കടന്നു ഒരു ഡീല്‍ ക്ലോസ് ആയിക്കഴിഞ്ഞാല്‍ അവിടെ തീരുന്നില്ല ഒരു നല്ല സെയില്‍സ് പ്രക്രിയ. നീണ്ട കാലം കസ്റ്റമറിനോട് ഒരു നല്ല ബന്ധം സ്ഥാപിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. T, Touch again or After Sales അഥവാ വില്‍പ്പന കഴിഞ്ഞിട്ടുള്ള ആശയവിനിമയത്തിന്റെയും ഊഷ്മളമായ ഒരു ബന്ധം നിലനിര്‍ത്തുന്നതിന്റെയും പ്രസക്തി ഇവിടെയാണ്.

അതാണ് ഒരു മികച്ച സെയില്‍സ് പ്രക്രിയയുടെ എട്ടാമത്തെയും അവസാനത്തെയും പടി. ജീവിതത്തില്‍ ആയാലും സെയില്‍സില്‍ ആയാലും വിജയം അനിവാര്യമാണ്, കാരണം അതിലൂടെ കിട്ടുന്ന സന്തോഷമാണ് ജീവിതത്തിന്റെ തന്നെ അടിസ്ഥാനം.

സെയ്ല്‍സ് പ്രോസസിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂwww.numberone.academy

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com