ഫോര്‍ട്ട് ഹെര്‍ബല്‍ ഡ്രഗ്സ്, ആയുര്‍വേദത്തിന്റെ കരുത്തില്‍ മൂന്ന് വനിതകള്‍ ചേര്‍ന്നൊരുക്കിയ ആരോഗ്യത്തിന്റെ 'കാവല്‍ കോട്ട'

ആയുര്‍വേദത്തിന്റെ ഫലസിദ്ധി ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ വിധത്തില്‍ അവതരിപ്പിക്കുന്നു, മൂന്ന് വനിതകള്‍ നയിക്കുന്ന ആയുര്‍വേദ ഔഷധ ബ്രാന്‍ഡ്
ഫോര്‍ട്ട് ഹെര്‍ബല്‍ ഡ്രഗ്സ്, ആയുര്‍വേദത്തിന്റെ കരുത്തില്‍ മൂന്ന് വനിതകള്‍ ചേര്‍ന്നൊരുക്കിയ ആരോഗ്യത്തിന്റെ 'കാവല്‍ കോട്ട'
Published on

പാരമ്പര്യ വിധി പ്രകാരമുള്ള ആയുര്‍വേദ ഔഷധങ്ങള്‍, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ വിധത്തിലുള്ള അവതരണം- ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് ഫോര്‍ട്ട് ഹെര്‍ബല്‍ ഡ്രഗ്‌സ്. പാലക്കാട് ആസ്ഥാനമായി കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ആയുര്‍വേദ ഔഷധ നിര്‍മാണ രംഗത്തുള്ള ഫോര്‍ട്ട് ഹെര്‍ബല്‍ ഡ്രഗ്‌സ് പ്രമേഹം മുതല്‍ ചര്‍മരോഗങ്ങള്‍, സൈനസൈറ്റിസ് തുടങ്ങി ക്ഷീണം, തളര്‍ച്ച എന്നിവയ്‌ക്കെല്ലാം പരിഹാരമേകുന്ന ഫലസിദ്ധിയുള്ള ആയുര്‍വേദ ഔഷധങ്ങളാണ് വിപണിയിലെത്തിക്കുന്നത്. വനിതകള്‍ നയിക്കുന്ന, ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും വനിതകളുള്ള ഫോര്‍ട്ട് ഹെര്‍ബല്‍സ് കോട്ടകെട്ടി കാവല്‍ നില്‍ക്കുന്നു, ആരോഗ്യത്തിനും സൗഖ്യത്തിനും

വമ്പന്മാര്‍ ഏറെയുണ്ട് ആയുര്‍വേദ ഔഷധ രംഗത്ത്. ഇതിനിടയിലും ഫോര്‍ട്ട് ഹെര്‍ബല്‍സ്് കരുത്തോടെ മുന്നോട്ട് പോകുന്നതിന്റെ പിന്നിലുമുണ്ട് അപൂര്‍വ ചേരുവ! സാഹോദര്യത്തിന്റെ കെട്ടുറപ്പാണ് ഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ അടിത്തറ. ഫലസിദ്ധി ഉറപ്പാക്കാന്‍ വേണ്ടി വിട്ടുവീഴ്ചയില്ലാതെ നടത്തുന്ന ഗവേഷണമാണ് വിജയരഹസ്യം.

മുന്നില്‍ നിന്ന് മൂവര്‍ സംഘം

മാലതി, ശാന്തകുമാരി, സുധ. ഈ മൂവര്‍ സംഘമാണ് ഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ സാരഥികള്‍.ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരായാണ് ഇവര്‍ സംരംഭ രംഗത്തേക്ക് ഒരുമിക്കുന്നത്. മോഹന്‍ദാസ്, രാജന്‍,മുരളീധരന്‍ എന്നീ മൂന്ന് സഹോദരന്മാരില്‍ രണ്ട്‌പേര്‍; രാജനും മുരളീധരനും ആയുര്‍വേദ ഔഷധ നിര്‍മാണ രംഗത്തായിരുന്നു. ഈ അനുഭവസമ്പത്തില്‍ നിന്നാണ് ഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ പിറവിയും. 1997ല്‍ പാലക്കാട്ട് വാടക കെട്ടിടത്തില്‍ വേദനകള്‍ക്ക് പുറമേ പുരട്ടുന്നതിനുള്ള ഫോര്‍ട്ട് റബ്ബ്, പ്രമേഹത്തിനുള്ള ക്യാപ്‌സൂള്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്ന ഉല്‍പ്പന്നങ്ങളുമായാണ് ഇവര്‍ ഔഷധ നിര്‍മാണത്തിലേക്ക് കടക്കുന്നത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആയുര്‍വേദ ഡോക്ടര്‍മാരെ നേരില്‍ക്കണ്ട് ഔഷധങ്ങള്‍ നല്‍കി, അവരുടെ കുറിപ്പടികള്‍ വഴി ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചു. പാരമ്പര്യ വിധി പ്രകാരമുള്ള ഔഷധങ്ങള്‍ പുതുമയേറിയ വിധത്തില്‍ അവതരിപ്പിക്കുന്നതിലായിരുന്നു മുരളീധരന്റെ കരുത്ത്. പുതിയ വിപണികളിലേക്ക് ഔഷധങ്ങളെത്തിക്കുന്നതിന് രാജനും മുന്നില്‍ നിന്നു. ഉല്‍പ്പാദന യൂണിറ്റിന് മാലതിയും ശാന്തകുമാരിയും സുധയും നേതൃത്വംനല്‍കി. കമ്പനിയുടെ നടത്തിപ്പില്‍ മോഹന്‍ദാസും സജീവമായി മുന്‍നിരയിലുï്. ഫാക്ടറി ജീവനക്കാരില്‍ 80 ശതമാനവും വനിതകളാണ്. തുടക്കം മുതല്‍ ഫോര്‍ട്ട് ഹെര്‍ബല്‍സിനോടൊപ്പം കൂടെനിന്ന് പ്രവര്‍ത്തിച്ച ജീവനക്കാരുടെ അര്‍പ്പണബോധവും, കൂട്ടായ പരിശ്രമവുമാണ് കമ്പനിയുടെ ഉയര്‍ച്ചയ്ക്ക് കാരണം.

''പരമ്പരാഗത വൈദ്യന്മാരുടെ ഔഷധ നിര്‍മാണ രീതി കൂടെനിന്ന് പഠിച്ചവരാണ് അച്ഛനും ചെറിയച്ഛനും. ഏറെ യാത്രകള്‍ ചെയ്തിട്ടുള്ള, ഒന്നിലധികം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന അച്ഛന്റെ മാര്‍ക്കറ്റിംഗ് വൈദഗ്ധ്യവും മനുഷ്യരെ ഇപ്പോള്‍ അലട്ടുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരമായി പരമ്പരാഗത ആയുര്‍വേദ ഔഷധ ചേരുവകളെ എങ്ങനെ കാലോചിതമായി അവതരിപ്പിക്കാമെന്നതില്‍ നിരന്തരം പഠനം നടത്തുന്ന ചെറിയച്ഛന്റെ (മുരളീധരന്‍) ഗവേഷണ വൈദഗ്ധ്യവും കൂടി ചേര്‍ന്നപ്പോള്‍ വനിതാ സംരംഭമായ ഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ ഉല്‍പ്പന്നശ്രേണി വിപുലമായി. വിപണി സാന്നിധ്യവും ശക്തമായി,'' ഫോര്‍ട്ട് ഹെര്‍ബല്‍സിലേക്ക് കടന്നെത്തിയിരിക്കുന്ന രണ്ടാം തലമുറയുടെ പ്രതിനിധി, രാജന്‍-ശാന്തകുമാരി ദമ്പതികളുടെ മകള്‍ വന്ദന രാജന്‍ പറയുന്നു.

അടി മുതല്‍ മുടി വരെ സംരക്ഷണം

തലമുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കേശസംരക്ഷണം ഉറപ്പാക്കുന്ന ഹെയ്ല്‍ ഓയ്ല്‍ മുതല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നതടക്കമുള്ള 80 ഓളംആയുര്‍വേദ ഔഷധങ്ങള്‍/കൂട്ടുകള്‍ ഫോര്‍ട്ട് ഹെര്‍ബല്‍സിനുണ്ട്. ഇതില്‍ 45 ഓളം ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ സജീവമായുള്ളത്. തൈലം, ക്യാപ്‌സൂള്‍, സിറപ്പ്, ക്രീമുകള്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ ഇവ ലഭ്യമാണ്. ''ഔഷധങ്ങള്‍ക്ക് പുറമേ വെല്‍നസിനുള്ള ഒട്ടേറെ ആയൂര്‍വേദ ചേരുവകള്‍ ഫോര്‍ട്ട് ഹെര്‍ബല്‍സ് വിപണിയിലെത്തിക്കുന്നുണ്ട്. കോവിഡാനന്തരം മനുഷ്യര്‍ ഒട്ടേറെ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അവയ്ക്ക് ആയുര്‍വേദത്തിലൂടെ പരിഹാരം കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പരസ്യങ്ങള്‍ വഴിയോ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ വഴിയോ ഫോര്‍ട്ട് ഹെര്‍ബല്‍സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂട്ടാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നിട്ടും ജനങ്ങള്‍ തേടിയെത്തുന്നുണ്ടെങ്കില്‍ അതാണ് ഞങ്ങളുടെ ഗുണമേന്മയ്ക്കും ഫലസിദ്ധിക്കുമുള്ള തെളിവ്,'' വന്ദന രാജന്‍ പറയുന്നു.

വിപണിയില്‍ തരംഗം സൃഷ്ടിച്ച് എളുപ്പത്തില്‍ ലാഭം നേടാന്‍ സാധിക്കുന്ന ഉല്‍പ്പന്നശ്രേണിക്ക് പുറകേ പോകാന്‍ ഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ യുവ സാരഥി നിര തയാറല്ല. വന്ദനയ്ക്കു പുറമേ രണ്ടാം തലമുറയില്‍ നിന്ന് ശ്രീനാഥ് മുരളിയും വൈശാഖ് മോഹനും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പുതിയ ഔഷധശ്രേണികള്‍ വികസിപ്പിക്കുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

രാജ്യമെമ്പാടും ഉല്‍പ്പന്നങ്ങളെത്തിക്കുക, വിദേശത്തേക്കുള്ള കയറ്റുമതി കൂട്ടുക ഇതൊക്കെയാണ് ഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ ഭാവി പദ്ധതികള്‍. കേരള സര്‍ക്കാരിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ് രണ്ട് തവണ ഫോര്‍ട്ട് ഹെര്‍ബല്‍സിനെ തേടിയെത്തിയിട്ടുണ്ട്. ജിഎംപി ഉള്‍പ്പെടെ സര്‍ട്ടിഫിക്കേഷനും ഗുണമേന്മാ മാനദണ്ഡങ്ങളും കമ്പനി ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

എനര്‍ജി ഡ്രിങ്ക്, കേശ സംരക്ഷണത്തിന് എണ്ണ; വിപുലം ഉല്‍പ്പന്ന ശ്രേണിഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ ഗവേഷണ വികസനത്തിന്റെ കരുത്ത് ഉല്‍പ്പന്ന ശ്രേണിയില്‍ നിന്നറിയാം. ''1997 മുതല്‍ ഈ രംഗത്തുള്ളവരാണല്ലോ ഞങ്ങള്‍. ഡോക്ടര്‍മാര്‍ തന്നെയാണ് ഔഷധങ്ങളുടെ ഫലസിദ്ധി ഉറപ്പാക്കുന്നത്. ഗവേഷണ പരീക്ഷണ വിഭാഗവുമുണ്ട്,'' ശ്രീനാഥ് മുരളി പറയുന്നു. സോറിയാസിസ് പോലുള്ള രോഗാവസ്ഥകളെ പരിഹരിക്കുന്ന ഡെര്‍മാ ഗ്ലോ ഫോര്‍ട്ട് ഹെര്‍ബല്‍സിന്റെ ജനപ്രീതി നേടിയ ഒരു ഉല്‍പ്പന്നമാണ്. കാലങ്ങളായുള്ള സൈനസൈറ്റിസ് പ്രശ്‌നങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന സൈനോഫോര്‍ട്ടാണ് മറ്റൊരു ഉല്‍പ്പന്നം. അസിഡിറ്റിക്ക് പരിഹാരമേകുന്ന ഫോര്‍ട്ട് ആസിഡ് സിറപ്പ് മറ്റൊന്നാണ്.

''നാല്‍പ്പത് വയസ് കഴിഞ്ഞ ആര്‍ക്കും കുടിക്കാവുന്ന ക്ഷീണം, തളര്‍ച്ച എന്നിവയ്ക്ക് പരിഹാരമേകുന്ന ഫോര്‍ട്ടി ആക്ട് ഞങ്ങളുടെ ഇന്നൊവേറ്റീവ് ഉല്‍പ്പന്നമാണ്. കോഫീ ഫ്‌ളേവറിലുള്ള ഈ പൗഡര്‍ വെള്ളത്തിലോ പാലിലോ കലക്കി കുടിക്കാം. അശ്വഗന്ധ പോലുള്ള ആയുര്‍വേദ ഔഷധങ്ങളാണ് ഇതിന്റെ ചേരുവ,'' വൈശാഖ് മോഹന്‍ പറയുന്നു.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com