ടൈം മാനേജ്‌മെന്റിന് നാല് പ്രായോഗിക നിര്‍ദേശങ്ങള്‍

നമ്മുടെ ജീവിതത്തിലെ എല്ലാ നല്ല മുഹൂര്‍ത്തങ്ങളും, എല്ലാ ഓര്‍മകളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമയവുമായി അഭേദ്യമായ ബന്ധം സൂക്ഷിക്കുന്നവയാണ്. ഇത്രയും പ്രാധാന്യമുള്ള സമയത്തെ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് അറിയണ്ടേ? Time Management എങ്ങനെ കൃത്യതയോടെ ചെയ്യാമെന്നും അതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ എങ്ങനെ വിജയം ഉറപ്പാക്കാമെന്നും നമുക്ക് നോക്കാം!

നമ്മള്‍ സമയം വിനിയോഗിക്കുന്നത് രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ആദ്യത്തേതാണ് പ്രധാനപ്പെട്ടതായ (Important) കാര്യങ്ങള്‍. പ്രധാനപ്പെട്ടവ എന്ന് പറയുമ്പോള്‍ അത് നമ്മുടെ ലക്ഷ്യത്തിന് ഗുണകരമായതാവണം. നിശ്ചിതമായ ഒരു ലക്ഷ്യം ഉണ്ടെങ്കിലേ സമയം അര്‍ത്ഥപൂര്‍ണമായി വിനിയോഗിക്കാന്‍ പറ്റുകയുള്ളു. ചുരുക്കി പറഞ്ഞാല്‍ സമയം നന്നായി വിനിയോഗിക്കണമെങ്കില്‍ വിനിയോഗിക്കണമെങ്കില്‍ ആദ്യം ഉണ്ടാകേണ്ടത് ഒരു വ്യക്തമായ ലക്ഷ്യം തന്നെയാണ്. രണ്ടാമത് വരുന്നത് സമയപരിമിതി കൊണ്ട് അടിയന്തരമായ (Urgent)

കാര്യങ്ങളാണ്. നേരത്തെ പറഞ്ഞ രണ്ട് ഘടകങ്ങളെ ആസ്പദമാക്കി നമ്മള്‍ നാല് തരത്തിലുള്ള ജോലികള്‍ ചെയ്യാനാണ് സമയം കൂടുതലും ഉപയോഗിക്കുന്നത്. നിങ്ങൾ ഇതില്‍ ഏതുതരം കാര്യങ്ങള്‍ക്കുവേണ്ടിയാണ് നിങ്ങളുടെ സമയം വിനിയോഗിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും നിങ്ങളുടെ ജീവിതത്തിന്റെ ഗതിയും വിജയവും. ജോലികളെ എങ്ങനെ നാലായി തരംതിരിക്കാം എന്ന് നമുക്ക് നോക്കാം.

Important & Urgent

(പ്രധാനപ്പെട്ടതും അടിയന്തരമായതും)

ഇവിടെ ഒരു ബിസിനസ് ചെയ്യുന്ന വ്യക്തിയുടെ ഉദാഹരണം പറഞ്ഞാല്‍ ഒരു പ്രോഡക്റ്റ് കസ്റ്റമറിന് പറഞ്ഞ സമയത്തു കൊടുക്കുക എന്നത് പ്രധാനപ്പെട്ടതും അടിയന്തിരമായതും ആണ്. ആ ബിസിനസിന്റെ ലക്ഷ്യം തന്നെ കസ്റ്റമറിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് സമയത്തുതന്നെ ഏറ്റവും നന്നായി സേവനം ചെയ്യുക എന്നതാണ്. അവിടെയാണ് ആ ബിസിനസ് വിജയിക്കുന്നത്. പ്രധാനപ്പെട്ടതും, എന്നാല്‍ ചെയ്തു തീര്‍ക്കാന്‍ സമയപരിമിതി ഉള്ളതുകൊണ്ട് അടിയന്തരമായതും ആയ കാര്യങ്ങളാണ് ഈ ആദ്യ കോളത്തില്‍ നമുക്ക് കിട്ടുന്നത്. പക്ഷെ സമയപരിമിതി ഉള്ളതുകൊണ്ട് ഇത്തരം ജോലികള്‍ തീര്‍ച്ചയായും ടെന്‍ഷന്‍ ഉണ്ടാക്കുന്നവയാണ്.

Important & Not Urgent

(പ്രധാനപ്പെട്ടത് പക്ഷെ അടിയന്തരമല്ലാത്തത്)

കസ്റ്റമേഴ്സുമായി ഒരു നല്ലബന്ധം ഉണ്ടാക്കിയെടുക്കുന്നത് എല്ലാ ബിസിനസിനും പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് സമയപരിമിതിയുള്ള, അടിയന്തരമായ കാര്യമല്ല. അത്യാവശ്യം അല്ലാത്തത് കൊണ്ടുതന്നെ പിന്നീടൊരു സമയത്തേക്ക് ഇങ്ങനെയുള്ള ജോലികള്‍ നമ്മള്‍ മാറ്റിവെയ്ക്കുന്നു. ഇത് പിന്നെ സമയപരിമിതി കൊണ്ട് ആദ്യത്തെ കോളത്തിലേക്കു മാറ്റേണ്ടി വരും. അപ്പോള്‍ അത് Crisis ഉണ്ടാക്കിയേക്കാവുന്ന, ടെന്‍ഷന്‍ പ്രദാനം ചെയ്യുന്ന ഒരു ജോലിയായി മാറും.

Not Important & Urgent

(പ്രധാനപ്പെട്ടതല്ല എന്നാല്‍ അടിയന്തരമായത്)

നിങ്ങള്‍ക്ക് ഒരു കല്ല്യാണത്തിന് പോകണം എന്നിരിക്കട്ടെ- അത് നിങ്ങളുടെ ജീവിതലക്ഷ്യത്തിനു പ്രധാനപ്പെട്ടതല്ല എന്നാലും കൃത്യ സമയത്തു തന്നെ പങ്കെടുക്കണം എന്നുള്ളത് കൊണ്ട് അടിയന്തരമായതുമാണ്. അത് നേരത്തെ പ്ലാന്‍ ചെയ്ത് സമയം മാറ്റിവെയ്ക്കേണ്ട ഒരു കാര്യമാണ്.

Not Important & Not Urgent

(അപ്രധാനവും അടിയന്തരമല്ലാത്തതും)

രസകരമായ ഒരു ഉദാഹരണം പറഞ്ഞാല്‍, സമയം കളയാന്‍ പലരും ചെയ്യുന്ന ഒരു പ്രവൃത്തി ആണ് പരദൂഷണം പറയുക എന്നത്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യത്തിന് ഒട്ടും പ്രധാനവുമല്ല, അടിയന്തരവുമല്ല. ഇവിടെ വിനിയോഗിക്കുന്ന സമയം നിങ്ങളുടെ ജീവിത വിജയത്തിന് ഉതകുന്ന കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതാണ് എപ്പോഴും ഗുണകരം ആകുന്നത്.

നാലുതരം ജോലികളില്‍, പ്രധാനപ്പെട്ടതും എന്നാല്‍ അടിയന്തരമല്ലാത്തതും ആയ ജോലികള്‍ നന്നായി പ്ലാന്‍ ചെയ്തു തീര്‍ത്താല്‍, അവ ആദ്യത്തെ തരം ജോലികളില്‍ വന്നുചേരില്ല. അപ്പോള്‍ മാത്രമേ ടെന്‍ഷന്‍ ഇല്ലാതെ, സമയത്തു തന്നെ ജോലികള്‍ കൃത്യമായി തീര്‍ത്തു ജീവിതത്തില്‍ വിജയി ആകാന്‍ സാധിക്കുകയുള്ളൂ. സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല എന്നാണ് പഴമൊഴിയില്‍ പറയുന്നത്. ജീവിതത്തിന് അഭിവൃദ്ധി ഉണ്ടാകുന്ന രീതിയില്‍ സമയത്തെ വിനിയോഗിക്കുക-കാരണം ജീവിതവും സമയവും ഒരുപോലെ അമൂല്യമാണ്!


ടൈം മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക : www.numberone.academy

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it