

വിജയത്തിന് വലിയ ബിരുദങ്ങളേക്കാള്‍ ആവശ്യം തിരിച്ചറിവുകളും കഠിനാധ്വാനവുമാണെന്ന് തെളിയിക്കുകയാണ് പ്രിംസണ്‍ ഡയസ്. ഒരു മരപ്പണിക്കാരന്റെ മകനായി ജനനം. പഠനകാലത്ത് ഏഴാം ക്ലാസില്‍ തോല്‍വി. പത്താം ക്ലാസിലാണ് ഇംഗ്ലീഷിന് ആദ്യമായി ജയിക്കുന്നത്. ആ പഴയ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ന് അദ്ദേഹം എത്തിനില്‍ക്കുന്നത് 500 കോടിയിലധികം രൂപയുടെ നിക്ഷേപ ആസ്തി കൈകാര്യം ചെയ്യുന്ന 'ഡയസ് ഇന്‍വെസ്റ്റ്' (Diaz Invest) എന്ന സാമ്രാജ്യത്തിന്റെ നെറുകയിലാണ്.
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗിലൂടെ ലഭിച്ച 'പ്രായോഗിക എംബിഎ'യും 'തൊമ്മിച്ചന്‍ ടിപ്സ്' (Thommichan Tips) എന്ന യൂട്യൂബ് ചാനലിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ ലളിതമായ സാമ്പത്തിക പാഠങ്ങളുമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.
2007ല്‍ ഇന്‍ഷുറന്‍സ് ഏജന്റായി സാമ്പത്തിക സേവന രംഗത്തേക്ക് കടന്നുവരുമ്പോള്‍ പ്രിംസണ്‍ ഡയസിന് മുന്നില്‍ വലിയൊരു പ്രലോഭനമുണ്ടായിരുന്നു. പരമ്പരാഗത ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റാല്‍ 35 ശതമാനം വരെ കമ്മീഷന്‍ ലഭിക്കും. മറിച്ച്, മ്യൂച്വല്‍ ഫണ്ടുകള്‍ നിര്‍ദേശിച്ചാല്‍ ലഭിക്കുന്നത് ഒരു ശതമാനത്തില്‍ താഴെ മാത്രം.
എന്നാല്‍, പരമ്പരാഗത പോളിസികള്‍ക്ക് പണപ്പെരുപ്പത്തെ മറികടക്കാനുള്ള ശേഷിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഉയര്‍ന്ന കമ്മീഷന്‍ വേണ്ടെന്നുവെച്ച്, നിക്ഷേപകര്‍ക്ക് ഗുണകരമാകുന്ന മ്യൂച്വല്‍ ഫണ്ട് വിതരണ രംഗത്തേക്ക് അദ്ദേഹം തിരിഞ്ഞു. ഇതിന് പിന്നില്‍ ഒരൊറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ: ''സ്വന്തം പണം നിക്ഷേപിക്കാന്‍ സാധിക്കാത്ത ഒരു നിക്ഷേപ പദ്ധതിയും മറ്റാര്‍ക്കും നല്‍കില്ല''
ആ തീരുമാനം എളുപ്പമായിരുന്നില്ല. കഠിനാധ്വാനം ചെയ്തിട്ടും ആദ്യവര്‍ഷം അദ്ദേഹത്തിന് ലഭിച്ച വരുമാനം വെറും 22,000 രൂപയായിരുന്നു. വരാപ്പുഴയിലെ ചെറിയ ഓഫീസ് നടത്തിക്കൊണ്ടുപോകാനുള്ള പണം കണ്ടെത്താന്‍പോലും ഏഴ് വര്‍ഷത്തോളം അദ്ദേഹം ബുദ്ധിമുട്ടി. എന്നിരുന്നാലും, തന്റെ മൂല്യങ്ങളില്‍ (Core Values) വിട്ടുവീഴ്ചചെയ്യാന്‍ അദ്ദേഹം തയാറായില്ല.
2017ല്‍ ആരംഭിച്ച 'തൊമ്മിച്ചന്‍ ടിപ്സ്' (Thommichan Tips) എന്ന യൂട്യൂബ് ചാനല്‍ നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുന്നതില്‍ വലിയൊരു വഴിത്തിരിവായി. 2019ല്‍ കേരളത്തില്‍ ആദ്യമായി ഒരുകോടി രൂപയുടെ എസ്‌ഐപി ബുക്ക് നേടിയ റീറ്റെയ്ല്‍ വിതരണക്കാരനായി ഡയസ് ഇന്‍വെസ്റ്റ് മാറി. 2021ല്‍ 100 കോടി രൂപയുടെ ആസ്തി എന്ന നാഴികക്കല്ലും പിന്നിട്ടു.
18 വര്‍ഷത്തോളമായി വിട്ടുവീഴ്ച ചെയ്യാത്ത മൂല്യങ്ങളുടെ ഫലമാണ് ഡയസ് ഇന്‍വെസ്റ്റ് ഇന്ന് കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍:
കേരളത്തില്‍ ഏറ്റവും കൂടുതല്‍ എസ്‌ഐപി ബുക്കുള്ള (SIP Book) റീറ്റെയ്ല്‍ മ്യൂച്വല്‍ ഫണ്ട് വിതരണക്കാരില്‍ ഒരാളാണ് ഡയസ് ഇന്‍വെസ്റ്റ്.
60ലധികം രാജ്യങ്ങളില്‍ നിന്നുള്ള 3500ലധികം നിക്ഷേപകര്‍ ഡയസ് ഇന്‍വെസ്റ്റില്‍ വിശ്വസിക്കുന്നു.
നെടുമ്പാശ്ശേരി അത്താണിയിലെ 20 അംഗ പ്രഫഷണല്‍ ടീമിനൊപ്പം 500 കോടിയിലധികം രൂപയുടെ നിക്ഷേപ ആസ്തിയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
''പ്രതിസന്ധികള്‍ പലതും വരും. പക്ഷെ മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമാണ്,'' പ്രിംസണ്‍ ഡയസ് പറയുന്നു.
കേവലം നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ഒരു സാമ്പത്തിക വിപ്ലവം സൃഷ്ടിക്കുകയാണ് ഡയസ് ഇന്‍വെസ്റ്റ്. വ്യക്തമായ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ചിരിക്കുന്ന 'മിഷന്‍ 2035' പദ്ധതിയിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് 10,000 കോടിപതി നിക്ഷേപകരെ സൃഷ്ടിക്കുക എന്നതാണ്.
100 കോടിയിലധികം നിക്ഷേപമുള്ള 100 പേര്‍. 10 കോടിയിലധികം നിക്ഷേപമുള്ള 1,000 പേര്‍. ഒരു കോടിയിലധികം നിക്ഷേപമുള്ള 10,000 പേര്‍. ഇതിനൊപ്പം, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കേരളത്തിലെ ഒരു പഞ്ചായത്ത് ദത്തെടുത്ത് നിര്‍ധനരായവരെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന വലിയ സ്വപ്‌നവും 'മിഷന്‍ 2035'-ന്റെ ഭാഗമാണ്.
ധനം മാഗസീന്‍ 2026 ജനുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
A carpenter’s son who couldn’t pass English in school is now the trusted financial voice for investors across 60 countries.
Read DhanamOnline in English
Subscribe to Dhanam Magazine