സ്ക്രാപ്പ് മെറ്റൽ വ്യാപാരത്തിലൂടെ ലോകോത്തര ഫൗണ്ടറി കെട്ടിപ്പടുത്തതെങ്ങനെ? ഫൈസല്‍ കൊട്ടിക്കോളന്റെ ജൈത്രയാത്ര

1995ല്‍ യുഎഇയില്‍ സ്‌ക്രാപ്പ് മെറ്റല്‍ ബിസിനസ് ആരംഭിച്ച ഒരു മലയാളി. ഇന്ന് കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത് അതുല്യമായ ചില മാതൃകകള്‍. സാഹസികനായ സംരംഭകന്‍ ഫൈസല്‍ കൊട്ടിക്കോളന്റെ അസാധാരണമായ സംരംഭക യാത്ര
Faizal Kottikkolan, Meithra Hopital
Published on

ഒരു വേദാന്തിയുടെ നിസംഗതയുണ്ട് ഫൈസല്‍ കൊട്ടിക്കോളന്റെ വാക്കുകളില്‍. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് ചേല്രമ്പയില്‍ 30 ഏക്കറിന്റെ വിശാലതയില്‍ 1,000 കോടി നിക്ഷേപത്തില്‍ ഫൈസല്‍ കൊട്ടിക്കോളന്‍ സൃഷ്ടിച്ചിരിക്കുന്ന വിസ്മയ ലോകമായ തുലായുടെ ലോബിയിലിരുന്ന് അദ്ദേഹം വിവരിച്ച സംരംഭക യാത്ര പക്ഷേ ആവേശ്വോജ്വലമായിരുന്നു. സാഹസികനായ, സാധാരണ കാര്യങ്ങളില്‍ തൃപ്തിവരാത്ത ഫൈസല്‍ കൊട്ടിക്കോളന് വിശേഷണങ്ങള്‍ പലതുണ്ട്. കെഫ് (KEF)ഹോള്‍ഡിംഗ്‌സ്, ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപകനും ചെയര്‍മാനും. തുലാ ക്ലിനിക്കല്‍ വെൽനെസ് സ്ഥാപകന്‍, മെയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍. കൂടാതെ മലയാളികള്‍ക്ക് ഏറെ പരിചിതമായ മെറ്റാരു വിലാസവുമുണ്ട്-കേരളത്തിലെ ക്രാന്തദര്‍ശിയായ സംരംഭകരില്‍ ഒരാളായ പികെ സ്റ്റീല്‍സ് സ്ഥാപകന്‍ പി.കെ അഹമ്മദിന്റെ മകന്‍. 18 വയസ് വരെ കേരളത്തില്‍ പഠിച്ചുവളര്‍ന്ന ഫൈസല്‍ കൊട്ടിക്കോളന്‍ പഠനത്തിനായി പിന്നീട് മണിപ്പാലിലേക്കും അവിടെ നിന്ന് യുഎസിലേക്കും പറന്നു.

ബ്രാഡ്ലി യൂണിവേഴ്സിറ്റിയില്‍ നിന്ന് രണ്ടാമത്തെ മാസ്റ്റേഴ്സ് ബിരുദത്തിനൊപ്പം വലുതായി ചിന്തിക്കാനുള്ള ധൈര്യം കൂടിയാണ് ഫൈസല്‍ കൊട്ടിക്കോളന് ലഭിച്ചത്. പഠനശേഷം യുഎസിലെ ഫൗണ്ടറിയില്‍ ജോലിചെയ്ത അനുഭവസമ്പത്തുമായി കോഴിക്കോട് തിരിച്ചെത്തി, കുടുംബ ബിസിനസിനൊപ്പം കുറച്ചുകാലം പ്രവര്‍ത്തിച്ച് പിന്നീട് സ്വന്തം പാതവെട്ടി അദ്ദേഹം സഞ്ചരിക്കുകയായിരുന്നു.

സാധ്യതകള്‍ തുറന്നിട്ട മണലാരണ്യം!

യുഎഇയിലേക്ക് 1995ല്‍ നടത്തിയ ഒരു ഹ്രസ്വ സന്ദര്‍ശനമാണ് തന്റെ സംരംഭക ജീവിതത്തില്‍ വഴിത്തിരിവായതെന്ന് പറയും ഫൈസല്‍ കൊട്ടിക്കോളന്‍. ''പ്രകൃതി മലിനീകരണം സൃഷ്ടിക്കാത്ത ഫൗണ്ടറി സ്ഥാപിക്കുകയെന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. യുഎഇയില്‍ എത്തിയപ്പോള്‍ അവിടെ അത് സാധ്യമാക്കാമെന്ന് തോന്നി. ആ സ്വപ്നം സാക്ഷാത്ക്കരിക്കാനായാണ് സ്‌ക്രാപ്പ് മെറ്റല്‍ ട്രേഡിംഗ് മേഖലയിലൂടെ സംരംഭക യാത്ര തുടങ്ങിയത്.'' 1997ല്‍ എമിറേറ്റ്സ് ടെക്നോ കാസ്റ്റിംഗ് എല്‍എല്‍സി എന്ന കമ്പനിക്ക് ഫൈസല്‍ കൊട്ടിക്കോളന്‍ യുഎഇയില്‍ തുടക്കമിട്ടു. അന്ന് ലോകത്ത് ലഭ്യമായ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യ തന്നെയാണ് ഇടിസിയിലുണ്ടായത്. പക്ഷേ ആ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യമുള്ള ടീം കൂടെയുണ്ടായില്ല. ഇത് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചു.

''അക്കാലത്ത് എന്റെ സ്‌ക്രാപ്പ് മെറ്റല്‍ ട്രേഡിംഗാണ് ഇടിസിയെ താങ്ങിനിര്‍ത്തിയത്. പിന്നീട് സാങ്കേതിക വൈദഗ്ധ്യമുള്ള ടീമിനെ കെട്ടിപ്പടുത്ത് ഇടിസിയെ ലാഭപാതയിലെത്തിക്കുകയായിരുന്നു,'' ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു.

പ്രവര്‍ത്തനം തുടങ്ങി പത്താം വര്‍ഷത്തില്‍ ഫൈസല്‍ കൊട്ടിക്കോളന്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു; ലോകത്തിലെ ഏറ്റവും പ്രമുഖ മൂന്ന് ഫൗണ്ടറികളുടെ പട്ടികയില്‍ 2007ല്‍ ഇടിസി ഇടം നേടി. 2008ല്‍ ദുബായ് ഇന്റര്‍നാഷണല്‍ ക്യാപ്പിറ്റല്‍ ഇടിസിയുടെ 45 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 2012ല്‍ 100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി ഇടിസി മാറി. അതേവര്‍ഷം തന്നെ യുഎസ് കമ്പനിയായ ടൈകോയ്ക്ക് ഇടിസി കൈമാറുകയും ചെയ്തു. ''ആ വില്‍പ്പനയിലൂടെ ഏകദേശം 4,000 കോടി രൂപയാണ് എനിക്ക് ലഭിച്ചത്. മറ്റ് മേഖലകളിലേക്ക് കടക്കാനുള്ള മൂലധനവും പ്രചോദനവും ലഭിച്ചത് ഈ ഘട്ടത്തിലാണ്,'' അദ്ദേഹം പറയുന്നു.

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ കെഫ് ഹോള്‍ഡിംഗ് എന്ന ഫാമിലി ബിസിനസ് ഓഫീസ് തുറന്ന് സംരംഭക ലോകം കൂടുതല്‍ വിശാലമാക്കുകയാണ് പിന്നീട് ഫൈസല്‍ ചെയ്തത്.

Faisal kottikolan

ബിസിനസിന് വേറിട്ടൊരു നിര്‍വചനം

Be Different To Make A Difference! വിവിധ ഭൂഖണ്ഡങ്ങളില്‍, വിഭിന്ന മേഖലകളില്‍ നിക്ഷേപം നടത്തി വേറിട്ട ഇടപെടലുകള്‍ നടത്തുന്ന ഫൈസല്‍ കൊട്ടിക്കോളന്റെ സാരഥ്യത്തിലുള്ള ഹോള്‍ഡിംഗ് കമ്പനി കെഫ് ഹോള്‍ഡിംഗ്സിന്റെ ആപ്തവാക്യം ഇതാണ്. വ്യത്യസ്തത സൃഷ്ടിക്കാന്‍ വ്യത്യസ്തമായിരിക്കുക. ഫൈസല്‍ കൊട്ടിക്കോളന്റെ സംരംഭക യാത്രയിലുടനീളമുണ്ട് വ്യത്യസ്തതയുടെ കയ്യൊപ്പ്. ഫൗണ്ടറി മേഖലയിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാനായി തുനിഞ്ഞിറങ്ങിയ ഫൈസല്‍ കൊട്ടിക്കോളന്‍ അത് മാത്രമല്ല പരിഹരിച്ചത്. വേറിട്ട മൂല്യം നല്‍കിയത് ആ രംഗത്ത് മാത്രമല്ല.

$ സ്‌ക്രാപ്പ് മെറ്റല്‍ വേര്‍തിരിച്ചും വില്‍ക്കാം: 1995ല്‍ അജ്മാനില്‍ അല്‍ അഹമ്മദി ജനറല്‍ ട്രേഡിംഗ് എന്ന സ്‌ക്രാപ്പ് മെറ്റല്‍ ബിസിനസ് സ്ഥാപനം തുടങ്ങിയപ്പോള്‍ യുഎഇയിലെ സ്‌ക്രാപ്പ് മെറ്റല്‍ വില്‍പ്പനക്കാര്‍ക്ക് അവര്‍ വില്‍ക്കുന്ന ലോഹഭാഗങ്ങള്‍ വേര്‍തിരിച്ച് നല്‍കാനുള്ള സാങ്കേതിക അറിവ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍ കൂടിയായ ഫൈസല്‍ കൊട്ടിക്കോളന്‍ പകര്‍ന്നുകൊടുത്തു. ''എനിക്ക് നിങ്ങള്‍ സ്റ്റീല്‍ മാത്രം നല്‍കുക. നിങ്ങളുടെ സ്‌ക്രാപ്പ് മെറ്റല്‍ ശേഖരത്തിലെ കോപ്പര്‍, ലെഡ്, അലൂമിനിയം എന്നിവയെല്ലാം വേര്‍തിരിച്ച് അതിന്റെ വിലയ്ക്ക് വില്‍ക്കുക,'' ഫൈസല്‍ കൊട്ടിക്കോളന്‍ ഇതാണ് വില്‍പ്പനക്കാരോട് പറഞ്ഞത്. അതിനുള്ള സാങ്കേതിക സംവിധാനവും അവരെ പരിചയപ്പെടുത്തി. തങ്ങളുടെ ബിസിനസില്‍ മൂല്യവര്‍ധന കൊണ്ടുവന്ന ബിസിനസുകാരനെ വില്‍പ്പനക്കാരും ദൈവത്തെ പോലെ കണ്ടു. ഫൈസല്‍ കൊട്ടിക്കോളന് യഥേഷ്ടം സ്‌ക്രാപ്പ് സ്റ്റീല്‍ യുഎഇയില്‍ നിന്ന് സംഭരിക്കാനായി. ഇന്ത്യയിലെമ്പാടും ബിസിനസ് വ്യാപിപ്പിക്കാന്‍ അല്‍ അഹമ്മദി ജനറല്‍ ട്രേഡിംഗിന് സാധിച്ചതിന്റെ പിന്നിലെ ഒരു കാരണവും ഇതുതന്നെ.

''എന്നെ സംബന്ധിച്ചിടത്തോളം സ്‌ക്രാപ്പ് എന്നാല്‍ സ്വര്‍ണമാണ്.'' ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു.

  • ലോകത്തിലെ ആദ്യത്തെ 'ഗ്രീന്‍ ഫൗണ്ടറി': 1990കളില്‍ പരിസ്ഥിതി മലിനീകരണം ഏറെ സൃഷ്ടിക്കുന്ന മേഖലയാണ് ഫൗണ്ടറി രംഗം. മലിനീകരണം കുറയ്ക്കാനുള്ള സാങ്കേതിക മികവ് ആര്‍ജിക്കുന്നതിന് പകരം ഫാക്ടറികള്‍ യുഎസില്‍ നിന്ന് ചൈനയിലേക്കും ലോകത്തെ മറ്റിടങ്ങളിലേക്കും മാറ്റിസ്ഥാപിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന പ്രവണതയും. ''റെഡ് കാറ്റഗറി (പരിസ്ഥിതി മലിനീകരണം ഏറെയുള്ള വിഭാഗം) യിലുള്ള ഒരു വ്യവസായ മേഖലയെ ഗ്രീന്‍ കാറ്റഗറി (പരിസ്ഥിതി മലിനീകരണം കുറവുള്ള വിഭാഗം) വ്യവസായമാക്കാനാണ് ഞാന്‍ ശ്രമിച്ചത്. അങ്ങനെയാണ് എമിറേറ്റ്സ് ടെക്നോകാസ്റ്റിംഗിലൂടെ വാക്വം ഫര്‍ണസ് യുഎഇയില്‍ സ്ഥാപിച്ചത്,'' സംരംഭക വഴികള്‍ അദ്ദേഹം വിവരിക്കുന്നു.

  • എല്ലാവരും ഒന്നായി മാറുന്ന കമ്യൂണിറ്റി സെന്റര്‍: യുഎഇയില്‍ തൊഴില്‍ തേടിയെത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്ര തൊഴിലാളികളുടെ കഷ്ടജീവിതങ്ങള്‍ മാത്രം പുറംലോകം അറിയുന്ന കാലം. ഫൈസല്‍ കൊട്ടിക്കോളന്റെ ഇടിസി 2006ല്‍ അഞ്ച് മില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കി. ''ഇടിസി ആദ്യമായാണ് അത്രയേറെ ലാഭമുണ്ടാക്കുന്നത്. ആ തുക മുഴുവന്‍ ചെലവിട്ട് ഞങ്ങള്‍ ഇടിസി കമ്യുണിറ്റി സെന്റര്‍ ഉണ്ടാക്കി. വീടും നാടും കുടുംബവും വിട്ട് അന്യദേശത്ത് ജോലി ചെയ്യുന്ന ഇടിസിയിലെ ജീവനക്കാര്‍ക്ക് ഒരുമിച്ച് കൂടി സംസാരിക്കാനും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെയ്ക്കാനും ഒരു കുടുംബമെന്ന പോലെ കഴിയാനും ഒരിടമായിരുന്നു ഇടിസി കമ്യൂണിറ്റി സെന്റര്‍. അവിടെ എല്ലാവരും ഒരുപോലെയായിരുന്നു. ഞാനും ഷബാനയും ഓരോ ടേബിളിലും ചെന്നിരുന്ന് ജീവനക്കാരുമായി സംസാരിച്ചു,'' ജീവനക്കാരെ ഇതുപോലെ പരിപാലിക്കുന്ന സംവിധാനം മിഡില്‍ ഈസ്റ്റില്‍ പുതുമയായിരുന്നു. യുഎഇ ഭരണകര്‍ത്താക്കളില്‍ പലരും ക്ഷണിക്കാതെ തന്നെ അവിടെ സന്ദര്‍ശകരായെത്തി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമും ഇടിസി കമ്യൂണിറ്റി സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇടിസി പിന്നീട് യുഎസ് കമ്പനിയായ ടൈകോ ഏറ്റെടുത്തു.

    പിന്നീട് രാജ്യാന്തര തലത്തിലെ വമ്പന്മാരായ ടൈകോയും പെന്റയറും ഒരുമിച്ച് പെന്റയര്‍ ഇന്‍കോര്‍പ്പറേറ്റഡ് ആയപ്പോള്‍ ഒരിക്കല്‍ പെന്റയര്‍ സിഇഒ മിഡില്‍ ഈസ്റ്റിലെ ഇടിസി ഫൗണ്ടറി സന്ദര്‍ശിച്ചു. ''ലോകമെമ്പാടുമായി 45 ഫാക്ടറികള്‍ ഞങ്ങളുടെ കീഴിലുണ്ട്. എന്നാല്‍ ഇത്രമാത്രം പോസിറ്റീവ് എനര്‍ജിയുള്ള ഒന്ന് മറ്റെവിടെയുമില്ല. ഇവിടത്തെ ചുവരുകള്‍ക്ക് പോലും ജീവനുണ്ട്. ഇടിസിയുടെ കമ്മ്യൂണിറ്റി സെന്ററിന്റെ പേരില്‍ നിങ്ങളെ ഇതുവരെ ആരും ആദരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല,'' തങ്ങളുടെ വീട്ടിലെത്തിയ പെന്റയര്‍ സാരഥിയുടെ വാക്കുകള്‍ ഇതായിരുന്നുവെന്ന് ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു. 12/12/2012ല്‍ ഇടിസി കമ്യൂണിറ്റി സെന്ററിന്റെ പേര് പെന്റയര്‍ മാറ്റി ഷബാന & ഫൈസല്‍ കമ്യൂണിറ്റി സെന്റര്‍ എന്നാക്കി. ''അപ്പോള്‍ ആ കമ്പനിയുടെ ഉടമ ഞാനല്ല. എന്നിട്ടും അതുപോലൊരു നാമകരണം നടന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്ന് അതായിരുന്നു,'' ഫൈസല്‍ പറയുന്നു.

  • 95 ദിവസം കൊണ്ട് മുഖം മാറിയ നടക്കാവ് സ്‌കൂള്‍: രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികവില്‍ രണ്ടാം സ്ഥാനത്ത് നില്‍കുന്നത് കോഴിക്കോട് നിന്നുള്ള സ്‌കൂളാണ്- നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫോര്‍ ഗേള്‍സ്. 120 വര്‍ഷം പഴക്കമുള്ള സ്‌കൂളിനെ വെറും 95 ദിവസം കൊണ്ട് അടിമുടി മാറ്റിയെടുത്തു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫൈസലും ഷബാനയും ചേര്‍ന്ന് നയിക്കുന്ന ഫൈസല്‍&ഷബാന ഫൗണ്ടേഷന്‍. Promoting Regional Schools to International Standards through Multiple Interventions (PRISM) പദ്ധതിയിലൂടെ ഫൈസല്‍&ഷബാന ഫൗണ്ടേഷന്‍ നടക്കാവ് സ്‌കൂളിനെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. അതൊരു മോഡലാക്കി എടുത്ത് കേരള സര്‍ക്കാര്‍ 977 സ്‌കൂളുകളെ പുനരുദ്ധരിച്ചു.

    ഇതിലൂടെ 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനസാഹചര്യമാണ് മാറ്റിമറിക്കപ്പെട്ടത്. അടുത്തിടെ കടലുണ്ടി ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിന്റെ പുനരുദ്ധാരണവും ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചു. കെട്ടിടങ്ങള്‍ നവീകരിക്കുക എന്ന പുറമേയുള്ള മാറ്റമല്ല, ഫൗണ്ടേഷന്‍ ചെയ്യുന്നത് ആ സ്‌കൂളിന്റെ പഠനാന്തരീക്ഷത്തില്‍ തന്നെ സമഗ്രമായ മാറ്റം കൊണ്ടുവരുന്നു.

  • 11 മണിക്കൂര്‍ കൊണ്ട് വീട്: വേനലവധി കാലത്ത് നടക്കാവ് സ്‌കൂളിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കാന്‍ പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗ് രീതി അവലംബിച്ച ഫൈസല്‍ കൊട്ടിക്കോളന്‍ പിന്നീട് ആ രംഗത്ത് ഇന്ത്യയില്‍ പടുത്തുയര്‍ത്തിയത് ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഓഫ്സൈറ്റ് മാനുഫാക്ചറിംഗ് സൗകര്യമാണ്. ''നമ്മള്‍ ബ്രോഷറൊക്കെ നോക്കി വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് വാങ്ങില്ലേ? അതുപോലെ ബ്രോഷര്‍

    നോക്കി സ്‌കൂളുകളും ഹോസ്പിറ്റലുകളുമൊക്കെ വാങ്ങാന്‍ പറ്റുന്ന സംവിധാനം. അതായിരുന്നു കൃഷ്ണഗിരിയില്‍ 42 ഏക്കറില്‍ സൃഷ്ടിച്ച കെഫ് ഇന്‍ഫ്ര,''ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു. പ്രളയകാലത്ത് വെറും 11 മണിക്കൂര്‍ കൊണ്ട് കെഫ്ഇന്‍ഫ്ര കേരളത്തില്‍ വീട് പണിതു. ഇന്‍ഫോസിസ് ക്യാമ്പസും ഇന്ദിര കാന്റീന്‍ ശൃംഖലയുമെല്ലാം പടുത്തുയര്‍ത്തിയ കെഫ് ഇന്‍ഫ്ര പിന്നീട് യുഎസ് കമ്പനിയായ കട്ടേരയില്‍ ലയിച്ചു.

  • പുതുവഴി വെട്ടി മെയ്ത്ര, വിസ്മയിപ്പിച്ച് തുലാ: പ്രീഫാബ് ടെക്നോളജിയില്‍ ഒരു ഹോസ്പിറ്റല്‍. അതും ലോകോത്തര നിലവാരത്തില്‍. കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റല്‍ ട്രെന്‍ഡ് സെറ്ററായത് ഇതുകൊണ്ട് മാത്രമായിരുന്നില്ല. ടെറിഷറി കെയര്‍ സമാനതകളില്ലാത്ത സൗകര്യങ്ങള്‍ കോഴിക്കോട് ഒരുക്കിയ മെയ്ത്ര, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മെഡിക്കല്‍ വാല്യു ട്രാവലേഴ്സിനെയും അവിടേക്ക് ക്ഷണിച്ചു. ഏറ്റവും പുതിയ കാല്‍വെയ്പ്പായ മലപ്പുറം ജില്ലയില്‍ ചേലേമ്പ്രയില്‍ 30 ഏക്കറില്‍ 1,000 കോടി രൂപ നിക്ഷേപത്തില്‍ വെല്‍നസ് സാങ്ച്വറിയായി തുലായും പ്രവര്‍

    ത്തനം തുടങ്ങിയിരിക്കുന്നു.

അസാധാരണ ശീലങ്ങളുടെ തോഴന്‍!

ലോകത്തെവിടെയായാലും വെളുപ്പിന് അഞ്ച് മണിക്ക് ഉണരും ഫൈസല്‍ കൊട്ടിക്കോളന്‍. വേദാന്തദര്‍ശനങ്ങളില്‍ ആകൃഷ്ടനായ ഫൈസല്‍ കൊട്ടിക്കോളന്‍ ദിവസം ആരംഭിക്കുന്നതും വായനയിലൂടെയാണ്. പ്രപഞ്ചത്തിലെ ഏറ്റവും പോസിറ്റീവ് ഊര്‍ജമായ ഉദയസൂര്യരശ്മികളേറ്റ് യോഗയും വ്യായാമവും. ഓഫീസിനും വീടിനുമപ്പുറം മറ്റൊരു ലോകമില്ല. രാത്രി പത്ത് മണിയോടെ ഉറങ്ങും. സമ്പത്തിന്റെ മേല്‍നോട്ടക്കാരന്‍ മാത്രമാണ് താന്‍ എന്ന ബോധ്യമാണ് ഫൈസല്‍ കൊട്ടിക്കോളനെ നയിക്കുന്നത്. ''നമുക്ക് ചുറ്റിലുമുള്ള സമൂഹത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള ദൗത്യമാണ് നമ്മളിലുള്ളത്. നമ്മളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന സമ്പത്തിന്റെ യഥാര്‍ത്ഥ അവകാശികളും നമ്മളല്ല. നമ്മള്‍ അതിന്റെ മേല്‍നോട്ടക്കാര്‍ മാത്രമാണ്,'' ഫെസല്‍ പറയുന്നു.

കൈവെച്ച മേഖലകളിലെല്ലാം തന്നെ ഗ്ലോബല്‍ നിലവാരം സൃഷ്ടിച്ച ഫൈസല്‍ കൊട്ടിക്കോളന്റെ സംരംഭക യാത്രയിലുടനീളം നിഴല്‍ പോലെയുണ്ട് ജീവിതപങ്കാളിയായ ഷബാന. ഫൈസല്‍-ഷബാന ദമ്പതികളുടെ മക്കളും ബിസിനസില്‍ സജീവമാണ്. അവരാരും കുടുംബബിസിനസിനൊപ്പമല്ല. മൂത്ത രണ്ട് പെണ്‍മക്കള്‍ പോസ്വെല്‍നസ് എന്ന ബ്രാന്‍ഡില്‍ മെന്റല്‍ ഹെല്‍ത്ത്, വെല്‍നസ് സേവനങ്ങള്‍ നല്‍കുന്നു. മകന്‍ സക്കറിയ, പെട്രോള്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന രംഗത്ത്. ഇളയമകള്‍ സറീന വിദ്യാര്‍ത്ഥിയും.

കുട്ടിക്കാലത്ത് മാതാപിതാക്കള്‍ പകര്‍ന്നേകിയ മൂല്യങ്ങളും ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിലും കോളെജിലും പഠിച്ചപ്പോള്‍ ലഭിച്ച കാഴ്ചപ്പാടുകളുമാണ് തന്നെ പാകപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന ഫൈസല്‍ കൊട്ടിക്കോളന്‍ അടിവരയിട്ട് പറയുന്ന കാര്യമുണ്ട്- ''സമൂഹത്തിന് പ്രയോജനകരമായ കാര്യത്തിന് വേണ്ടിയല്ലാതെ, ലോകത്തിലെ ഒരു പ്രശ്നപരിഹാരത്തിനല്ലാതെ ഞാനൊരു ബിസിനസ് ആരംഭിക്കില്ല. എന്റെ പര്‍പ്പസ് എല്ലായ്പ്പോഴും ചുറ്റിലുമുള്ള ലോകത്തെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നതാണ്.''

meitra hospital

മെയ്ത്ര ഹോസ്പിറ്റല്‍ അനന്യമായ സമന്വയം

അത്യാധുനിക സാങ്കേതിക വിദ്യ, രോഗീകേന്ദ്രീകൃത സമീപനം, ധാര്‍മിക മൂല്യങ്ങളും സുതാര്യതയും മുറുകെ പിടിച്ചുള്ള പ്രവര്‍ത്തനശൈലി, ഇവയുടെ അനന്യമായ സമന്വയമാണ് കോഴിക്കോട്ടെ മെയ്ത്ര ഹോസ്പിറ്റല്‍. ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ടിന്റെ അന്തരീക്ഷത്തില്‍ ആതുരസേവനം നല്‍കുന്ന ഇടം. മെയ്ത്രയില്‍ എത്തുമ്പോള്‍ തന്നെ രോഗാവസ്ഥയുടെ തീവ്രത പകുതിയും കുറയുമെന്ന് സാക്ഷ്യപ്പെടുത്തുന്നത് അവിടെ ചികിത്സ തേടുന്നവര്‍ തന്നെയാണ്. ''രോഗികള്‍ക്ക് സമാനതകളില്ലാത്ത പരിചരണം നല്‍കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകോത്തര നിലവാരത്തില്‍ തന്നെയാണ് മെയ്ത്ര സജ്ജമായിരിക്കുന്നത്.

മലബാറിലെ ഹെല്‍ത്ത്കെയര്‍ മേഖലയെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മെയ്ത്ര മാറ്റിമറിച്ചിട്ടുണ്ട്. രോഗചികിത്സയില്‍ മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും മെയ്ത്ര സ്വാധീനം ചെലുത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് എത്തുന്ന മെഡിക്കല്‍ വാല്യു ടൂറിസ്റ്റുകളിലൂടെയാണത്്,'' മെയ്ത്ര ഹോസ്പിറ്റല്‍ സിഇഒ നിഹാജ് ജി മുഹമ്മദ് പറയുന്നു.

വിയ എന്ന പേരില്‍ വെല്‍നസിന് സവിശേഷമായ പ്രാധാന്യം നല്‍കുന്ന പുതിയൊരു സംവിധാനം അധികം വൈകാതെ മെയ്ത്രയുടെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങും. മറ്റിടങ്ങളിലേക്കും വിയയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

വ്യത്യസ്തം, ഈ കാഴ്ചപ്പാട്

  • എന്റെ ഫിലോസഫി

ബിസിനസ് എന്നാല്‍ ലോകത്ത് നിലനില്‍ക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ്. പണമല്ല അതിന്റെ പ്രാഥമിക ലക്ഷ്യം. ഏറ്റവും മികച്ച രീതിയില്‍ പരിഹാരം കാണുക. മൂല്യം സൃഷ്ടിക്കുക.

  • ഞാന്‍ ഫെമിനിസ്റ്റാണ്

സ്ത്രീകളോളം ശക്തിയുള്ള പ്രപഞ്ചസൃഷ്ടിയില്ല. അവരെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. കര്‍മമേഖലയിലെല്ലാം സമചിത്തതയോടെ, സന്തുലിത മനോഭാവത്തോടെ വനിതകള്‍ ഇടപെടുന്നു. സങ്കീര്‍ണതകളെ എത്ര ലളിതവും സുന്ദരവുമായാണ് അവര്‍ ലഘൂകരിക്കുന്നത്.

  • എന്തും പണം കൊടുത്ത് പരിഹരിക്കാമെന്ന് വിശ്വസിക്കരുത്

മെയ്ത്ര ഹോസ്പിറ്റല്‍ ആരംഭിക്കുമ്പോള്‍ രണ്ട് വര്‍ഷത്തോളമായിരുന്നു സമീപവാസികള്‍ തടസവാദവുമായി രംഗത്തുണ്ടായത്. അത്തരമൊരു ഹോസ്പിറ്റല്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുമെന്നായിരുന്നു അവരുടെവാദം. ഒരുപക്ഷേ അവര്‍ കാണുന്നതും അതായതുകൊണ്ടാവാം അവര്‍ സമരവുമായി രംഗത്തുവന്നത്. ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തില്‍ മെയ്ത്ര രൂപകല്‍പ്പന ചെയ്ത വിദേശ പ്രൊഫഷണലുകള്‍ പലവട്ടംചര്‍ച്ചകള്‍ നടത്തി അവരുടെ എല്ലാ സംശയങ്ങളും ദൂരീകരിച്ച ശേഷമാണ് പദ്ധതി മുന്നോട്ട് പോയത്. മലയാളികള്‍ ചിന്തിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. പണം നല്‍കി പരിഹാരം കാണാനല്ല ശ്രമിക്കേണ്ടത്. കൃത്യവും സുതാര്യവുമായ മറുപടി നല്‍കണം. നടക്കാവ് സ്‌കൂളിന്റെ പുനരുദ്ധാരണപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോഴും ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

Tulah | Clinical Wellness Sanctuary

തുലാ: ലോകത്തിന് ഇന്ത്യയുടെ സമ്മാനം!

''ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള തോട്ട് ലീഡേഴ്സ് ഇവിടെയെത്തും. ലോകത്തിന് ഇന്ത്യയുടെ സമ്മാനമാണിത്,'' ചേലേമ്പ്രയിലെ തുലാ ക്ലിനിക്കല്‍ വെല്‍നസിന്റെ ലോബിയിലിരുന്ന് ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു. 30 ഏക്കറിന്റെ വിശാലതയില്‍ ഒരു വിസ്മയ ലോകം. ഇതൊരു റിസോര്‍ട്ടാണോ എന്ന് ചോദിച്ചാല്‍ അതെ. ലിവിംഗ് റിസോര്‍ട്ട്. ഇന്ന് മനുഷ്യന്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ഒട്ടേറെ വ്യാധികള്‍ക്ക് പരിഹാരമേകുന്നയിടം. ഇവിടെ പരമ്പരാഗത ആയുര്‍വേദ ചികിത്സാരീതിയും ആധുനിക വൈദ്യശാസ്ത്രവും കൈകോര്‍ക്കുന്നു. യോഗ, ധ്യാനം, ഹീലിംഗ് എല്ലാം ഇവിടെ സംഗമിക്കുന്നു. 400ലേറെ ഔഷധസസ്യങ്ങള്‍ നിറഞ്ഞ ഔഷധത്തോട്ടവും അപൂര്‍വ സസ്യജാലങ്ങള്‍ പകരുന്ന ഹരിതശോഭയും ഏഷ്യയിലെ ഏറ്റവും വലിയ ഫില്‍ട്ടേര്‍ഡ് പൂളിന്റെ ഗാംഭീര്യവും മാത്രമല്ല തുലായുടെ സവിശേഷത. രോഗാവസ്ഥയില്‍ നിന്ന് ഓരോ വ്യക്തിയെയും തിരികെ ആരോഗ്യത്തിലേക്ക് എത്തിക്കുന്ന ശാസ്ത്രീയ അടിത്തറയുള്ള ഹോളിസ്റ്റിക് ചികിത്സാക്രമങ്ങള്‍ കൂടിയാണ് ഇവിടെയുള്ളത്. ''വിട്ടുമാറാത്ത കഴുത്ത്, തോള്‍ വേദന അലട്ടിയിരുന്ന വ്യക്തിയാണ് ഞാന്‍. കശേരുക്കളുടെ പ്രശ്നമാണ് കാരണമെന്ന് സ്‌കാനിംഗിലും തെളിഞ്ഞിരുന്നു. ആ സമയത്ത് ആദ്യമായി ഞാന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോ. പി.കെ വാരിയറെ സന്ദര്‍ശിക്കുകയും രോഗവിവരങ്ങള്‍ പറയുകയും ചെയ്തു. അദ്ദേഹം മാംസക്കിഴി നിര്‍ദേശിച്ചു. പഞ്ചകര്‍മ ചികിത്സ നടത്തി. പിന്നീട് നടത്തിയ സ്‌കാനിംഗില്‍ കശേരുക്കളുടെ പ്രശ്നം ഏതാണ്ട് പൂര്‍ണമായും തന്നെ മാറി. മാത്രമല്ല തൈറോയ്ഡ്, കൊളസ്ട്രോള്‍, യൂറിക് ആസിഡ് തുടങ്ങി എന്നെ വര്‍ഷങ്ങളായി അലട്ടിയിരുന്ന എല്ലാ രോഗങ്ങളും മാറുകയും ചെയ്തു. എന്റെ തന്നെ അനുഭവമാണ് ആയുര്‍വേദത്തിന്റെ അത്ഭുത സിദ്ധിയിലേക്ക് അടുപ്പിച്ചത്,'' ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു. ആയുര്‍വേദത്തിലെ പ്രഗത്ഭ ഡോക്ടര്‍മാരും ഫംഗ്ഷണല്‍ മെഡിസിനിലെ വിദേശ ഡോക്ടര്‍മാരും ആധുനിക വൈദ്യശാസ്ത്രരംഗത്തുള്ളവരും ഒരുമിക്കുന്ന ഒരു സംഘത്തിന്റെ ഗവേഷണ നിരീക്ഷണങ്ങള്‍ തുലായുടെ അണിയറയിലുണ്ട്.

ശബ്ദവീചികള്‍ കൊണ്ട് സ്വാസ്ഥ്യം, മൂന്ന് പേറ്റന്റുകള്‍

ഇന്ത്യ ഇതുവരെ കാണാത്ത പലതും തുലായിലുണ്ട്. ശബ്ദവീചികളുടെ അസാധാരണ വിന്യാസത്തിലൂടെ സ്വാസ്ഥ്യം നല്‍കുന്ന സൊനോറിയത്തിന്റെ നിര്‍മാണം തുലായില്‍ പുരോഗമിക്കുകയാണ്. മൂന്ന് പേറ്റന്റുകളും ഇതിനകം തുലായ്ക്ക് ലഭിച്ചിട്ടുണ്ട്. അത്യാധുനിക എണ്ണത്തോണിയാണ് ഒന്ന്. ആയുര്‍വേദ ചികിത്സയിലെ പരമപ്രധാനമായ എണ്ണത്തോണിയെ യൂറോപ്യന്‍ സാങ്കേതിക വിദ്യയിലൂടെ നവീകരിച്ച് അത്യാധുനിക രീതിയിലാക്കിയിരിക്കുന്നു.

ശാസ്ത്രത്തിന്റെ പിന്തുണയോടെ ശരീരത്തിന്റെ സ്വാസ്ഥ്യാവസ്ഥ കൃത്യമായി നിര്‍ണയിക്കുന്ന ലൈഫ് ഇന്‍ഡെക്സാണ് മറ്റൊന്ന്. ഈ സൂചിക 50 ശതമാനത്തില്‍ താഴെ ആണെങ്കില്‍ ഹെല്‍ത്ത് റിസ്‌കിനെയാണ് അത് സൂചിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തുലാ ടെക്ക് ആണ് മൂന്നാമത്തെ പേറ്റന്റ് ഉല്‍പ്പന്നം. ആരോഗ്യ പരിശോധനകള്‍ സംബന്ധിച്ച എല്ലാ ഡാറ്റയും ഇതില്‍ അപ്ലോഡ് ചെയ്യാം. അവയെ വിശകലനം ചെയ്ത് കൃത്യമായ വിവരങ്ങള്‍ നല്‍കാനും തുലാ ടെക്കിന് സാധിക്കും.

മെയ്ത്ര ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടിയാണ് തുലായുടെ പ്രവര്‍ത്തനം. ലോകത്തിലെ 100 നഗരങ്ങളില്‍ തുലായുടെ ചെറുപതിപ്പുകള്‍ കൂടി തുറക്കാനാണ് പദ്ധതി. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ദി എലഫന്റ് വിസ്പേഴ്സിന്റെ നിര്‍മാതാവ് ഗുനീത് മോംഗ കപൂറിനെ പോലുള്ള പ്രഗത്ഭര്‍ തുലായില്‍ ഇതിനകം വന്ന് താമസിച്ച് അനുഭവങ്ങള്‍ ആസ്വദിച്ചറിഞ്ഞിട്ടുണ്ട്. ''അനുപമമായ, ഇന്ത്യയില്‍ എന്നല്ല, ലോകത്ത് മറ്റെവിടെയും കാണാത്ത ഒന്നായാണ് തുലാ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇത് കേരളത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുക തന്നെ ചെയ്യും,'' ഫൈസല്‍ കൊട്ടിക്കോളന്‍ പറയുന്നു.

(ധനം മാഗസിന്‍ ഏപ്രില്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com