ഇരുപതിന്റെ നിറവില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍; പുതിയ ചുവടുവെയ്പിലേക്ക്

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ പുതിയ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം തുറക്കും
Global Public School Trivandrum
തിരുവനന്തപുരത്ത് തുറക്കുന്ന പുതിയ സ്‌കൂളിന്റെ മാതൃക
Published on

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചോറ്റാനിക്കര തിരുവാണിയൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു സിബിഎസ്ഇ സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ പലരും ഇതിന്റെ ഭാവിയെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. നഗരത്തില്‍ നിന്ന് ഏറെ അകലെയാണെന്നതായിരുന്നു കാരണം. എന്നാല്‍ നഗരത്തിരക്കുകള്‍ക്കിടയില്‍ നിന്ന് മാറി, കുട്ടികള്‍ക്ക് പഠനത്തിനൊപ്പം മറ്റ് കഴിവുകളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഒരു സ്‌കൂളിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് പി. ജേക്കബ് എന്ന ദീര്‍ഘദര്‍ശിയായ സംരംഭകന്‍ തന്റെ ആഗ്രഹവുമായി മുന്നോട്ടു പോയി. ഇന്ന് കേരളത്തിന്റെവിദ്യാഭ്യാസ മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് സമഗ്രമായ സംഭാവനകള്‍ നല്‍കിക്കൊണ്ട് പുതിയ ചുവടുവെയ്പുകളിലേക്ക് കടക്കുകയാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍.

2005ലാണ് പി. ജേക്കബ് ഏതാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് രൂപം കൊടുക്കുന്നത്.

തുടര്‍ന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതുവരെയുണ്ടായിരുന്ന പല ബെഞ്ച്മാര്‍ക്കുകളെയും മറികടന്നു കൊണ്ടായിരുന്നു സ്‌കൂളിന്റെ വരവ്. എസി സൗകര്യത്തോടു കൂടിയ സ്‌കൂള്‍ ബസ്, ഡേ സ്‌കൂളിംഗ്, ബോര്‍ഡിംഗ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി സ്‌കൂള്‍ വ്യത്യസ്തമായി. 2012ലാണ് സ്‌കൂളില്‍ നിന്ന് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. ഇതിനകം 1,500 ഓളം കുട്ടികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയത്.

നിലവില്‍ സിബിഎസ്ഇ സ്‌കൂള്‍ കൂടാതെ സ്റ്റെപ്പിംഗ് സ്റ്റോണ്‍ എന്ന പേരില്‍ പ്രീ കെജി കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളും കേംബ്രിജ് പാഠ്യപദ്ധതി പിന്തുടരുന്ന ജിപിഎസ് ഇന്റര്‍നാഷണല്‍, ഐബി പാഠ്യപദ്ധതിയിലുള്ള ജിപിഎസ് ബ്രൂക്സ് കൊച്ചി സ്‌കൂളും ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗിരിനഗറിലും പടമുകളിലും സ്റ്റെപ്പിംഗ്സ്റ്റോണ്‍ കിന്റര്‍ഗാര്‍ട്ടന്റെ ഫീഡറുകളുണ്ട്.

ടെക്‌നോപാര്‍ക്കിന് തിലകക്കുറി

20-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍, തിരുവനന്തപുരത്തും പുതിയ സ്‌കൂള്‍ തുറക്കുകയാണ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ക്യാമ്പസില്‍ പുതിയ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനകം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ പ്രീ കെജി മുതല്‍ ഏഴാം ക്ലാസ് വരെയും ഐബി പാഠ്യപദ്ധതിയില്‍ ഒന്ന് മുതല്‍ അഞ്ച് വരെയും കേംബ്രിജ് പാഠ്യപദ്ധതിയില്‍ ആറ് മുതല്‍ എട്ട് വരെയും ക്ലാസുകളാണ് ആരംഭിക്കുകയെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ചെയര്‍മാനും ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ പി. ജേക്കബ് പറയുന്നു. വിവിധ സ്ട്രീമുകളിലായി 1200 ഓളം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് സ്‌കൂള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ടെക്നോപാര്‍ക്കിലെ ഫേസ് 3യില്‍ ടോറസ് ബില്‍ഡിംഗില്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ഡേകെയറും ക്രഷും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ പ്രീസ്‌കൂള്‍, ഡേകെയര്‍ ശൃംഖലയായ ലേണിംഗ് കര്‍വുമായി ചേര്‍ന്നാണ് ജിപിഎസ് സ്റ്റെപ്പിംഗ് സ്റ്റോണ്‍സിന്റെ പ്രവര്‍ത്തനം. ഡേ കെയര്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പുതിയ സ്‌കൂളിലേക്ക് മാറാനും കഴിയും.

ഗ്ലോബല്‍ വിഷന്‍, ട്രഡീഷണല്‍ വാല്യൂസ്

അക്കാദമിക്, സ്പോര്‍ട്സ്, കള്‍ച്ചര്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കി ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും സാധിക്കുന്ന തരത്തിലാണ് സ്‌കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. 'ഗ്ലോബല്‍വിഷന്‍, ട്രഡീഷണല്‍ വാല്യൂസ്' എന്നതാണ് സ്‌കൂളിന്റെ ആപ്തവാക്യം. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമൊക്കെ അടങ്ങുന്ന ഒരു ഹാപ്പി പ്ലേസ് ആയാണ് സ്‌കൂളിനെ വിഭാവനം ചെയ്യുന്നത്. ക്ലാസ് മുറികളില്‍ കുട്ടികളുടെ എണ്ണം ക്രമീകരിച്ച് ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്നു. 12 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്നതാണ് ഇവിടെ പിന്തുടരുന്ന അനുപാതം.

കുട്ടികള്‍ക്കായി എന്റീച്ച്‌മെന്റ്‌ പ്രോഗ്രാമുകള്‍, കമ്യൂണിറ്റി ഔട്ട്റീച്ച്, ഫീല്‍ഡ് ട്രിപ്പുകള്‍, വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ്, ഇന്റര്‍സ്‌കൂള്‍ ആക്റ്റിവിറ്റികള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിവയും സംഘടിപ്പിക്കുന്നു. കുട്ടികളില്‍ സംരംഭകത്വം ഉയര്‍ത്തുന്നതിനായി അടല്‍ തിങ്കറിംഗ് ലാബുകള്‍, ഉപരിപഠനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കരിയര്‍ കൗണ്‍സിലിംഗ്, വിദേശ യൂണിവേഴ്സിറ്റികളില്‍ പ്ലേസ്മെന്റ് നേടാന്‍ പൂര്‍വവിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയും നടത്തിവരുന്നു. അടല്‍ തിങ്കറിംഗ് ലാബിലെ മികച്ച ഇന്നൊവേഷന് ടൈ കേരളയുടെ അവാര്‍ഡും ലഭിച്ചിരുന്നു.

കുട്ടികള്‍ക്കൊപ്പം അദ്ധ്യാപകരുടെ നിലവാരമുയര്‍ത്തുന്നതിനും അവര്‍ക്ക് ആവശ്യമായ ഒട്ടേറെ പ്രൊഫഷണല്‍  ട്രെയിനിംഗുകള്‍ നല്‍കുന്നതിലും അവര്‍ക്ക് മാനസികോല്ലാസം ഉറപ്പു വരുത്തുന്നതിലും സ്‌കൂള്‍ പ്രത്യേക ശ്രദ്ധയൂന്നുന്നതായി സ്‌കൂളിന്റെ അഡൈ്വസര്‍ ലക്ഷ്മി രാമചന്ദ്രന്‍ പറയുന്നു. ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ള സ്‌കൂള്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകളുടെ അന്താരാഷ്ട്ര സംഘടനയായ റൗണ്ട് സ്‌ക്വയറിലും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അംഗമാണ്.

സിബിഎസ്ഇ നിഷ്‌കര്‍ഷിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്ക് അപ്പുറം നിരന്തരമായി നിരവധി വര്‍ക്ക്‌ഷോപ്പുകളും മറ്റുംസംഘടിപ്പിച്ച് അധ്യാപകരെ സജീവമാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

സ്‌കൂളിന്റെ കരുത്തായി ഇവര്‍

മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്ന പി. ജേക്കബ് പിതാവിന്റെ മരണശേഷമാണ് കുടുംബ ബിസിനസില്‍ ചേരുന്നത്. പിന്നീട് സ്വന്തമായി കെഎസ്‌ഐഡിസിയുടെ പിന്തുണയോടെ ഓട്ടോമൊബൈല്‍ ട്യൂബ് നിര്‍മാണ കമ്പനി തുടങ്ങിയെങ്കിലും അക്കാലത്തെ വ്യാപാര മേഖലയിലെ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. റിട്ടയര്‍മെന്റ് ലൈഫിനെ കുറിച്ച് ആലോചിക്കുമ്പോഴാണ് സ്‌കൂള്‍ തുടങ്ങാനുള്ള ചിന്തയുണ്ടാകുന്നത്.

ഒരു സ്‌കൂള്‍ തുടങ്ങണമെന്ന തന്റെ പിതാവിന്റെ ആഗ്രഹ പൂര്‍ത്തീകരണം കൂടിയാണ് ഇതിലൂടെ സാധ്യമായത്. തികച്ചും പുതിയ മേഖലയായിരുന്നെങ്കിലും അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കി ശരിയായ ചുവടുവയ്പുകളിലൂടെ മുന്നോട്ട് പോയി. ഒരു വര്‍ഷത്തോളം രാജ്യത്തും പുറത്തുമായി നിരവധി വിദ്യാഭ്യാസ വിചക്ഷണരുമായി സംസാരിച്ചാണ് 2005ല്‍ ഇതിനൊരു രൂപംകൊടുത്തതെന്ന് പി. ജേക്കബ് പറയുന്നു.

ഒരുപാട് ചുമതലകളും ബുദ്ധിമുട്ടുകളുമുള്ള ഒരു മേഖലയാണെന്ന് മനസിലാക്കി തന്നെയാണ് ഇതിലേക്ക് ഇറങ്ങിയത്. അതുകൊണ്ടു തന്നെ ഓരോ ചുവടും ഉറപ്പോടെ തന്നെയായിരുന്നു. നല്ല ഫാക്കല്‍റ്റിയെ ഒപ്പം കിട്ടിയത് പല വെല്ലുവിളികളെയും തരണം ചെയ്ത് സ്‌കൂളിന് ചുരുങ്ങിയ കാലംകൊണ്ട് പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സ്‌കൂളിന് കഴിഞ്ഞു. ലക്ഷ്മി രാമചന്ദ്രന്‍ എന്ന വിദ്യാഭ്യാസ വിചക്ഷണയെ കണ്ടുമുട്ടാന്‍ ഇടയായതാണ് സ്‌കൂളിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷ്മി രാമചന്ദ്രനാണ് സ്‌കൂളിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും നേതൃത്വം നല്‍കുന്നത്. സ്‌കൂളിന്റെ തുടക്കത്തില്‍ ഡീന്‍ ആയിരുന്ന ലക്ഷ്മി രാമചന്ദ്രന്‍ നിലവില്‍ അഡൈ്വസറാണ്. ഇവര്‍ക്കൊപ്പം സ്‌കൂളിന് കൃത്യമായ അടിത്തറ പാകുന്നതിലും സ്വതസിദ്ധമായ കള്‍ച്ചര്‍ കൊണ്ടുവരുന്നതിലും ഷമീം മുഹമ്മദ്, ആനി ഈനാശു എന്നിവരും നിര്‍ണായക പങ്ക് വഹിച്ചു.

പി. ജേക്കബിന്റെ മകന്‍ ജോഹാന്‍ ജേക്കബ് ആണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ഡയറക്റ്റര്‍. സ്‌കൂളിനെ സാങ്കേതികമായും മറ്റും പുതിയ തലത്തിലേക്ക് കൂടുതല്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ജോഹാന്‍ ജേക്കബ് വഹിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com