ചിന്തകളില്‍ നിന്നും ബിസിനസ് വരുന്ന വഴി
ഒരു ബിസിനസ് ആരംഭിക്കുക എന്നത് ആവേശകരമാണ്. എന്നാല്‍ അതേസമയം വളരെയേറെ പ്രയത്നം ആവശ്യമായി വരുന്ന കാര്യവുമാണ്. തുടക്കം മുതല്‍ ശരിയായ വിഭവങ്ങളും മാര്‍ഗനിര്‍ദേശവും ഉണ്ടെങ്കില്‍, സംരംഭകര്‍ക്ക് അലച്ചിലും ടെന്‍ഷനും വലിയൊരു പരിധിവരെ കുറയ്ക്കാം. ഒരു മികച്ച ആശയം കണ്ടെത്തുന്നത് മുതലുള്ള ഘട്ടങ്ങള്‍ കൃത്യതയോടെയും ദീര്‍ഘവീക്ഷണത്തോടെയും ആസൂത്രണം ചെയ്യുന്നത് വഴി വിജയകരമായി ഒരു ബിസിനസ് കെട്ടിപ്പടുക്കാന്‍ സാധിക്കും. പതറാത്ത തീരുമാനങ്ങളെടുത്തും പരിമിതികള്‍ മറികടന്നും സ്വന്തമായി ബിസിനസ് ആരംഭിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ആദ്യംമുതലേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
പ്രശ്നവും പരിഹാരവും; ആശയം കണ്ടെത്താം
നിലവിലുള്ള ഒരു പ്രശ്നത്തിന്, അല്ലെങ്കില്‍ ആവശ്യത്തിനുള്ള പരിഹാരമായാണ് ഏതൊരു ബിസിനസും ആരംഭിക്കുന്നത്. ഒരു പ്രത്യേക മേഖലയിലെ നിലവിലുള്ള ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തി, അത് ലാഭകരമായ ഒരു ബിസിനസാക്കി മാറ്റുക എന്നതുതന്നെയാകണം സംരംഭകരുടെ പ്രഥമ ഉദ്ദേശ്യം. ചിലര്‍ക്കെങ്കിലും ഈ ഘട്ടത്തില്‍ വിദഗ്ധ ഉപദേശം വേണ്ടിവന്നേക്കാം.
ഭാവിയിലെ പ്രശ്നത്തിനും വേണം പരിഹാരം
പുതിയ ബിസിനസ് ആശയം കണ്ടെത്തുമ്പോള്‍ തന്നെ ബന്ധപ്പെട്ട മേഖലയില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കാം. ഇത് ദീര്‍ഘകാലം ബിസിനസ് നല്ലനിലയില്‍ കൊണ്ടുപോകുന്നതോടൊപ്പം എതിരാളികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനും സഹായിക്കും.
മാറിവരുന്ന ആവശ്യങ്ങള്‍; തയാറായിരിക്കാം
ഏതൊരു രംഗത്തും എന്നപോലെ ബിസിനസിലും മാറ്റങ്ങള്‍ അനിവാര്യമാണ്. ഒരു ബിസിനസ് മുന്നോട്ടു പോകും തോറും വന്നേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ മനസിലാക്കി തയാറായിരിക്കുക. കോവിഡിന്റെ തീവ്രത അനുസരിച്ച് മാസ്‌കുകള്‍ക്കും മാറ്റം വേണ്ടിവന്നിരുന്നു. ചെറിയ മാറ്റങ്ങള്‍ക്കൊപ്പം നിര്‍മാണത്തിലും അത് കൊണ്ടുവരാന്‍ സാധിച്ച സംരംഭകര്‍ വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയത് ഓര്‍ക്കാം.
ജീവിതം ലളിതമാക്കുന്ന ആശയം
പ്രശ്നപരിഹാരം എന്നതിനപ്പുറം ഒരു ആശയം കൊണ്ട് നിത്യജീവിതത്തിലെ പല കൃത്യങ്ങളും എളുപ്പമാക്കാന്‍ സാധിക്കുമെങ്കില്‍ അതിനെ ഒരു മികച്ച ബിസിനസാക്കിയെടുക്കാം. വ്യക്തിപരമായവ മുതല്‍ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ വരെ അനായാസമാക്കാന്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടാം.
കുറഞ്ഞ ചെലവില്‍ മികച്ച സേവനം
നിങ്ങളുടെ ആശയത്തോട് സമാനതകളുള്ള പല ബിസിനസുകളും നിലവില്‍ ഉണ്ടായേക്കാം. എന്നുകരുതി നിങ്ങളുടെ സ്വപ്ന സംരംഭം ഉപേക്ഷിക്കണമെന്നില്ല. അതിനു പകരം നിലവിലുള്ളവയെ മറികടന്ന് നിങ്ങള്‍ക്ക് മുന്നേറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. മറ്റുള്ളവയെക്കാള്‍ ചെലവ് കുറഞ്ഞും, എന്നാല്‍ നിലവാരത്തില്‍ ഒട്ടും പിന്നിലല്ലാത്തതുമായ രീതിയില്‍ നിങ്ങളുടെ ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം.
അപ്രതീക്ഷിത പ്രശ്നങ്ങള്‍ക്കും പ്രതിവിധി
എത്രയൊക്കെ കരുതലുണ്ടെങ്കിലും തിരിച്ചടികള്‍ എല്ലാ ബിസിനസിലും ഉണ്ടായേക്കാം. അപ്രതീക്ഷിതമായി വരുന്ന ചില പ്രശ്നങ്ങളെ തടുക്കാനായില്ലെങ്കിലും ധൈര്യമായി നേരിടാന്‍ സജ്ജമായിരിക്കുക എന്നതുതന്നെ വലിയ വിജയമാണ്. അതുപോലെ തന്നെ നിങ്ങളുടെ ആശയം ഉപഭോക്താക്കള്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പ്രതിവിധി കാണാന്‍ സാധിക്കുന്നതാണെങ്കില്‍ ആ സംരംഭത്തിന്റെ വിജയവും സുനിശ്ചിതം.
എത്ര മടുപ്പിക്കുന്ന ജോലിയും അനായാസമാക്കാം
വീടുകളിലും ഓഫീസുകളിലും കൂടുതല്‍ ആളുകളും മടിയോടെ ചെയ്യുന്ന ചില ജോലികളുണ്ടാവും. മിക്കപ്പോഴും കൂടുതല്‍ സമയം വേണ്ടിവരുമെന്നതോ ആ ജോലി തങ്ങളെ മടുപ്പിക്കും എന്നതുകൊണ്ടോ ആകും അവ പിന്നീടേക്ക് മാറ്റിവെയ്ക്കുക. നിസാരമെന്ന് തോന്നുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വരുന്ന ആശയങ്ങള്‍ വന്‍ സ്വീകാര്യത നേടും. നിലം തുടയ്ക്കാന്‍ മോപ്പും അത് വൃത്തിയാക്കി ഉപയോഗിക്കാന്‍ സൗകര്യമുള്ള ബക്കറ്റും ഒന്നിച്ചുകൊണ്ടുവന്നപ്പോള്‍ പഴഞ്ചന്‍ രീതികള്‍ വലിയതോതില്‍ മാറ്റിവെയ്ക്കപ്പെട്ടത് ഉദാഹരണമാണ്.
സ്വന്തം പാഷനോ ഹോബിയോ ബിസിനസാക്കി മാറ്റാം
ഒരാള്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലാത്ത മേഖലയില്‍ ബിസിനസ് ആരംഭിക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരാജയം ഉണ്ടായേക്കാം. മറ്റുള്ളവര്‍ ചെയ്ത് വിജയം കണ്ടു എന്നതാകരുത് ഒരു സംരംഭകന്റെ പ്രചോദനം. മറിച്ച്, വളരെ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു ഹോബിയോ ഏറ്റവും ഉത്സാഹത്തോടെ നോക്കിക്കാണുന്ന മേഖലയിലെ ഒരു ആശയമോ ബിസിനസാക്കി മാറ്റുമ്പോള്‍ വിജയം താനേ വരും.
ആശയം നടപ്പില്‍വരുത്തുന്നത് വഴി മികച്ച ബിസിനസ് ആരംഭിക്കാമെങ്കിലും മറ്റുചില കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. ആശയം എത്രമാത്രം പ്രാവര്‍ത്തികമാണ്, വിവിധ തരം ബിസിനസ് ഓണര്‍ഷിപ്പുകള്‍, നിയമപരമായ മറ്റ് കടമ്പകള്‍ എന്നിവ മനസിലാക്കുന്നതും പ്രധാനമാണ്.
കൂടുതൽ അറിയാൻ : https://www.numberone.academy/