മികച്ച ഉദ്യോഗാര്‍ത്ഥികളെ എങ്ങനെ റിക്രൂട്ട് ചെയ്യാം? ഇന്റര്‍വ്യൂവും തിരഞ്ഞെടുക്കല്‍ പ്രക്രിയയും

കമ്പനികളില്‍ ഏറ്റവും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് വഴി ഏതൊരു ബിസിനസിന്റെയും ഉല്‍പ്പാദനക്ഷമത, വളര്‍ച്ച, മൊത്തത്തിലുള്ള വിജയം എന്നിവ കൂടുതല്‍ എളുപ്പമാകും. അത്ര നിസാരമല്ലാത്ത ഈ പ്രക്രിയയില്‍, ഉദ്യോഗാര്‍ത്ഥിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത തിരിച്ചറിയുന്നത് മുതല്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ, കൃത്യമായി തയ്യാറാക്കിയ പല ഘട്ടങ്ങളും നടപ്പാക്കേണ്ടതുണ്ട്.

ടാലന്റ് ആകര്‍ഷിക്കാം

സോഷ്യല്‍ മീഡിയ, ജോബ് പോര്‍ട്ടലുകള്‍, കമ്പനി വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ ബിസിനസുകള്‍ അവരുടെ മൂല്യങ്ങള്‍, സംസ്‌കാരം, തൊഴില്‍ അന്തരീക്ഷം എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വഴി ഒരു പോസിറ്റീവ് എംപ്ലോയര്‍ ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കാം. സമാന കമ്പനികളും സ്ഥാപനങ്ങളുമായി താരതമ്യം ചെയ്ത് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുക.

സോഷ്യല്‍ മീഡിയയിലും പ്രമുഖ ജോബ് പോര്‍ട്ടലുകളിലും അവസരങ്ങള്‍ പരസ്യപ്പെടുത്തുകയും ഉദ്യോഗാര്‍ത്ഥികളുമായി സജീവമായി ഇടപഴകുകയും ചെയ്യുന്നതിലൂടെ അനുയോജ്യമായ പ്രതിഭകളെ ആകര്‍ഷിക്കാന്‍ കഴിയും. തൊഴില്‍ മേളകളിലും നെറ്റ് വര്‍ക്കിംഗ് ഇവന്റുകളിലും പങ്കെടുക്കുന്നത് ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെടാനുള്ള അവസരം നല്‍കുകയും ബ്രാന്‍ഡിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യും.

യോഗ്യതകള്‍ തിരിച്ചറിയാം

റിക്രൂട്ട്‌മെന്റ് തുടങ്ങുന്നതിന് മുന്‍പ് ഈ ബിസിനസില്‍ ഒരു പദവിയിലേക്ക് വേണ്ട അടിസ്ഥാന യോഗ്യതയും മറ്റ് സ്‌കില്ലുകളും എന്തെല്ലാമാണെന്ന് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇത് ഏറ്റവും അനുയോജ്യരായവരെ ആകര്‍ഷിക്കാനും ഒപ്പം നിങ്ങളുടെ തിരച്ചില്‍ എളുപ്പമാക്കാനും സഹായിക്കും. ചെറുതും അതേസമയം വ്യക്തവുമായ ഒരു ജോബ് ഡിസ്‌ക്രിപ്ഷന്‍ തയ്യാറാക്കേണ്ടത് റിക്രൂട്ട്‌മെന്റ് നടപടികളിലെ പ്രധാന പ്രക്രിയകളില്‍ ആദ്യത്തെതാണ്.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാം

തൊഴിലവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാല്‍ വലുതും ചെറുതുമായ ഏതൊരു കമ്പനിക്കും ബിസിനസിനും ആവശ്യമായതിലും പല മടങ്ങ് അധികം അപേക്ഷകള്‍ ലഭിക്കും. ഇവയില്‍ നിന്ന് അനാവശ്യമായവ ഒഴിവാക്കുകയും അതിലുപരി ഏറ്റവും മികച്ച പ്രൊഫൈലുകള്‍ ഒഴിവാക്കാതെ നോക്കേണ്ടതും സുപ്രധാന കാര്യമാണ്. തക്കതായ വിദ്യാഭ്യാസ യോഗ്യതയും എക്‌സ്പീരിയന്‍സും ഉള്ളവര്‍, പ്രസ്തുത ജോലിക്ക് ഉപകാരപ്പെടുന്ന അധിക സ്‌കില്ലുകളോ യോഗ്യതകളോ ഉള്ളവര്‍ എന്നിവരെയൊക്കെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കാം.

ഇന്റര്‍വ്യൂവിന് തയ്യാറെടുക്കാം

ഓരോ ഉദ്യോഗാര്‍ത്ഥിക്കും ഒപ്പം റിക്രൂട്ട്‌മെന്റ് നടത്തുന്നവരും അഭിമുഖത്തിന് തയ്യാറെടുക്കേണ്ടതുണ്ട്. കാലാകാലങ്ങളായി പിന്തുടരുന്ന ചോദ്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ വൈദഗ്ധ്യം, അനുഭവസമ്പത്ത് മുതലായവ മനസിലാക്കാന്‍ സാധിക്കുന്ന അപൂര്‍വമായ ചോദ്യങ്ങള്‍ ഏറ്റവും മികച്ച അപേക്ഷകരെ കണ്ടെത്താന്‍ ഉപകരിക്കും.

നേരിട്ടുള്ള അഭിമുഖങ്ങള്‍ കൂടാതെ ടെലിഫോണിക് ഇന്റര്‍വ്യൂ, സൂം ഇന്റര്‍വ്യൂ തുടങ്ങിയ സൗകര്യങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ പോലും അനേകം ഉദ്യോഗാര്‍ത്ഥികളെ വിശകലനം ചെയ്യാന്‍ സാധിക്കും. അഭിമുഖങ്ങള്‍ക്ക് ശേഷവും ആവശ്യമുള്ളതിലും അധികം പേര്‍ ലിസ്റ്റിലുണ്ടെങ്കില്‍ എഴുത്ത് പരീക്ഷകള്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

അവസാന ഘട്ട തിരഞ്ഞെടുപ്പ്

എല്ലാത്തിനും ഒടുവില്‍ ഒന്നിനൊന്ന് മികച്ച ഏതാനും പേരില്‍ നിന്ന് ഒന്നോ രണ്ടോ പേരെ തിരഞ്ഞെടുക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മുതല്‍ക്കൂട്ടാകേണ്ടവരെയാണ് ഇവിടെ കണ്ടെത്തുന്നത്. വിദ്യാഭ്യാസ യോഗ്യതയും അനുഭവജ്ഞാനവും മാത്രം മാനദണ്ഡമാക്കുന്നതിന് പകരം വ്യക്തിത്വം, കമ്പനിയുടെ മൂല്യങ്ങളോടുള്ള മനോഭാവം എന്നിവ കൂടി പരിഗണിക്കാവുന്നതാണ്.

ഉദ്യോഗാര്‍ത്ഥിയുടെ പശ്ചാത്തല വിശകലനം, റഫറന്‍സ് പരിശോധന എന്നിവയ്‌ക്കൊപ്പം അവര്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം കൂടി കണക്കിലെടുക്കുമ്പോള്‍ അന്തിമ തീരുമാനമെടുക്കല്‍ കുറച്ചുകൂടി ലളിതമാകും. റിക്രൂട്ടര്‍മാര്‍ക്ക് അപേക്ഷകരെ മാത്രമല്ല, അപേക്ഷകര്‍ക്ക് തിരിച്ച് കമ്പനിയുടെ ഓഫറും റിജക്റ്റ് ചെയ്യാം എന്ന് ഓര്‍ക്കുക.അതുകൊണ്ട് തന്നെ, മുന്‍കരുതല്‍ എന്ന നിലയില്‍ ചില പ്രൊഫൈലുകള്‍ കൂടി തിരഞ്ഞെടുത്ത് വെയ്ക്കുന്നത് ഉചിതമായിരിക്കും.

കൃത്യമായ പ്ലാനിംഗും കാര്യക്ഷമമായ അഭിമുഖവും മികച്ച തീരുമാനവും ഒക്കെയായി ഒരു ജോലിക്കായി ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തി നിയമിക്കുന്നത് ബിസിനസില്‍ നിര്‍ണായകമായ പ്രക്രിയയാണ്. മുകളില്‍ പറഞ്ഞ ഘട്ടങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെ പൂര്‍ത്തിയാക്കുമ്പോള്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു ശക്തമായ, മികവുറ്റ വര്‍ക്ക്ഫോഴ്‌സിനെ പടുത്തുയര്‍ത്താന്‍ സാധിക്കും.

തയ്യാറാക്കിയത്: മധു ഭാസ്‌കരന്‍

(This story was published in the15th April 2023 issues of Dhanam Magazine)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it