ജീവിത വിജയത്തിന്റെ ആദ്യപടി ഗോള്‍ സെറ്റിംഗ്

ജീവിതത്തില്‍ മുന്നോട്ട് ഇനി എന്തെന്ന് എപ്പോഴെങ്കിലും ചിന്തിക്കേണ്ടി വന്നിട്ടുണ്ടോ? പ്രത്യേകിച്ച് ഒരു ലക്ഷ്യം ഇല്ലാത്ത താണ് ഈ ആശങ്കയുടെ കാരണം. വര്‍ഷങ്ങളായി യാതൊരു മാറ്റവും, ലക്ഷ്യബോധവുമില്ലാതെ യാന്ത്രികമായി പോകുന്ന ജീവിതം തീര്‍ച്ചയായും മടുപ്പുളവാക്കും. ശീലങ്ങളില്‍ ഉള്ള ചെറിയ മാറ്റങ്ങളും, മാറിയ ചിന്തകളും എത്ര വലിയ വ്യത്യാസമാണ് നമ്മളില്‍ വരുത്തുന്നതെന്ന് അറിയാമോ?

വ്യക്തതയുള്ള ഗോളുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ജീവിതത്തില്‍ പ്രതീക്ഷയുണ്ടാകുന്നത്, ഉന്മേഷത്തോടെ മുന്നോട്ടുപോകാനുള്ള ധൈര്യവും പ്രചോദനവും ഉണ്ടാകുന്നത്. അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതമാണ് ലക്ഷ്യമെങ്കില്‍ നമ്മള്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ എന്തായിത്തീരും അല്ലെങ്കില്‍ എന്തായിത്തീരണം എന്ന തീരുമാനത്തിന് ഇനി ഒട്ടും താമസം ഉണ്ടാവാന്‍ പാടില്ല.

ലക്ഷ്യം ഇല്ലാത്ത ജീവിതം തുഴയില്ലാത്ത വള്ളം പോലെയാണ്. ദിശയറിയാതെ, പോകേണ്ട വഴിയറിയാതെ, നിയന്ത്രണമില്ലാതെ ജീവിതം ഒരു ഒഴുക്കില്‍പ്പെട്ടു എങ്ങോട്ടോ പൊയ്ക്കൊണ്ടേ ഇരിക്കും. വിജയകരമായ ജീവിതത്തിന് വ്യക്തമായ ഒരു ഗോള്‍ സെറ്റിംഗ് അഥവാ ലക്ഷ്യരൂപീകരണം അത്യാവശ്യമാണ്. വിശദമായ പ്ലാനിംഗും അടുക്കോടെയുള്ള ചിന്തകളും മുന്നോട്ടുള്ള യാത്രയെ നല്ല രീതിയില്‍ ഗതിതിരിച്ചു വിജയത്തിലെത്തിക്കും.

അഞ്ച് തത്വങ്ങള്‍

അശ്രദ്ധയോടെ തീരുമാനിക്കുന്ന അപ്രാപ്യമായ ഒരു ഗോള്‍ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അങ്ങനെയായാല്‍ അത് പിന്നീട് കൂടുതല്‍ നിരാശയിലേക്ക് വഴി തുറന്നേക്കാം. ഗോള്‍ സെറ്റിംഗിന് നിര്‍ബന്ധമായും പാലിക്കേണ്ട അഞ്ചു പ്രധാന തത്വങ്ങള്‍ (Principles) ഉണ്ട്. അവ എന്തൊക്കെയെന്ന് മുന്‍ കൂട്ടി മനസ്സിലാക്കി ഗോളുകള്‍ രൂപീകരിച്ചാല്‍ വിജയം നിങ്ങളുടെ കൈയ്യെത്തും ദൂരത്താണ്. വ്യക്തതയും സൂക്ഷ്മതയും ഉള്ളവയായിരിക്കണം നിങ്ങളുടെ ഗോളുകള്‍.

അവ്യക്തമായ ഒരു ആശയം മാത്രമായി പോകരുത് നിങ്ങളുടെ ഒരു ലക്ഷ്യവും. മൂടല്‍മഞ്ഞു നിറഞ്ഞ വഴിയിലൂടെ, ഒന്നും ശരിയായി കാണാന്‍ പറ്റാതെ മുന്നോട്ടു നടക്കുന്നത് പോലെയിരിക്കും നിശ്ചിതമായ, എടുത്തുപറയാന്‍ പറ്റാത്ത ഒരു ഗോള്‍ ഇല്ലാത്ത ജീവിതം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഒരു ഗോള്‍ നിശ്ചയിക്കുമ്പോള്‍ അത് അളക്കാന്‍ പറ്റുന്നതായിരിക്കണം എന്നതാണ്. അളക്കാന്‍ പറ്റാത്ത ഗോളുകള്‍ വിലയിരുത്താന്‍ പ്രയാസമാണ്.

അപ്പോള്‍ അതിലെ ശരിയും തെറ്റും കണ്ടുപിടിക്കാനും ബുദ്ധിമുട്ടാകും. പലപ്പോഴും നമ്മള്‍ കൃത്യമായി ഒന്നും പറയാത്തത് അതൊരു ബാധ്യത ആകുമോ എന്ന ഭയം ഉള്ളത് കൊണ്ടാണ്. ഒരു നിശ്ചിത കാലാവധി തീരുമാനിക്കുമ്പോള്‍ മാത്രമേ ഏതു ഗോളും നേടിയെടുക്കാന്‍ ഒരു പ്രചോദനം ഉണ്ടാകൂ.

ഒരു ഫുട്ബോള്‍ മാച്ചില്‍ സമയപരിധി ഉള്ളത് കൊണ്ടാണ് ഓരോ മാച്ചും നമ്മളില്‍ ഉദ്വേഗവും ആവേശവും പകരുന്നത്. അല്ലായിരുന്നെങ്കില്‍ ഫുട്ബോള്‍ എന്ന ഗെയിം ലോകം മുഴുവനുള്ള ജനലക്ഷങ്ങള്‍ ഒരേ മനസ്സോടെ എറ്റെടുക്കില്ലായിരുന്നു.

വ്യക്തതയും ഉറപ്പും നേടാം

മനസ്സില്‍ കൂട്ടിവെക്കാതെ എഴുതിവെക്കേണ്ടതാണ് ഗോളുകള്‍. മനസ്സില്‍ മാത്രം തീരുമാനിക്കുന്ന കാര്യങ്ങള്‍ക്കു തീരെ ഉറപ്പുണ്ടാകില്ല. എഴുതിവെക്കുന്ന കാര്യങ്ങള്‍ക്കു തീര്‍ച്ചയായും ഒരു വ്യക്തത ഉണ്ടാവും എന്ന് മാത്രമല്ല അത് ഗോളുകള്‍ക്ക് അധികരിച്ച ഊര്‍ജ്ജവും ശക്തിയും പകരും. ആ വ്യക്തതയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് പ്രോത്സാഹനവും ഉണര്‍വും ആകുന്നത്.

വെല്ലുവിളി നിറഞ്ഞ ഗോളുകളാണ് സെറ്റ് ചെയ്യേണ്ടത്. എന്നാലേ ആ ലക്ഷ്യം ഒന്നെത്തിപ്പി ടിക്കാന്‍ നമുക്ക് വല്ലാത്ത ഒരു ആവേശം തോന്നൂ. വളരെ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഗോളുകള്‍ അത്ര ആവേശജനകമായിരിക്കില്ല എന്ന് മാത്രമല്ല മടുപ്പും ഉളവാക്കും. അതുകൊണ്ട് റിസ്‌ക് എടുക്കാന്‍ പ്രേരിപ്പിക്കുന്നവയാകണം ഗോളുകള്‍.

അങ്ങനെയുള്ളവര്‍ക്കു മുന്നില്‍ മാത്രമേ പുതിയ വഴികള്‍ തുറക്കൂ. പക്ഷെ മുന്‍പിന്‍വിചാരമില്ലാത്ത ഒരു ചൂതാട്ടമല്ല റിസ്‌ക് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ശ്രദ്ധയോടെ, കെട്ടിപ്പടുക്കേണ്ടതാണ് ജീവിതം. തീരുമാനങ്ങളില്ലാതെ, ലക്ഷ്യങ്ങളില്ലാതെ മുന്നോട്ടുപോകുന്നതു നമുക്കും നമ്മളെ ആശ്രയിച്ചു കഴിയുന്നവര്‍ക്കു തീര്‍ത്തും ഗുണകരമല്ല.

ശ്രയസ്‌കരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഗോളുകള്‍ തീരുമാനിച്ചു മുന്നോട്ടുപോയാല്‍ മാത്രമേ അത് സാധ്യമാവൂ. അടുക്കും ചിട്ടയുമുള്ള വീടിനേ ഭംഗിയുള്ളു എന്ന് പറയുന്നത് പോലെയാണ് ജീവിതവും. എത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നുവോ ജീവിതം അത്രയും വിജയകരവും സന്തോഷകരവും ആയി മാറും. മുകളില്‍ പറഞ്ഞ അഞ്ചു തത്വങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് കൃത്യമായി ഗോള്‍ സെറ്റിംഗ് നടത്തിയാല്‍ ഉറപ്പായും സുനിശ്ചയമായ ജീവിത വിജയം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ഗോൾ സെറ്റിങ്ങിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ : https://bit.ly/3Nmze2f

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it