മലയാളി കുടിയേറ്റത്തിന്റെ നല്ലകാലം കഴിഞ്ഞോ? ഇല്ല! അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കേരളം ഇങ്ങനെയായിരിക്കുകയുമില്ല; അങ്ങനെ പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ട്

കുടിയേറ്റം, മലയാളി യുവാക്കളിലെ അക്രമവാസന, രാസലഹരി ഉപയോഗം, സംസ്ഥാനത്തെ സാധ്യതകള്‍, വെല്ലുവിളികള്‍ ഇവയെ കുറിച്ചെല്ലാം മരുവല്‍ക്കരണത്തിനെതിരായ യുഎന്‍ സംവിധാനത്തിന്റെ ഡയറക്റ്ററും സാമൂഹ്യ നിരീക്ഷകനുമായ മുരളി തുമ്മാരുകുടി സംസാരിക്കുന്നു
മുരളി തുമ്മാരുകുടി സംസാരിക്കുന്നു
മുരളി തുമ്മാരുകുടി സംസാരിക്കുന്നു
Published on

കേരളം കരുതിക്കൂട്ടി ഒരു മാറ്റത്തിന് ഒരുങ്ങുകയാവില്ല, മറിച്ച് ഒരു പ്രതിസന്ധിയുടെ വക്കില്‍ വെച്ച് മാറാന്‍ നിര്‍ബന്ധിതമാകും. കേരളത്തില്‍ സാധ്യതയുള്ള മേഖലകള്‍ ചിലതുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിന് പ്രാധാന്യം നല്‍കിയാല്‍ പോലും കേരളം വളരും. യുവസമൂഹം കേരളത്തിലേക്ക് തിരിച്ചുവരും. അതിനായി ഇവിടെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങള്‍ അനിവാര്യമാണ്. കേരളത്തിലെ സമകാലികമായ വിഷയങ്ങളില്‍ മുരളി തുമ്മാരുകുടി പ്രതികരിക്കുന്നു.

Q

ലോക രാജ്യങ്ങള്‍ കൂടുതല്‍ കുടിയേറ്റ വിരുദ്ധ നിലപാടുകളിലേക്ക് പോകുന്നത് മലയാളികളുടെ കുടിയേറ്റത്തിന് തിരിച്ചടിയാകുമോ?

A

കുടിയേറ്റത്തിന്റെ നല്ലകാലം അവസാനിച്ചോ എന്ന ആശങ്ക ലോകമെമ്പാടുമുണ്ട്. അമേരിക്കയില്‍ കുടിയേറ്റവിരുദ്ധ നിലപാടാണ് ഭരണകൂടത്തിനുള്ളത്. ജര്‍മനിയില്‍ അടുത്തിടെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയത് കുടിയേറ്റ വിരുദ്ധ നിലപാടുള്ള കക്ഷിക്കാണ്. കുടിയേറ്റത്തിന് ഒരു സാമ്പത്തിക തലമുണ്ട്. ഓരോ രാജ്യത്തും തൊഴിലാളികളുടെ, വൈദഗ്ധ്യമുള്ളവരുടെ ആവശ്യമുള്ളതുകൊണ്ടാണ് കുടിയേറ്റം നടക്കുന്നത്. അതായത് അതൊരു ആവശ്യമാണ്. പക്ഷേ കുടിയേറ്റത്തിന് എതിരായ വികാരമുണ്ട്. പ്രവാസി മലയാളികള്‍ കെട്ടിപ്പടുത്ത നാടാണ് നമ്മുടെ ഇപ്പോഴത്തെ കേരളം. എന്നിട്ടും ഇവിടേക്ക് കുടിയേറുന്നവരോട് അസഹിഷ്ണുതയില്ലേ? ഇപ്പോഴത്തെ കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ പരമാവധി രണ്ട് വര്‍ഷം കൊണ്ട് മാറുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. കാരണം, കുടിയേറ്റത്തിന് എതിരായ നിലപാടുകള്‍ കൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ വൈകാതെ അവരുടെ സാമ്പത്തിക സൂചകങ്ങളില്‍ കണ്ടുതുടങ്ങും. വേതന വര്‍ധനവരും. ജീവിതച്ചെലവ് കൂടും. വൈദഗ്ധ്യമുള്ള ചെലവ് കുറഞ്ഞ മനുഷ്യവിഭവശേഷി പുറത്തുനിന്ന് കെണ്ടുവരേണ്ട സ്ഥിതി വരും. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന സമ്പദ് വ്യവസ്ഥകള്‍ മുന്നേറും. അതുകൊണ്ട് കുടിയേറ്റ വിരുദ്ധ നയങ്ങള്‍ അധികം വൈകാതെ മയപ്പെടും. കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടും.

Q

ഇവിടെയുള്ള അതിഥിത്തൊഴിലാളികള്‍ കൈപ്പറ്റുന്ന കൂലി ഇവിടെ ചെലവിടാതെ അവരുടെ നാട്ടിലേക്ക് വലിയ തോതില്‍ അയയ്ക്കുന്നതുകൊണ്ട് കേരളത്തിലെ സാമ്പത്തിക മേഖലയില്‍ പണം വരവ് ചുരുങ്ങുന്നുവെന്നും അത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പലരും ആശങ്കപ്പെടുന്നുണ്ട്. അങ്ങനെയൊരു സാധ്യത താങ്കള്‍ കാണുന്നുണ്ടോ?

A

വളരെ തെറ്റായ ഒരു കാര്യമാണ്. നമ്മള്‍ ഇതേ കാര്യം ഗള്‍ഫിലേക്ക് ഒന്നു എടുത്ത് നോക്കുക. മലയാളികള്‍ അവിടെ ചെന്ന് പണിയെടുത്ത് അവിടുത്തെ പണം മുഴുവന്‍ നാട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് ഗള്‍ഫ് രാജ്യക്കാര്‍ ചിന്തിച്ചിരുന്നുവെങ്കില്‍ നമ്മുടെ സ്ഥിതി എന്താകുമായിരുന്നു. മറ്റൊന്ന് അതിഥിത്തൊഴിലാളികള്‍ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ താഴ്ന്ന കൂലിക്ക് നമുക്ക് ജോലികള്‍ ചെയ്യിപ്പിക്കാന്‍ പറ്റുമായിരുന്നോ? കണ്‍സ്ട്രക്ഷന്‍, കാര്‍ഷിക മേഖല തുടങ്ങി എല്ലാ രംഗത്തും ഉയര്‍ന്ന കൂലി വരുമ്പോള്‍ ലാഭക്ഷമത വലിയ തോതില്‍ കുറയും.

അതിഥിത്തൊഴിലാളികള്‍ ഏറെയുള്ള പ്രദേശങ്ങളിലൊന്നാണ് പെരുമ്പാവൂര്‍. അവിടെയുള്ള സാധാരണ കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത് അതിഥിത്തൊഴിലാളികളുള്ളതുകൊണ്ടു കൂടിയാണ്. നമ്മുടെ നാട്ടുകാര്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇവര്‍ നാട്ടിലെ കടകളില്‍ നിന്ന് വാങ്ങുന്നു. കുടിയേറ്റം നടക്കുമ്പോള്‍ കുടിയേറുന്നവര്‍ക്ക് ഗുണമുണ്ട്. അവരുടെ നാട്ടിലും ഗുണമുണ്ട്. അതുപോലെ തന്നെ ആളുകള്‍ കുടിയേറുന്ന നാടിനും നേട്ടമാണെന്ന് സാമ്പത്തിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവിടെ ക്രയവിക്രയങ്ങള്‍ കൂടും. സര്‍ക്കാരിന് നികുതി കൂടുതല്‍ കിട്ടും. കുടിയേറ്റം ദോഷകരമല്ല, നാടിന് ഗുണകരമാണ്.

Q

ഇതിനായി സാമൂഹിക മാറ്റം വരണെമന്നാണോ?

A

സാമൂഹികമായി മാത്രമല്ല, സാമ്പത്തികമായും മാറണം. ഇന്ത്യയിലെ മറ്റ് പ്രധാന പട്ടണങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജീവിതച്ചെലവ് കുറവാണ്. നല്ല സ്‌കൂളുകളുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ പൊതുഗതാഗത സൗകര്യമുണ്ട്. വീട് കിട്ടാന്‍ അത്ര പ്രയാസവുമില്ല. എന്നിട്ടും കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ വരാന്‍ മലയാളി ഐടി പ്രൊഫഷണലുകള്‍ പോലും മടിക്കുകയാണ്. സാമൂഹികമായ മാറ്റം കൂടി വന്നാല്‍ മാത്രമേ യുവസമൂഹം ഇവിടേക്ക് ആകര്‍ഷിക്കപ്പെടുകയുള്ളൂ. ഒപ്പം സാമ്പത്തികമായും മാറണം. ഇവിടെ ഇപ്പോഴും സ്വകാര്യ മേഖലയില്‍ മാന്യമായ വേതനം കിട്ടുന്ന സാഹചര്യമില്ല. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ വേതനത്തിന്റെ എത്രയോ കുറവാണ് ഇവിടെ പല സിബിഎസ്ഇ സ്‌കൂളിലെ അധ്യാപകര്‍ക്ക് കിട്ടുന്നത്.

സര്‍ക്കാര്‍ സര്‍വീസിലെ ക്ലാര്‍ക്കിന് കിട്ടുന്ന വേതനവും സ്വകാര്യ മേഖലയിലെ വേതനവും തമ്മില്‍ വലിയ അന്തരമില്ലേ? കൂടുതല്‍ കൂടുതല്‍ ടെക്നോളജികള്‍ ഉപയോഗിച്ച് ഓരോ ബിസിനസുകളും കൂടുതല്‍ വളര്‍ച്ച നേടിയാല്‍ മാത്രമേ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ഉയര്‍ന്ന വേതനം കിട്ടുന്ന സാഹചര്യം ഇവിടെയുണ്ടാകൂ. നിലവില്‍ കേരളത്തില്‍ ലഭിക്കുന്ന വേതനത്തിനേക്കാള്‍ അഞ്ച് ഇരട്ടിയെങ്കിലും ഉയരാതെ നമ്മുടെ യുവാക്കള്‍ക്ക് ആകര്‍ഷകമായ ജോലി ഇവിടെയുണ്ടാവില്ല.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദഗ്ധ്യമില്ലാത്തവര്‍ ഇവിടേക്ക് വരുന്നത് എന്തുകൊണ്ടാണ്? അവര്‍ക്ക് അവരുടെ നാട്ടില്‍ ആ ജോലികള്‍ക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണം ഇവിടെ കിട്ടുന്നത് കൊണ്ടാണ്. വൈദഗ്ധ്യമുള്ള ജോലികളുടെ കാര്യത്തിലും അതേ സ്ഥിതി വന്നാലേ കേരളത്തിലേക്ക് യുവസമൂഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാന്‍ സാധിക്കൂ.

Q

കേരളത്തിലെ ഭരണതലത്തിലുള്ളവരോട് ഇത്തരം ആശയങ്ങള്‍ പങ്കുവെച്ചിട്ടുണ്ടോ? കേരളത്തില്‍ മാറ്റം വരും എന്നത് വെറും പറച്ചില്‍ മാത്രമാണോ? എന്താണ് താങ്കള്‍ക്ക് തോന്നിയിട്ടുള്ളത്.

A

വളരെ സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് കേരളത്തിലേത്. സംസ്ഥാനത്തെ പ്രബലമായ ഇരു കക്ഷികളിലും വളരെ നൈപുണ്യമുള്ള നേതൃനിരയുണ്ട്. അതുകൊണ്ടാണ് എല്ലാം കൈകാര്യം ചെയ്ത് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പോകുന്നത്. പക്ഷേ വരാനിരിക്കുന്ന കാര്യങ്ങള്‍ ചിന്തിച്ച്

മാറ്റങ്ങള്‍ നമ്മള്‍ കൊണ്ടുവരാനുള്ള സാധ്യതയേക്കാള്‍ ഒരു വലിയ പ്രതിസന്ധിയുടെ വക്കില്‍ ഇവിടെ മാറ്റങ്ങള്‍ വരാന്‍ നിര്‍ബന്ധിതമാകുമെന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികള്‍ പുറത്തേക്ക് പോകുന്നു, നേഴ്സുമാര്‍ അടക്കം വൈദഗ്ധ്യമുള്ളവരെ കിട്ടാതെ വരും. ആ പ്രതിസന്ധിയില്‍ ഇവിടെ മാറ്റങ്ങള്‍ വരും. അതിന് നിര്‍ബന്ധിതമാകും.

Q

കേരളത്തിന് മുന്നിലെ റിസ്‌ക് എന്താണിപ്പോള്‍?

A

കേരളത്തെ ഒറ്റയ്ക്ക് തോളിലേറ്റാന്‍ പറ്റുന്ന രംഗമാണ് ടൂറിസം. സ്പെയിനിന്റെ ജനസംഖ്യ നാല് കോടി എഴുപത് ലക്ഷമാണ്. അവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയാണ്. അതായത് മൊത്തം ജനസംഖ്യയുടെ ഇരട്ടിയിലധികമാണ് അവിടെ സഞ്ചാരികളായെത്തുന്നത്. കേരളത്തിന്റെ ജനസംഖ്യ 3.30 കോടിയാണ്. ഇവിടെ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം 20 ലക്ഷത്തില്‍ താഴെയാണ്. സ്പെയിനിലെ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇവിടെ ആറ് കോടിയെങ്കിലും വരേണ്ടതാണ്. കേരളത്തിലെ ജനസംഖ്യയില്‍ ഒരാള്‍ക്ക് ഒരു ടൂറിസ്റ്റ് എന്ന നിലയിലേക്ക് തന്നെ വന്നാല്‍ ടൂറിസത്തില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നതിന്റെ പത്തിരട്ടി വരുമാനം നമുക്ക് ലഭിക്കും. എല്ലാ രംഗത്തെയും സ്വാധീനിക്കാനുള്ള ശേഷി ടൂറിസത്തിനുണ്ട്.

നമുക്ക് ടൂറിസം മാത്രം മതിയെന്ന് തീരുമാനിച്ചാല്‍ പോലും വളര്‍ച്ചയുണ്ടാകും.

രണ്ടാമത്തേത് കൃഷിയാണ്. ഇന്ന് നാം ചെയ്യുന്ന പരമ്പരാഗത കൃഷിരീതികള്‍ക്ക് യാതൊരു സാധ്യതയുമില്ല. വിപണിയില്‍ ഡിമാന്‍ഡുള്ളവ കൃഷിയിടത്തെ ഒരു വ്യവസായമെന്ന പോലെ കണ്ട് ഉല്‍പ്പാദിപ്പിച്ചാല്‍ വലിയ

സാധ്യതയാണുള്ളത്. നമ്മുടെ നാട്ടില്‍ ഓരോ അഞ്ച് കിലോമീറ്ററിലും വഴിയോരത്ത് പലതരം പഴങ്ങള്‍ വില്‍ക്കുന്നത് കാണാം. അതില്‍ കേരളത്തില്‍ നിന്നുള്ളത് എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്നത് ചിലപ്പോള്‍ പൈനാപ്പിള്‍ മാത്രമാകും. നമുക്ക് ഇത്തരം വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് പഴങ്ങള്‍ സപ്ലൈ ചെയ്യാനുള്ള സപ്ലൈ ചെയ്ന്‍ ഒന്നുമില്ല. ചിലതരം പഴങ്ങള്‍ ഒഴികെ മറ്റെല്ലാം കേരളത്തില്‍ വിളയുകയും ചെയ്യും. വിപണി മുന്നില്‍ക്കണ്ട് ഇത്തരം പഴങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് ആഭ്യന്തര തലത്തില്‍ വില്‍പ്പന നടത്തിയാല്‍ പോലും വലിയ സാധ്യതയുണ്ട്.

നമ്മുടെ കല്യാണങ്ങളിലെ ഫ്ളവര്‍ അറേഞ്ച്മെന്റ് ശ്രദ്ധിച്ചിട്ടില്ലേ. ലക്ഷങ്ങള്‍ ചെലവിടുന്നുണ്ട് അതിന്. ഇതിന് വേണ്ട പൂക്കള്‍ വരുന്നത് ആംസ്റ്റര്‍ഡാമില്‍ നിന്നാണ്. ആംസ്റ്റര്‍ഡാമിലേക്ക് പൂ വരുന്നത് കെനിയയില്‍ നിന്നുമാണ്. കൃഷിയുടെ കാര്യത്തില്‍ നമുക്ക് നെതര്‍ലാന്‍ഡിനെ മാതൃകയാക്കാം. മാര്‍ച്ച് - സെപ്റ്റംബര്‍ മാസങ്ങളിലാണ് അവിടെ സൂര്യനെ കാണുന്നത് തന്നെ. പക്ഷേ, അവരുടെ കാര്‍ഷിക രംഗത്തുനിന്നുള്ള വരുമാനം 90 ബില്യണ്‍ ഡോളറാണ്. ഗ്രീന്‍ ഹൗസ് കൃഷിരീതി, കോണ്‍ട്രാക്റ്റ് ഫാമിംഗ് തുടങ്ങിയ രീതികള്‍ ഉപയോഗിച്ച് കൃഷിയിടത്തെ ഒരു സംരംഭമായി കണ്ട് മുന്നോട്ട് പോവുകയാണെങ്കില്‍ നമുക്കും ഇതുപോലെ വരുമാനമുണ്ടാക്കാം.

കേരളത്തിന് ആഗോള സ്ഥാപനങ്ങളുടെ ഡിസൈന്‍ ബാക്ക് എന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന ഘടകങ്ങളുണ്ട്. ഇപ്പോള്‍ ദുബൈ, സിംഗപ്പൂര്‍ എന്നിവയൊക്കെ കേന്ദ്രീകരിച്ചാണ് ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ വലിയൊരു ശതമാനവും മലയാളികളുമാണ്. ദുബായില്‍ കൊടുക്കുന്ന വേതനം വേണ്ടിവരില്ല, അവരെ ഇവിടെ തന്നെ സെന്ററുകള്‍ ഒരുക്കി വിന്യസിച്ചാല്‍. ഇങ്ങനെ നിരവധി സാധ്യതകള്‍ കേരളത്തിന് മുന്നിലുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നെങ്കിലും മികച്ച രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നാല്‍ പോലും കേരളം ഏറെ മുന്നേറും.

ധനം വ്യവസായ വാണിജ്യ ദ്വൈവാരികയുടെ ഏപ്രില്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com