അവില്‍ മില്‍ക്കിനെ ബ്രാന്‍ഡ് ആക്കിയ 'മൗസി'യുടെ കഥ

എം.ടെക്കുകാരനായ അസ്ഹര്‍ മൗസി മലയാളിക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന പാനീയമായ അവില്‍ മില്‍ക്കിനെ ബ്രാന്‍ഡ് ചെയ്ത് പ്രശസ്തമാക്കുകയാണ് വടക്കേ ഇന്ത്യക്കാരുടെയും മുംബൈക്കാരുടെയും ഇഷ്ടവിഭവമായിരുന്ന വടാപാവിനെ രാജ്യത്തെ നൂറിലധികം നഗരങ്ങളിലായി 300 ഓളം ഔട്ട്ലെറ്റുകളിലൂടെ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ച ഗോലി വടാപാവിന്റെ വഴിയേയാണ് ഒരു മലയാളി സംരംഭകന്‍. മലയാളിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന പാനീയമായ അവില്‍ മില്‍ക്കിന് പുതുരുചി നല്‍കിയാണ് മലപ്പുറത്തുകാരനായ അസ്ഹര്‍ മൗസി മേഖലയില്‍ വ്യത്യസ്തനാകുന്നത്. ഇന്ന് ഒരുപാട് പേര്‍ അറിയുന്ന അവില്‍ മില്‍ക്ക് ബ്രാന്‍ഡായി മാറിയിരിക്കുകയാണ് മൗസി.

പെരിന്തല്‍മണ്ണയിലെ ഒറ്റമുറി കടയില്‍ നിന്ന് രാജ്യത്തിനകത്തും പുറത്തുമായി 15 ലേറെ ശാഖകളുള്ള ബ്രാന്‍ഡായി അതിനെ മാറ്റിയെന്നതാണ് അസ്ഹര്‍ മൗസി എന്ന സിവില്‍ എന്‍ജിനീയറുടെ നേട്ടം. രാജ്യത്തെ ആദ്യത്തെ അവില്‍ മില്‍ക്ക് എക്സ്‌ക്ലൂസിവ് ഷോറൂം എന്ന നിലയില്‍ പ്രശസ്തമായ മൗസി 80 ലേറെ വൈവിധ്യമാര്‍ന്ന അവില്‍ മില്‍ക്കുകളാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പെരിന്തല്‍മണ്ണയിലെ ഔട്ട്ലെറ്റില്‍ മാത്രം ദിവസം 450 കിലോയിലേറെ പഴം അവര്‍ അവില്‍ മില്‍ക്കിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയ്ക്ക് പെരിന്തല്‍മണ്ണയിലെ 60 ചതുരശ്ര അടി കടമുറിയില്‍ നിന്ന് പതിനായിരത്തിലേറെ ചതുരശ്രയടിയിലേക്കാണ് സ്ഥാപനം വളര്‍ന്നത്.

തുടക്കം 1985 ല്‍

പെരിന്തല്‍മണ്ണ സ്വദേശി വീരാന്‍ ഹാജിയുടെ ഉപജീവന മാര്‍ഗമായിരുന്നു ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിലെ ചെറിയ കടമുറി. 1985 ല്‍ കരിമ്പിന്‍ പാലും നാരങ്ങാ വെള്ളവും ചായയുമൊക്കെ വിറ്റിരുന്ന സ്ഥാപനം. തന്റെ മക്കളെ പഠിപ്പിച്ചതും വിവാഹം നടത്തിയതുമെല്ലാം അതില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അപ്പോള്‍ ഇളയ മകന്‍ അസ്ഹര്‍ മൗസി നാലില്‍ പഠിക്കുകയായിരുന്നു. പിന്നീട് മൂത്ത മകന്‍ കടയുടെ നിയന്ത്രണം ഏറ്റെടുത്തു. അസ്ഹര്‍ പഠിച്ച് ബി.ടെക്കും എം.ടെക്കും പൂര്‍ത്തിയാക്കി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി.

അതിനിടെയാണ് സഹോദരന്‍ അസുഖബാധിതനാകുന്നത്. മികച്ച ചികിത്സയ്ക്കായി കോയമ്പത്തൂരില്‍ പോകേണ്ടി വന്നു. അസ്ഹറായിരുന്നു കൂടെ നിന്നിരുന്നത്. ആറു മാസത്തോളം കോയമ്പത്തൂരില്‍ കഴിയേണ്ടി വന്നപ്പോഴാണ് അവിടെ ചെറിയൊരു ജ്യൂസ് കട ഇടാമെന്ന് ആലോചന വന്നത്. ഒരു പാലം വന്നപ്പോള്‍ കട ഒഴിയേണ്ടി വന്നു.

ഗത്യന്തരമില്ലാതെ പെരിന്തല്‍മണ്ണയിലെ പഴയ കടയിലേക്ക് മടങ്ങി. ബാക്കി വന്ന മാംഗോ ഫ്രൂട്ട് പള്‍പ്പും മാങ്ങാ കഷ്ണങ്ങളും ഉള്‍പ്പെടുത്തി നാച്വറലായി അവില്‍ മില്‍ക്കിന്റെ വൈവിധ്യം അവതരിപ്പിച്ചത്. അത് പെട്ടെന്ന്് ക്ലിക്കായി. പിന്നെ സ്ട്രോബറിയും പിസ്തയും പേരക്കയും തുടങ്ങി വൈവിധ്യങ്ങളുടെ പിന്നാലെയായി. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സ്ഥാപനത്തിന്റെ ഖ്യാതി മലപ്പുറത്തിന് പുറത്തുമെത്തി. കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനായി കട ഒഴിയാന്‍ മുനിസിപ്പാലിറ്റിയുടെ നോട്ടീസ് ലഭിച്ചതോടെ കട തറയില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് മാറ്റി.


മൂന്നു വര്‍ഷം മുമ്പ് ബ്രാന്‍ഡിംഗ്

2020 മാര്‍ച്ച് ഒന്നിനാണ് മൗസി എന്ന പേരുമായി അവില്‍ മില്‍ക്കിനായി എക്സ് ക്ലൂസിവ് ഷോറൂം അസ്ഹര്‍ മൗസി തുറക്കുന്നത്. 'എന്റെ പഴം' എന്നാണ് മൗസി എന്ന അറബിക് വാക്കിന്റെ അര്‍ത്ഥം. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സമയമായിരുന്നിട്ടും അവില്‍ മില്‍ക്കിനുള്ള ഓര്‍ഡര്‍ കുറഞ്ഞില്ല. 'അക്കാലത്ത് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരെല്ലാം കൂള്‍ബാറുകള്‍ക്ക് പിന്നാലെയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ താരമായിരുന്ന മൗസിയുമായി സാമ്യമുള്ള പേരുകളുമായി അവില്‍ മില്‍ക്ക് ഷോപ്പുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും തുറന്നു. അങ്ങനെ വന്നപ്പോഴാണ് ഈ ബിസിനസിന് ഇത്രത്തോളം വിപുലീകരണ സാധ്യതയുണ്ടെന്ന് മനസിലാക്കിയത്. പുതിയ ശാഖകള്‍ പലയിടങ്ങളിലായി തുടങ്ങുന്നത് അങ്ങനെയാണ്' - അസ്ഹര്‍ പറയുന്നു.

15 ഷോറൂമുകള്‍ക്ക് പുറമേ കാഞ്ഞങ്ങാട്, പെരിന്തല്‍മണ്ണ വി.കെ മാള്‍, തിരുവനന്തപുരം ലുലു മാള്‍, തൃശൂര്‍ വൈ മാള്‍, നാദാപുരം എന്നിവിടങ്ങളില്‍ പുതിയ ഷോറൂം തുറക്കുന്നുണ്ട്. കൂടാതെ ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലും ഈ വര്‍ഷം സാന്നിധ്യമറിയിക്കും.



മുകളിൽ: മൗസി ഔട്ട്ലെറ്റുകൾ

നിലവില്‍ കോയമ്പത്തൂരിലും ദുബൈ കരാമയിലുമാണ് കേരളത്തിനു പുറത്തുള്ള ഷോപ്പുകള്‍. ഫ്രൂട്ട് & നട്ട്സ്, റോയല്‍, മാംഗോ, ബ്ലൂബെറി, അറേബ്യന്‍, ഡേറ്റ്സ് തുടങ്ങിയവയാണ് ഏറെ വിറ്റുപോകുന്ന അവില്‍ മില്‍ക്ക്. നിലവില്‍ 80 ലേറെ വൈവിധ്യം അവതരിപ്പിക്കുമ്പോള്‍ തന്നെ ഓരോ ആറു മാസത്തിലും പുതിയവ കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

ഷുഗര്‍ ഫ്രീ അവില്‍ മില്‍ക്കാണ് മൗസിയിലെ മറ്റൊരു പ്രത്യേകത. കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മധുരമില്ലാത്ത ഐസ്‌ക്രീം ഇതിനായി പ്രത്യേകം തയാറാക്കി വാങ്ങുന്നു. പ്രത്യേക കളര്‍ തീമില്‍ ഒരുക്കിയിരിക്കുന്ന ഷോറൂമുകളില്‍ മെഷീനുകള്‍ ഉപയോഗപ്പെടുത്തിയാണ് അവില്‍ മില്‍ക്ക് നിര്‍മാണം. വൃത്തിയും രുചിയും ഉറപ്പുവരുത്തിയാണിത്.



Related Articles
Next Story
Videos
Share it