രാജ്യാന്താര സൗകര്യങ്ങളോടെ കോഴിക്കോട് നിന്നൊരു കോവര്‍ക്കിംഗ് സ്‌പേസ്, 'മൈ വര്‍ക്ക്'
വർക്ക് സ്പേസിന് നല്ല വൈബായിരിക്കണം. തടസമില്ലാത്തതും പണിതരാത്തതുമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാകണം. ഇന്റീരിയറൊക്കെ ആകര്‍ഷകമാക്കി നേരെ ചെന്നിരുന്ന് ജോലിയെടുക്കാന്‍ പറ്റുന്ന വര്‍ക്ക് സ്പേസാണെങ്കില്‍ കൂടുതല്‍ സന്തോഷം. ഓഫീസ് വൃത്തിയാക്കാനും കേടായ ബള്‍ബ് മാറ്റിയിടാനൊന്നും കഴിയില്ല. ഒന്ന് റിലാക്സ് ആകാന്‍ സോഫ്റ്റ് ഡ്രിങ്ക്്സും സ്നാക്സും കയ്യകലത്ത് വേണം. അടച്ചുറപ്പുള്ള ഓഫീസ് വേണമെന്ന് മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാനോ പോകാനോ കഴിയണം...
ഓഫീസ് സ്പേസ് തപ്പിനടക്കുന്നവരുടെ ആവശ്യങ്ങളുടെ നീണ്ടനിര കേള്‍ക്കുമ്പോള്‍ ഹാ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം... എന്ന് പറയാന്‍ വരട്ടെ. കോഴിക്കോട് നടക്കാവില്‍ രണ്ട് യുവസംരംഭകര്‍ ചേര്‍ന്ന് നടപ്പാക്കിയിട്ടുണ്ട് ഈ സ്വപ്നം. അവിടെ വരെ പോയി നോക്കിയാല്‍ കാണാം, മനസിലുള്ളത് കണ്‍മുന്നില്‍.
സ്‌കൂള്‍ പഠനകാലത്തെ സുഹൃത്തുക്കളായ ഹാരൂണ്‍ ആര്‍ റഷീദും പ്രമുഖ ബിസിനസുകാരനായ അബ്ദുള്‍ സമദ് പുല്ലാട്ടിന്റെ മകന്‍ മുഹമ്മദ് ഷിയാസ് പുല്ലാട്ടുമാണ് മൈ വര്‍ക്ക് എന്ന ബ്രാന്‍ഡഡ് കോ വര്‍ക്കിംഗ് സ്പേസിന്റെ ശില്‍പ്പികള്‍. ഓഫീസ് സ്പേസ് വേണമെന്ന ആഗ്രഹം മനസിലുള്ളവര്‍ക്ക് മൈ വര്‍ക്കിലേക്ക് കടന്നുവരാം. ഒരു തലവേദനയുമില്ലാതെ വര്‍ക്ക് സ്പേസിലിരുന്ന് ജോലി ചെയ്യാം- ഈ ഉറപ്പാണ് ഹാരൂണും മുഹമ്മദ് ഷിയാസും നിങ്ങള്‍ക്ക് നല്‍കുന്നത്.
വെറും ഓഫീസല്ല, സമ്പൂര്‍ണ ഹോസ്പിറ്റാലിറ്റി
റിയല്‍ എസ്റ്റേറ്റ്, ഓഫീസ് സപ്ലൈസ് തുടങ്ങിയ മേഖലകളില്‍ മൂന്നര പതിറ്റാണ്ടിലേറെക്കാലം അനുഭവസമ്പത്തുള്ള കോഴിക്കോട്ടെ ഗുഡ്ലാന്റ്സിന്റെ സാരഥി ടി.കെ മമ്മദ് കോയയുടെ മകനായ ഹാരൂണിന്റെ സ്‌കൂള്‍ പഠനം ചെന്നൈയിലായിരുന്നു. കോളെജ് വിദ്യാഭ്യാസം ബംഗളൂരുവിലും. പഠനകാലത്തും അതിന് ശേഷവുമൊക്കെ പിതാവിനൊപ്പം ബിസിനസിലുണ്ടായിരുന്നു. ''ചെന്നൈയിലും ബംഗളൂരുവിലുമൊക്കെയുള്ള കാലത്ത് ശ്രദ്ധയില്‍ പെട്ട ഒരു കാര്യമാണ് ഓഫീസ് സ്പേസുകളുടെ രംഗത്ത് വരുന്ന മാറ്റം. പല കമ്പനികളും ന്യൂജെന്‍ സംരംഭകരെ ആകര്‍ഷിക്കുന്നത് ശ്രദ്ധിച്ചിരുന്നു. 2019ല്‍ ചെന്നൈയില്‍ ഒരു കെട്ടിടത്തിന് ടോക്കണ്‍ കൊടുത്തു. പക്ഷേ കോവിഡ് വന്നതോടെ ആ പദ്ധതി ഉപേക്ഷിച്ചു. 2021ലാണ് പിന്നീട് ഇതേ ആശയത്തിന് പിന്നാലെ ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചത്. കോഴിക്കോട് തന്നെ ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. അതാണ് നടക്കാവിലെ മൈ വര്‍ക്ക്'' - ഹാരൂണ്‍ പറയുന്നു.
6000 ചതുരശ്രയടിയിലേറെ സ്പേസില്‍ 125 വര്‍ക്ക് സ്പേസുകളാണ് ഒരുക്കിയിരിക്കുന്നത്. 30 ശതമാനത്തോളം സ്പേസ് കോമണ്‍ ഏരിയയാണ്. ''ഇതൊരു ഓഫീസ് കെട്ടിടമൊരുക്കി വാടകയ്ക്ക് കൊടുക്കുന്ന ബിസിനസല്ല, മറിച്ച് ഹോസ്പിറ്റാലിറ്റിയും ഇവിടെ കൈകോര്‍ക്കുന്നു''- ഹാരൂണിന്റെ ഈ വാക്കുകളുടെ വസ്തുത അറിയാന്‍ മൈ വര്‍ക്കില്‍ ഒരു ദിനം ചെലവിട്ടാല്‍ മതി.
വര്‍ക്ക് സ്പേസ് എടുക്കുന്നവര്‍ക്ക് ചായയും കാപ്പിയും കുടിവെള്ളവും ഇഷ്ടം പോലെ. പ്രകൃതിയിലേക്ക് തുറന്നിരിക്കുന്ന വലിയ ഗ്ലാസ് ജനലുകളുള്ള ഓഫീസ്.
വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്ള കോണ്‍ഫറന്‍സ് റൂം. ഹൗസ് കീപ്പിംഗ്, ഓഫീസ് മെയ്ന്റനന്‍സ് എന്നിവയ്ക്കെല്ലാം കേന്ദ്രീകൃത സംവിധാനം. സോഫ്റ്റ് ഡ്രിങ്ക്സോ സ്നാക്സോ വേണ്ടവര്‍ക്ക് ഏത് നേരവും പോയി എടുത്ത് കഴിക്കാന്‍ ട്രസ്റ്റ് സ്റ്റോര്‍. പണം യു.പി.ഐ വഴി അടയ്ക്കാം. 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും വര്‍ക്ക് സ്പേസിലേക്ക് ബയോമെട്രിക് ആക്സസ് വഴി പ്രവേശിക്കാം.
ആഘോഷിക്കാന്‍ വിനോദപരിപാടികളും ഇവന്റുകളും
നടക്കാവിലെ മൈ വര്‍ക്കില്‍ ഓഫീസ് സ്പേസ് എടുത്തവരില്‍ രാജ്യാന്തര തലത്തിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ വരെയുണ്ട്. ''ആദ്യ നാളുകളില്‍ തികച്ചും സൗജന്യമായി ഇവിടെ ഒരു ദിവസം ചെലവിട്ട് ജോലി ചെയ്യാന്‍ കമ്പനികള്‍ക്ക് അവസരം ഒരുക്കിയിരുന്നു. ഇവിടുത്തെ സവിശേഷതകള്‍ അവര്‍ക്ക് നേരിട്ട് അനുഭവിച്ചറിയാനായിരുന്നു അത്''- ഹാരൂണ്‍ പറയുന്നു. ഓരോ കമ്പനികളുടെ ആവശ്യങ്ങള്‍ അനുസരിച്ച് സമ്പൂര്‍ണമായി കസ്റ്റമൈസ് ചെയ്ത സ്പേസുകളും ലഭ്യമാണ്.
അടുത്തത് കോയമ്പത്തൂരില്‍
മൈ വര്‍ക്കിന്റെ അടുത്ത കോ വര്‍ക്കിംഗ് സ്പേസ് വിപുലമായ സൗകര്യങ്ങളോടെയാണ് കോയമ്പത്തൂരില്‍ വരുന്നത്. ''സിവില്‍ എന്‍ജിനീയര്‍ കൂടിയായ ഷിയാസിന്റെ നേതൃത്വത്തിലാണ് അനുയോജ്യമായ സ്പേസ് കണ്ടെത്തലും ക്രമീകരണവും. ചെയറുകള്‍ ഉള്‍പ്പെടെ ഓഫീസ് ഉപകരണങ്ങള്‍ ഞങ്ങള്‍ തന്നെ നിര്‍മിച്ച് ക്രമീകരിക്കുന്നതാണ്. എല്ലാ രംഗത്തും എല്ലാ ദിവസവുമെന്നോണം ഞങ്ങള്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. സാങ്കേതികവിദ്യാ രംഗത്തും കൂടുതല്‍ ശ്രദ്ധ കൊടുത്ത് ഓണ്‍ലൈനായി വര്‍ക്ക് സ്പേസ് തിരഞ്ഞെടുത്ത് സ്വന്തമാക്കാന്‍ പറ്റുന്ന സംവിധാനം കൊണ്ടുവരും''- ഹാരൂണ്‍ പറയുന്നു.
(This article is originally published in Dhanam Business Magazine September first issue)