സാമ്പത്തിക പരാജയത്തിന് പിന്നിലെ 9 കാരണങ്ങള്‍

സമ്പന്നരാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ കഠിനാധ്വാനമാണോ സമ്പന്നതയുടെ അടിസ്ഥാനമെന്നത് സംശയമാണ്. കാരണം കഠിനാധ്വാനികളായ പലരും സമ്പന്നരല്ല. സാമ്പത്തികമായി ഭൂരിപക്ഷം പേരും പരാജയപ്പെടാനുള്ള ഒമ്പത് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം. ഒരുപക്ഷേ ഇതില്‍ ഏതെങ്കിലും ഒന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ കൊണ്ടാവാം പലരും സാമ്പത്തികമായി ജീവിതത്തില്‍ പരാജയപ്പെടുന്നത്.

പരിധിയില്ലാതെ ചെലവഴിക്കല്‍

സ്വന്തമായി ഒരു സാമ്പത്തിക പരിധി തീരുമാനിക്കുക എന്നതാണ് ആദ്യത്തെ കാരണം. നമ്മുടെ സാമ്പത്തിക അവസ്ഥയില്‍ മനസ്സിന് വലിയ പങ്കുണ്ട്. മനസ്സുകൊണ്ട് വിചാരിക്കാന്‍ പറ്റാത്തതൊന്നും നമുക്ക് ആര്‍ജിക്കാന്‍ പറ്റുകയില്ല എന്നതാണ് സത്യം. അപ്പോള്‍ സ്വന്തമായി ഒരു സാമ്പത്തിക പരിധി നിശ്ചയിച്ച് അത് തനിക്ക് മറികടക്കാന്‍ കഴിയില്ല എന്ന് കരുതുന്നവര്‍ക്ക് ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ല.

ലക്ഷ്യങ്ങള്‍ ഇല്ലാതെ വരല്‍

ജീവിതത്തിന് പ്രത്യേകിച്ച് ഒരു ലക്ഷ്യം ഇല്ലാത്തത് സാമ്പത്തികമായി പിന്നില്‍ തന്നെ നില്‍ക്കുന്നതിന് ഒരു കാരണമാണ്. ഒരു ലക്ഷ്യം ഉണ്ടെങ്കില്‍ മാത്രമേ അതിനുവേണ്ടി പ്രവര്‍ത്തിക്കാനും സാമ്പത്തികമായി എന്തെങ്കിലുമൊക്കെ നേടാനും നമുക്ക് സാധിക്കുകയുള്ളൂ. ലക്ഷ്യബോധമില്ലാതെ മുന്നോട്ടുപോകുന്നവര്‍ക്ക് സമ്പാദ്യം ഉണ്ടാകാനുള്ള സാധ്യതയില്ല എന്ന് മാത്രമല്ല അവരുടെ ജീവിതം തന്നെ പരാജയപ്പെടാനുള്ള സാധ്യതയാണുള്ളത്.

സാമ്പത്തിക അച്ചടക്കമില്ലാതിരിക്കല്‍

വ്യക്തമായ ഒരു സാമ്പത്തിക പദ്ധതി ഇല്ലാത്തതാണ് സാമ്പത്തികമായി മുന്നേറാന്‍ പറ്റാത്തതിന്റെ മൂന്നാമത്തെ കാരണം. ഭാവി മുന്നില്‍കണ്ട് സാമ്പത്തികമായ പ്ലാനിംഗ് നടത്തിയില്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ താറുമാറായി പോയേക്കാം.

റിസ്‌ക് എടുക്കാതിരിക്കല്‍

ജീവിതത്തില്‍ റിസ്‌ക് എടുക്കാനുള്ള മടിയാണ് പലരുടേയും സാമ്പത്തിക പരാജയത്തിന് നാലാമത്തെ കാരണം. റിസ്‌ക് എടുക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നല്ല അവസരം വന്നാല്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്ന് ആലോചിച്ച് മടിച്ചുനില്‍ക്കാതെ അതിലേക്ക് ഇറങ്ങിച്ചെല്ലുക എന്നുള്ളതാണ്.തീര്‍ച്ചയായും പണം വെച്ചുകൊണ്ടുള്ള, ചീട്ടുകളി പോലെ ഒരു ചൂതാട്ടം അല്ല റിസ്‌ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രമേ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ.

തെറ്റായ നിക്ഷേപങ്ങള്‍

തെറ്റായ സാമ്പത്തിക നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്പത്തിക പരാജയത്തിന് ഒരു പ്രധാന കാരണമാണ്. പലപ്പോഴും പണത്തിനോടുള്ള ആര്‍ത്തികൊണ്ട് പലരും ചെയ്യുന്നതാണ് തെറ്റായ നിക്ഷേപങ്ങള്‍. ഇന്ന് ഒരു ലക്ഷം അടച്ചാല്‍ അടുത്ത മാസം മൂന്നുലക്ഷം ആയി തിരിച്ചുകിട്ടും എന്ന് കേട്ടാല്‍ ആലോചനയില്ലാതെ അതിലേക്ക് പണം നിക്ഷേപിക്കാന്‍ പലരും ഒരുക്കമാണ്. തീര്‍ച്ചയായും നന്നായി റിസര്‍ച്ച് ചെയ്ത് മാത്രം നിങ്ങളുടെ പണം നിക്ഷേപിക്കുക. അല്ലാത്തപക്ഷം കയ്യിലുള്ള സമ്പത്ത് പോലും നഷ്ടപ്പെട്ടുപോയേക്കാം.

വരവിനെക്കാള്‍ അധികം ചെലവഴിക്കല്‍

പണം സൂക്ഷിച്ചുവെക്കുന്നതിനേക്കാള്‍ ചെലവാക്കുന്നതാണ് കൂടുതല്‍ രസകരം. സൂക്ഷിച്ചുവയ്ക്കുന്നത് ഒരു വലിയ ചുമതല തന്നെയാണ്. പക്ഷേ ജീവിതം രസകരമാക്കാന്‍ വേണ്ടി കയ്യില്‍ ഉള്ളതിനേക്കാള്‍ പണം ചെലവ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി മുന്നേറാന്‍ ബുദ്ധിമുട്ടായിരിക്കും.

വേണ്ടത് വേണ്ടപ്പോള്‍ ചെയ്യാതിരിക്കല്‍

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോലെ അത്യാവശ്യ സമയങ്ങളില്‍ നമുക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതികള്‍ പിന്നത്തേക്ക് നീട്ടിവെയ്ക്കുന്നത് സാമ്പത്തിക പരാജയത്തിന് ഒരു കാരണമാണ്. സാമ്പത്തിക കാര്യങ്ങള്‍ നീട്ടിവെയ്ക്കുന്നതിലൂടെ പലപ്പോഴുംഅധിക ചെലവ് വരികയും സാമ്പത്തികമായി വീണ്ടും താഴേയ്ക്ക് പോവുകയും ചെയ്യുന്നു.

കടം കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത

കടങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യാതിരുന്നാല്‍ അത് വലിയ അപകടം തന്നെയാണ്. കടബാധ്യതകള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിങ്ങളറിയാതെതന്നെ വളര്‍ന്നുകൊണ്ടിരിക്കും. പിന്നീട് അതില്‍ നിന്നും മോചനം ലഭിക്കുകയില്ല എന്ന് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ ഓരോ ദിവസവും പരാജയത്തിലേക്ക് പോയിക്കൊണ്ടിരിക്കും.

സാമ്പത്തിക അറിവില്ലായ്മ

എത്ര ഉന്നത വിദ്യാഭ്യാസം നേടിയവരാണെങ്കില്‍ പോലും സാമ്പത്തിക കാര്യങ്ങളില്‍ ഉള്ള അറിവ് പലര്‍ക്കും പരിമിതമാണ്. ജീവിതത്തിലെ ഏറ്റവും അത്യാവശ്യമായ അറിവും ഈ സാമ്പത്തിക അറിവ് തന്നെയാണ്. സാമ്പത്തിക വിദ്യാഭ്യാസം നേടിയാല്‍ മാത്രമേ ഒരാള്‍ക്ക് വ്യക്തമായ സാമ്പത്തിക ആസൂത്രണം നടത്തി സമ്പന്നതയിലേക്ക് ക്രമേണ ഉയരാന്‍ പറ്റുകയുള്ളൂ. മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരുകാരണമാണ് നിങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ക്ക് കാരണമെങ്കില്‍ എത്രയും പെട്ടെന്ന് അത് തിരുത്തി സമ്പന്നതയിലേക്ക് ഉയരാനുള്ള ശ്രമങ്ങള്‍ നടത്തുക. ശ്രമിച്ചാല്‍ നടക്കാത്തതായി ഈ ലോകത്ത് ഒന്നും തന്നെയില്ല !

സമ്പത്ത് നേടാനുള്ള 25 വഴികൾ അറിയാനും കൂടുതൽ കാര്യങ്ങൾ പഠിക്കാനും : www.numberone.academy

Related Articles
Next Story
Videos
Share it