₹40,000 നിക്ഷേപത്തില്‍ തുടക്കം, ₹5,000 കോടി വിറ്റുവരവിലേക്ക് കുതിപ്പ്! ഓക്സിജന്റെ 25 വര്‍ഷങ്ങള്‍ നല്‍കുന്ന 25 പാഠങ്ങള്‍

ഡിജിറ്റല്‍ റീറ്റെയ്ല്‍ രംഗത്ത് ഒട്ടേറെ പുതിയ പ്രവണതകള്‍ക്ക് തിരികൊളുത്തി മുമ്പേ നടന്ന ഓക്സിജന്റെ കാല്‍ നൂറ്റാണ്ട് കാലം പകര്‍ന്നേകുന്ന റീറ്റെയ്ല്‍ പാഠങ്ങള്‍
oxygen 25 years 25 lessons
Published on

''ഡിജിറ്റല്‍ റീറ്റെയ്ല്‍ രംഗത്ത് ഞങ്ങള്‍ ട്രെന്‍ഡ് സെറ്ററാകും'' ഒന്നര പതിറ്റാണ്ടു മുമ്പ്, കൊച്ചി നഗരത്തിലെ ചെറിയൊരു റെസ്റ്റൊറന്റിലിരുന്ന് ഡിജിറ്റല്‍ റീറ്റെയ്ല്‍ ബ്രാന്‍ഡായ ഓക്സിജന്റെ യുവ സാരഥി ഷിജോ കെ തോമസ് ഇത് പറയുമ്പോള്‍ വാക്കുകളില്‍ തുളുമ്പിനിന്നത് ദൃഢനിശ്ചയമായിരുന്നു. കോട്ടയത്തും ആലപ്പുഴയിലും കട്ടപ്പനയിലും കൊച്ചിയിലുമൊക്കെ ഡിജിറ്റല്‍ റീറ്റെയ്ല്‍ സ്റ്റോര്‍ തുറന്ന് ഓക്സിജന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന കാലം. അസംബിള്‍ ചെയ്ത കംപ്യൂട്ടറുകള്‍ വില്‍പ്പന നടത്തി, പിന്നീട് കംപ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സുകളുടെ മൊത്ത വില്‍പ്പനക്കാരനായി അവിടെ നിന്ന് ഭാവി സാധ്യതകള്‍ കണ്ടറിഞ്ഞ് റീറ്റെയ്ല്‍ രംഗത്തേക്ക് കടന്ന ഷിജോ കെ. തോമസ് ഒട്ടേറെ പുത്തന്‍ പ്രവണതകള്‍ സൃഷ്ടിച്ച് മുമ്പേ നടക്കുന്നതാണ് പിന്നീട് കണ്ടത്.

കോട്ടയം നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ അതിവിശാലമായ ഓക്സിജന്റെ കോര്‍പ്പറേറ്റ് ഓഫീസിലിരുന്ന് അടുത്തിടെ വീണ്ടും ഷിജോ കെ തോമസ് ദീര്‍ഘമായി സംസാരിച്ചു; കാല്‍ നൂറ്റാണ്ടായി തുടരുന്ന സംരംഭക യാത്രയും ഓക്സിജന്റെ പിറവിയും വളര്‍ച്ചയും ഭാവി സാധ്യതകളും എല്ലാം വിശദമായി തന്നെ. എങ്ങനെ ഒരു ബിസിനസ് ആശയം കണ്ടെത്താം, വളര്‍ത്താം, ജനകീയമാക്കാം, മാറ്റങ്ങള്‍ എന്ത് വന്നാലും എങ്ങനെ പ്രസക്തിയോടെ നില്‍ക്കാം, എങ്ങനെ 'ഫ്യൂച്ചര്‍ റെഡി'യാക്കാം? ഇതുപോലെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടിയാണ് ഓക്സിജന്റെ ഷിജോ കെ തോമസിന്റെ യാത്ര നല്‍കുന്നത്.

കേരളത്തില്‍ പത്ത് ജില്ലകളിലായി 42 സ്റ്റോറുകളുള്ള, അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപ വിറ്റുവരവെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഓക്സിജന്റെ 25 വര്‍ഷങ്ങള്‍ നല്‍കുന്ന 25 പാഠങ്ങള്‍ അറിയാം.

1. ഡിജിറ്റല്‍ റീറ്റെയ്ല്‍ രംഗത്തെ കുറിച്ചുള്ള വ്യക്തമായ വിഷന്‍

കോട്ടയത്ത് ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ 550 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുറിയിലാണ് ഓക്സിജന്റെ ആദ്യ റീറ്റെയ്ല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബ്രോഷര്‍ കണ്ടോ പറയുന്നത് കേട്ടോ അല്ല, തൊട്ടറിഞ്ഞ് പ്രവര്‍ത്തിപ്പിച്ച് നോക്കി ലാപ്ടോപ്പും കംപ്യൂട്ടറുകളും വാങ്ങുന്ന കാലമാകും ഇനിയെന്ന ധാരണയോടെ ഉദ്ഘാടന ദിവസം തന്നെ, അന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന സോണി വയോ ലാപ്ടോപ് ഡിസ്പ്ലേയ്ക്ക് തുറന്നുവെച്ചു. ''അന്ന് കമ്പനികള്‍ ഡിസ്പ്ലേയ്ക്കായി ലാപ്ടോപ്പൊന്നും തരില്ല. ഒന്നര ലക്ഷം രൂപയുടെ ആ ഡിസ്പ്ലേ ലാപ്ടോപ് വില്‍ക്കാന്‍ പറ്റാതെ വന്നെങ്കില്‍ കനത്ത തിരിച്ചടിയായേനെ. പക്ഷേ റിസ്‌കെടുക്കാന്‍ തന്നെ തീരുമാനിച്ചു. തീരുമാനം തെറ്റിയില്ല. ഉദ്ഘാടന ദിവസം വൈകിട്ട് തന്നെ ആ ലാപ്ടോപ് പ്രമുഖനായൊരു ബിസിനസുകാരന്‍ വാങ്ങി. അത് പിന്നീടുള്ള യാത്രയില്‍ ധൈര്യമേകി,'' വരാനിടയുള്ള കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയും കൃത്യമായ തന്ത്രങ്ങളുമാണ് ഓക്സിജനെ വ്യത്യസ്തമാക്കുന്നത്.

2.മാറ്റങ്ങള്‍ക്ക് ഒരുമുഴം മുമ്പേ

അധ്യാപകനായിരുന്ന പിതാവ് കെ.വി തോമസ് 1999ല്‍ നല്‍കിയ 40,000 രൂപ നിക്ഷേപത്തില്‍ 50 ചതുരശ്രയടിയുള്ള കെട്ടിടത്തില്‍ കംപ്യൂട്ടര്‍ അസംബ്ള്‍ ചെയ്ത് വില്‍ക്കുന്ന സ്ഥാപനം തുടങ്ങിയാണ് ഷിജോ കെ തോമസിന്റെ സംരംഭക യാത്ര തുടങ്ങുന്നത്. ''ഓസോണ്‍ എന്ന പേരില്‍ ഒരു ഡിടിപി സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമായിരുന്നു അത്. ആ പേരില്‍ തന്നെ കംപ്യൂട്ടര്‍ അസംബ്ള്‍ സ്ഥാപനം തുടങ്ങി,'' ബ്രാന്‍ഡ് നാമം വന്ന വഴി ഷിജോ പറയുന്നു. അക്കാലത്ത് ഓരോ വ്യക്തിയുടെയും ആവശ്യങ്ങളറിഞ്ഞ് ഏറ്റവും അനുയോജ്യമായ കംപ്യൂട്ടറുകള്‍ ഷിജോ അസംബ്ള്‍ ചെയ്തു നല്‍കി. കളമശ്ശേരി പോളിടെക്നിക്കില്‍ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ പാസായി രണ്ട് വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത അനുഭവസമ്പത്തോടെയാണ് ഷിജോ കെ തോമസ് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്. ടെക്നിക്കല്‍ കാര്യങ്ങളും സെയ്ല്‍സ് രംഗത്തെ പരിചയസമ്പത്തും തുടക്കത്തില്‍ അദ്ദേഹത്തിന് തുണയായി. കംപ്യൂട്ടറിനെ കുറിച്ചുള്ള അറിവും വില്‍പ്പനാനന്തരം നല്‍കിക്കൊണ്ടിരുന്ന സേവനങ്ങളുമാണ് അന്ന് ഓസോണിനെ വ്യത്യസ്തമാക്കിയത്.

പിന്നീട് കോട്ടയം നഗരത്തിലെ 150 ചതുരശ്രയടിയുള്ള മുറിയിലേക്ക് പ്രവര്‍ത്തനം മാറ്റി. കംപ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് മേഖലയിലെ സാധ്യതയറിഞ്ഞ് മൊത്ത വിതരണ രംഗത്തേക്ക് കടന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം തുടങ്ങി സമീപ ജില്ലകളിലെ 500ലേറെ ഡീലര്‍മാരുമായി ആ ബിസിനസും വളര്‍ന്നു. 2002ലുണ്ടായ കാര്‍ അപകടമാണ് ഷിജോയുടെ സംരംഭക ജീവിതത്തിലും നിര്‍ണായക വഴിത്തിരിവായത്. ''അന്ന് സര്‍ജറിക്ക് മുമ്പും ഐസിയുവില്‍ കിടന്ന് ഞാന്‍ ചെക്ക് ഒപ്പിട്ടിട്ടുണ്ട്. അന്ന് കൂടെയുണ്ടായിരുന്ന സുനിലും പ്രവീണുമാണ് എന്റെ അസാന്നിധ്യത്തിലും പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോയത്. ഇന്നും അവര്‍ എനിക്കൊപ്പമുണ്ട്. ഹോള്‍സെയ്ല്‍ ബിസിനസിന്റെ പ്രശ്നങ്ങളും മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കേണ്ടതിനെ കുറിച്ചും ബിസിനസില്‍ മാറ്റങ്ങള്‍ വരുത്തി, മുമ്പേ നടക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ മനസിലായത് ആ കാലഘട്ടത്തിലാണ്. അപകടത്തില്‍ തകര്‍ന്ന കാല്‍ പൂര്‍ണമായും സുഖപ്പെടും മുമ്പേ ക്രച്ചസുമായി ബംഗളൂരുവിലെ ഫോറം മാളിലൊക്കെ പോയി വിവിധ റീറ്റെയ്ല്‍ സ്റ്റോറുകള്‍ കണ്ടു. എങ്ങനെ വേറിട്ടൊരു അനുഭവം കസ്റ്റമേഴ്സിന് നല്‍കാമെന്നായിരുന്നു അന്വേഷണം,'' പ്രതിസന്ധി കാലഘട്ടം ഷിജോ ഓര്‍ക്കുന്നു.

കംപ്യൂട്ടര്‍ അസംബ്ലിംഗ്, കംപ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് മൊത്തവിതരണ സ്ഥാപനങ്ങള്‍ ഓസോണ്‍ (ഓക്സിജന്റെ മൂന്ന് കണങ്ങളുള്ള തന്മാത്രാ രൂപം) എന്ന പേരിലായിരുന്നു. റീറ്റെയ്ല്‍ രംഗത്തേക്ക് വന്നപ്പോള്‍ പേര് ഓക്സിജന്‍ (ഓക്സിജന്റെ രണ്ട് കണങ്ങള്‍) എന്നാക്കി. സധൈര്യം ടീമിനെയും സിസ്റ്റത്തെയും മുറുകെ പിടിച്ച്

3.പുതുമകള്‍ക്കായി എപ്പോഴും മുമ്പേ നടത്തം

കോട്ടയത്ത് ആദ്യ ഷോറൂം തുറന്നപ്പോള്‍ തന്നെ സെയ്ല്‍സ് ടീമിലുള്ളവര്‍ക്കും ബില്ലിംഗ് സ്റ്റാഫിനും കൃത്യമായ പരിശീലനം തന്നെയാണ് നല്‍കിയത്. ''സാങ്കേതിക പരിജ്ഞാനമുള്ളവരെയാണ് സെയ്ല്‍സില്‍ പരിശീലനം നല്‍കി ഷോപ്പില്‍ നിയോഗിച്ചത്. അന്നേ ബില്ലിംഗിന് മാത്രം ഒരാളുണ്ടായിരുന്നു. മാത്രമല്ല, സര്‍വീസിന് മാത്രമായും സംവിധാനമുണ്ടാക്കി. സംഘടിത റീറ്റെയ്ല്‍ ഫോര്‍മാറ്റിനാകും ഭാവിയില്‍ സാധ്യതയെന്നു കണ്ടാണ് അന്ന് അതിനുള്ള അടിത്തറയിട്ടത്.''

4.മനുഷ്യനില്‍ വിശ്വാസം, സിസ്റ്റത്തിലും

കോട്ടയത്തെ ആദ്യ ഷോറൂം ലാഭകരമാകും മുമ്പേ ഓക്സിജന്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് ആലപ്പുഴയില്‍ ആരംഭിച്ചു. ''അക്കാലത്ത് ഓക്സിജന്റെ പ്രവര്‍ത്തന ചെലവ്, കംപ്യൂട്ടര്‍-ലാപ്ടോപ് വില്‍പ്പന രംഗത്തെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരുന്നു. ഷോപ്പ് എസിയായിരുന്നു. വില്‍പ്പനാനന്തര സേവനത്തിനായി പ്രത്യേക വിഭാഗമൊക്കെ നിലനിര്‍ത്തിയതുകൊണ്ടുള്ള ചെലവ് വേറെ. പക്ഷേ വില കൂട്ടി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുമാകില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് ബള്‍ക്ക് പര്‍ച്ചേസ് നടത്തിയാല്‍ കിട്ടുന്ന വിലക്കുറവ് കൊണ്ട് മാത്രമേ പിടിച്ചുനില്‍ക്കാന്‍ പറ്റൂവെന്ന് തോന്നി. അതുകൊണ്ട് ആദ്യ ഷോപ്പ് നഷ്ടത്തിലായിരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ ഷോപ്പ് തുറന്നു. ഇത്തരമൊരു വിപുലീകരണത്തിന് എനിക്ക് ധൈര്യം തന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്: എന്റെ ടീമിലുള്ളവരിലുള്ള വിശ്വാസം. രണ്ടാമത്തേത് സിസ്റ്റവും'' ഭാവിയിലെ സാധ്യതയെ കുറിച്ച് ചിന്തിക്കാനും ആ നാളുകള്‍ക്കായി കാത്തിരിക്കാനും തയാറായതാണ് ഓക്സിജന്റെ വിജയത്തിന് ഒരു കാരണം.

5.ഡാറ്റ അടിസ്ഥാനമാക്കി ബിസിനസ്, കൃത്യമായ റിപ്പോര്‍ട്ടിനായി സോഫ്റ്റ്‌വെയര്‍

ആലപ്പുഴ ജില്ലയില്‍ രണ്ടാമത്തെ ഷോപ്പ് തുറക്കാന്‍ തീരുമാനിക്കുമ്പോള്‍ വിപണി പഠനത്തിനായി സെന്‍സെസ് വിവരങ്ങളെ പോലും ഷിജോ ആശ്രയിച്ചിരുന്നു. ഇന്നിപ്പോള്‍ റീറ്റെയ്ല്‍ രംഗത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രാജ്യാന്തര ഏജന്‍സികളുടെയും ഇലക്ട്രോണിക്സ് - ഗൃഹോപകരണ ബ്രാന്‍ഡുകളുടെയും സര്‍വെ റിസള്‍ട്ടുകളെയും കണക്കുകളെയും അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇന്‍വെന്ററി മാനേജ്മെന്റ് തുടങ്ങി എല്ലാ കാര്യത്തിനും കൃത്യമായ സോഫ്റ്റ്‌വെയറുണ്ട്.

6.വെല്ലുവിളിയെ അവസരമാക്കി ഓംനി ചാനല്‍

പുതിയ കാലത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഓഫ്ലൈന്‍ റീറ്റെയ്ല്‍ സ്റ്റോറുകള്‍ക്ക് വെല്ലുവിളിയാകുന്നുവെന്ന് വാദമുയരുമ്പോള്‍, ഓക്സിജന്‍ അതിലും കുലുങ്ങുന്നില്ല. ഓഫ്ലൈനും ഓണ്‍ലൈനും ഒരുമിക്കുന്ന ഓംനി ചാനല്‍ മോഡല്‍ സജ്ജമാക്കി കാലത്തിനൊപ്പമാണ് സഞ്ചാരം.

7.'കസ്റ്റമര്‍ ഫസ്റ്റ്', ആള്‍ക്കൂട്ടത്തിനപ്പുറം ജനകീയത

ഓക്സിജന്റെ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ആദ്യ വില്‍പ്പന നടത്തിയത് മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യുവും. അന്നുമുതല്‍ ഇന്നുവരെ ഓക്സിജന്‍ ഷോപ്പുകളുടെ ഉദ്ഘാടകരായെത്തുന്നത് ജനകീയ നേതാക്കള്‍ തന്നെ. ''ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാനാണ്. പക്ഷേ കോട്ടയത്ത് അതിവിശാലമായ എക്സ്പീരിയന്‍സ് റീറ്റെയ്ല്‍ ഷോറൂം ഉദ്ഘാടനത്തിന് പോലും ദുല്‍ഖര്‍ സല്‍മാനെ കൊണ്ടുവന്നില്ല. സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ടുള്ള ആള്‍ക്കൂട്ടത്തേക്കാള്‍ ഉപരി ജനങ്ങള്‍ നെഞ്ചേറ്റുന്ന ബ്രാന്‍ഡായി വേറിട്ട് നില്‍ക്കാനാണ് ശ്രമം.'' വലിയൊരു ജനക്കൂട്ടത്തെ കുറഞ്ഞ സമയം കൊണ്ട് ഷോപ്പുകളില്‍ ഇടിച്ചുകയറ്റാന്‍ വേണ്ടിയുള്ള വില്‍പ്പന തന്ത്രങ്ങളൊന്നും ഓക്സിജന്‍ പ്രയോഗിക്കാറില്ല. ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന റീറ്റെയ്ല്‍ തന്ത്രങ്ങള്‍ക്ക് മാത്രമാണ് മുന്‍തൂക്കം കൊടുക്കുന്നത്.

ഓക്സിജന്റെ 25-ാം വര്‍ഷത്തോടനുബന്ധിച്ച് ഓക്സിജന്‍ ഷോറൂമുകളില്‍ നടന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 25 ഭാഗ്യശാലികള്‍ക്ക് 25 കാറുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. ഈ സമ്മാനപദ്ധതിയുടെ തിരഞ്ഞെടുപ്പ് മന്ത്രി വി.എന്‍ വാസവന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് നടന്നത്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെന്നാണ് ഓക്സിജന്റെ പക്ഷം.

8.ബാങ്കും പിന്നെ കമ്പനികളുടെ ക്രെഡിറ്റും

സംരംഭക ജീവിതത്തിന്റെ ആദ്യ നാളുകളില്‍ ഒരു കറന്റ് അക്കൗണ്ട് തുറക്കാന്‍ അഞ്ച് ബാങ്കുകളില്‍ കയറിയിറങ്ങിയിട്ടുണ്ട് ഷിജോ. അലച്ചിലിനൊടുവില്‍ ഒരു കറന്റ് അക്കൗണ്ട് തുറക്കാന്‍ പറ്റി. ബാങ്കിന്റെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് കംപ്യൂട്ടര്‍ സ്പെയര്‍ പാര്‍ട്സ് മൊത്തവിതരണ ബിസിനസ് നടത്തിയത്. അതില്‍ നിന്ന് നേടിയ ലാഭവും കംപ്യൂട്ടര്‍, ലാപ്ടോപ് കമ്പനികള്‍ നല്‍കുന്ന ക്രെഡിറ്റ് സൗകര്യങ്ങളും ബാങ്ക് വായ്പയുമെല്ലാമെടുത്താണ് റീറ്റെയ്ല്‍ ഷോറൂമുകള്‍ തുറന്നത്. ''ഇന്നിപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് തീരുമാനിക്കാമെന്നായി.

പിന്നെ ഫണ്ട് ബാങ്കില്‍ നിന്ന് മാത്രമാണ്. വ്യക്തികളില്‍ നിന്ന് ഒരു തരത്തിലുള്ള പണവും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല,'' ഷിജോ വിശദീകരിക്കുന്നു.

9.മള്‍ട്ടി പ്രൊഡക്ട്, മള്‍ട്ടി ബ്രാന്‍ഡ്, സ്വയം വികസിപ്പിച്ച ശൈലി

കംപ്യൂട്ടര്‍, ലാപ്ടോപ് റീറ്റെയ്ല്‍ രംഗത്തു നിന്ന് തുടക്കമിട്ട ഓക്സിജന്റെ ഷോറൂമില്‍ ഇന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗൃഹോപകരണ-ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാമുണ്ട്. ''ഞങ്ങള്‍ കംപ്യൂട്ടര്‍ റീറ്റെയ്ല്‍ രംഗത്തേക്ക് വരുമ്പോള്‍ ഗൃഹോപകരണങ്ങളില്‍ ഇത്രമാത്രം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉള്‍ച്ചേര്‍ത്തിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് എത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ അതിന്റെ വിപണന രംഗത്തെത്തി. ഗൃഹോപകരണങ്ങള്‍ ഡിജിറ്റല്‍ ആകാന്‍ തുടങ്ങിയതോടെ അതുകൂടി ഷോറൂമിന്റെ ഭാഗമാക്കി. വിഭിന്ന ബ്രാന്‍ഡുകളുടെ വിഭിന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന റീറ്റെയ്ല്‍ ബ്രാന്‍ഡാകുമ്പോള്‍ ഞങ്ങള്‍ പിന്തുടര്‍ന്നത് സ്വന്തമായി വികസിപ്പിച്ചെടുത്ത ശൈലി തന്നെയാണ്,'' ഷിജോ പറയുന്നു. പൊതുവേ ഡിജിറ്റല്‍ ഷോറൂമുകളില്‍ സെയ്ല്‍സ് ജീവനക്കാരായി വനിതകളെ അധികം കാണാറില്ല. പക്ഷേ ഓക്സിജനില്‍ സ്ഥിതി അതല്ല. കിച്ചണ്‍ അപ്ലയന്‍സസ് വിഭാഗത്തിലൊക്കെ വനിതാ ജീവനക്കാരുണ്ട്.

Oxygen showrooms
Oxygen website

10.ഊന്നല്‍ പ്രവര്‍ത്തനക്ഷമതയ്ക്ക്

ഓരോ ഷോപ്പില്‍ നിന്നുള്ള വരുമാനവും ഏറ്റവും ഉയര്‍ന്ന തലത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓക്സിജന്‍ ഊന്നല്‍ നല്‍കുന്നത്. അനാരോഗ്യകരമായ മത്സരത്തിന്റെ പിറകെയൊന്നും അതുകൊണ്ട് ഓക്സിജന്‍ പോകാറില്ല. ''ഇക്കാലത്ത് മത്സരമല്ല, സഹവര്‍ത്തിത്വമാണ് വേണ്ടത്. സ്മാര്‍ട്ട് ഫോണ്‍ വിപണനരംഗത്തുള്ള ഞാന്‍ ഉള്‍പ്പെടെയുള്ള കുറച്ചുപേര്‍ ചേര്‍ന്ന് ഇ-ടെക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിയിട്ടുണ്ട്.

കടയിലെത്തുന്നവരുടെ മനസ് വായിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണം. അവരെ വീണ്ടും വീണ്ടും കടയിലേക്ക് എത്തിക്കണം. അതിനു ശ്രമിക്കുന്നതു കൊണ്ട് ഷോറൂമുകളുടെ വില്‍പ്പന കൂടുന്നു. പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കുന്നു.'' അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഡിജിറ്റല്‍ റീറ്റെയ്ല്‍ രംഗത്ത് ആദ്യ രണ്ട് - മൂന്ന് സ്ഥാനങ്ങളില്‍ മാറി മാറി ഓക്സിജന് നില്‍ക്കാന്‍ സാധിക്കുന്നുണ്ട്.

11.സേവനങ്ങള്‍ ഒരു ഫോണ്‍കോളിനപ്പുറം

ഓക്സിജന്റെ ഏറ്റവും വലിയ സവിശേഷത വില്‍പ്പനാനന്തര സേവനത്തിന് നല്‍കുന്ന ഊന്നലാണ്. ഓക്സിജന്‍ കെയര്‍ എന്ന പ്രത്യേക വിഭാഗം തന്നെ ഇതിനായുണ്ട്. എല്ലാ ഷോറൂമിന്റെ ഭാഗമായും ഓക്സിജന്‍ കെയര്‍ പ്രവര്‍ത്തിക്കുന്നു. ഓക്സിജന്‍ ഷോറൂമുകളില്‍ നിന്ന് വാങ്ങുന്ന എന്തിനുമുള്ള വില്‍പ്പനാനന്തര സേവനം ഓക്സിജന്‍ കെയറാണ് ഉറപ്പാക്കുന്നത്.

12.വളര്‍ച്ചയില്‍ സുസ്ഥിരതയ്ക്ക് ഊന്നല്‍

വളരുമ്പോഴും സുസ്ഥിരതയ്ക്കാണ് ഓക്സിജന്‍ ഊന്നല്‍ നല്‍കുന്നത്. ''ഇന്ന് 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു റീറ്റെയ്ല്‍ സ്റ്റോര്‍ തുറക്കാന്‍ ഞങ്ങള്‍ക്ക് ശരാശരി 10 കോടി രൂപയെങ്കിലും നിക്ഷേപം വേണ്ടിവരും. ബാങ്കുകളുടെ സഹായവും കമ്പനികളുടെ ക്രെഡിറ്റ് പരിധിയും മാത്രം വെച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഓക്സിജന് ഏറെ ആലോചിച്ചു മാത്രമേ വിപുലീകരണം നടത്താനാകൂ. എത്ര ഷോറൂമുകള്‍ വേണമെങ്കിലും തുറക്കാനാകുന്ന പശ്ചാത്തല സൗകര്യം ഞങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും സുസ്ഥിര വളര്‍ച്ച സാധ്യമാകുന്ന വിധത്തില്‍ മാത്രമേ വിപുലീകരണം നടത്തൂ.'' ഷിജോ കെ തോമസ് വിശദീകരിക്കുന്നു.

13.സെയ്ല്‍സ് പ്രഷറില്ല, നല്‍കുന്നത് പ്ലെഷര്‍

ഓക്സിജന്‍ കൈകാര്യം ചെയ്യുന്ന ഓരോ ഡിജിറ്റല്‍ ഉല്‍പ്പന്നത്തിന്റെയും വിപണി വലുപ്പം മുന്നില്‍ വെച്ചുകൊണ്ടാണ് വില്‍പ്പന ലക്ഷ്യങ്ങള്‍ തീരുമാനിക്കുന്നത്. കേരളത്തില്‍ പ്രതിമാസം 700 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന നടക്കുന്നുണ്ട്. അതില്‍ എത്ര ശതമാനം ഓക്സിജന് നേടിയെടുക്കാം. പ്രതിമാസം 18,000 ലാപ്ടോപ്പുകള്‍ വില്‍പ്പന നടക്കുന്നു. അതില്‍ എത്രയെണ്ണം ഓക്സിജന് വില്‍ക്കാം. ഇങ്ങനെയാണ് വില്‍പ്പന ലക്ഷ്യം തീരുമാനിക്കപ്പെടുന്നത്. '' ഇപ്പോഴുള്ള ഒന്നിലും ഞാന്‍ തൃപ്തനല്ല. കാരണം, അത്രയേറെ വിപണി നമുക്ക് മുന്നിലുണ്ട്. ഇന്ത്യയുടെ ഇലക്ട്രോണിക്സ്-സ്മാര്‍ട്ട് ഫോണ്‍ - ഗൃഹോപകരണ വിപണിയുടെ വലുപ്പം 3.8 ലക്ഷം കോടി രൂപയാണ്. അതില്‍ 20,000 കോടിയാണ് കേരളത്തിന്റെ വിഹിതം. എത്രമാത്രം ഇനിയും നമുക്ക് വളരാം. ഈ ഗ്രോത്ത് മൈന്‍ഡ്സെറ്റാണ് ടീമിലും വളര്‍ത്തുന്നത്. അവര്‍ക്ക് അതുകൊണ്ട് സെയ്ല്‍സ് പ്രഷറില്ല. അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി സ്വയം പ്രചോദിതരായാണ് അവര്‍ മുന്നോട്ട് പോകുന്നത്.'' ഓക്സിജന്റെ ബിസിനസ് ലക്ഷ്യങ്ങളെയും അത് നേടിയെടുക്കാനുള്ള വഴികളെയും കുറിച്ച് ടീമിലെ എല്ലാവര്‍ക്കും കൃത്യമായ ധാരണയുണ്ട്. അവര്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചും വ്യക്തതയുമുണ്ട്.

14.ഊതിക്കാച്ചിയ നേതൃശേഷി

കളമശ്ശേരി പോളിടെക്നിക്കില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാവും യൂണിയന്‍ ഭാരവാഹിയുമൊക്കെയായിരുന്നു ഷിജോ കെ തോമസ്. സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കല്ലാതെ അപരന്റെ വേദന കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ശേഷി ആര്‍ജിച്ചത് ഇവിടെനിന്നാണെന്ന് പറയുന്നു ഷിജോ. ''ഏറ്റവും കുറഞ്ഞ റിസോഴ്സ് കൊണ്ട് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്താനും മുണ്ട് മുറുക്കിയുടുത്ത് മറ്റ് കാര്യങ്ങള്‍ ഭംഗിയാക്കാന്‍ ഓടി നടക്കാനും ടീമിനെ കൂടെനിര്‍ത്തി നയിക്കാനുമെല്ലാമുള്ള വൈദഗ്ധ്യം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നാണ് ലഭിച്ചത്. അതാണ് എന്നെ സംബന്ധിച്ചിടത്തോളമുള്ള പ്രാക്ടിക്കല്‍ എംബിഎ,'' ഷിജോ വിശദീകരിക്കുന്നു.

15.ശക്തമായ ഓര്‍ഗനൈസേഷണല്‍ സംവിധാനം

വ്യക്തികേന്ദ്രീകൃതമായല്ല ഓക്സിജന്റെ പ്രവര്‍ത്തനം. പക്ഷേ തുടക്കം മുതല്‍ കൂടെയുള്ള പലരും ഇന്നും ഓക്സിജന് ഒപ്പവുമുണ്ട്. മുതിര്‍ന്ന ടീമംഗങ്ങളെ അടുത്തിടെ ഉപഹാരം നല്‍കി ഓക്സിജന്‍ ആദരിക്കുകയും ചെയ്തിരുന്നു. ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് അവസരവും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും ഒരുക്കുന്നതിനൊപ്പം ഓര്‍ഗനൈസേഷന് പ്രൊഫഷണല്‍ ചട്ടക്കൂടും ഷിജോ സജ്ജമാക്കിയിട്ടുണ്ട്.

16.നിരന്തര പരിശീലനം

അനുദിനം നവീന സാങ്കേതിക വിദ്യയിലുള്ള ഇലക്ട്രോണിക്സ് - ഗൃഹോപകരണങ്ങളുമായി ഇടപഴകേണ്ടവരാണ് ഓക്സിജന്‍ ഡിജിറ്റലിന്റെ ജീവനക്കാര്‍. ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് എന്ന (ഡിജിറ്റല്‍ രംഗത്തെ വിദഗ്ധര്‍) ടാഗ്ലൈനോെട അങ്ങേയറ്റം താദാത്മ്യം പുലര്‍ത്താന്‍ നിരന്തര പരിശീലനം നല്‍കി വൈദഗ്ധ്യമുള്ളവരായി ടീമിനെ നിലനിര്‍ത്തുന്നു.

17.പുതുതലമുറയുടെ ഇഷ്ട ജോലി സ്ഥലം

ജോലിയില്‍ ആത്മാര്‍പ്പണമുള്ള യുവതലമുറയെ കിട്ടാനില്ലെന്ന പരാതിയൊന്നും ഷിജോ കെ തോമസിനില്ല. ''കാലം മാറി. നമ്മള്‍ പഴയ കാലത്ത് കണ്ടുശീലിച്ച പലതും ഇപ്പോള്‍ പ്രതീക്ഷിക്കരുത്. യുവതലമുറയുടെ ശൈലികള്‍ വിഭിന്നമാണ്. സാങ്കേതിക വൈഭവത്തില്‍ അവരെ വെല്ലാന്‍ ആരുമില്ലെന്നതാണ് വാസ്തവം. ആ കഴിവ് നമ്മള്‍ ഉപയോഗപ്പെടുത്തുക. എല്ലാ ദിവസവും ജോലി സ്ഥലത്തേക്ക് വരാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഒരുക്കേണ്ടത് തൊഴിലുടമയാണ്. അതില്‍ പരാജയപ്പെടുമ്പോഴാണ് യുവാക്കള്‍ വിട്ടുപോകുന്നത്. അവരെ മനസിലാക്കി നില്‍ക്കേണ്ടവര്‍ തീര്‍ച്ചയായും തൊഴിലുടമകളാണ്,'' ഷിജോ പറയുന്നു.

18.ജനങ്ങളെ അറിയിക്കാന്‍ വേറിട്ട വഴികള്‍

കോട്ടയത്ത് ഓക്സിജന്‍ ആദ്യ ഷോറൂം തുറന്നപ്പോള്‍ ഉദ്ഘാടന ദിവസം പ്രമുഖ മലയാള ദിനപത്രത്തിന്റെ അഞ്ചാം പേജില്‍ മുഴുനീള പരസ്യമാണ് നല്‍കിയത്. ഇന്നും ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ നല്‍കാന്‍ മടിയില്ല. ഇവിടെ ഇതുപോലൊരു ഷോറൂമുണ്ടെന്ന് ജനത്തെ അറിയിക്കാന്‍ വേറിട്ട വഴികള്‍ സ്വീകരിക്കുന്ന ഓക്സിജന്‍, ഒരിക്കല്‍ കടയിലെത്തുന്ന ഇടപാടുകാരുടെ മനസ് കീഴടക്കാനുള്ള അനുഭവങ്ങള്‍ ഷോറൂമില്‍ ഒരുക്കിയും വെയ്ക്കുന്നു.

19.എഐ ഇന്‍ഫ്ളുവന്‍സര്‍

ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായുള്ള ഇന്‍ഫ്ളുവന്‍സറെ കൂടി ഓക്സിജന്‍ അവതരിപ്പിച്ചിട്ടുണ്ട്.

20.എജന്റിക് എഐ വാഴും കാലം

കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റിംഗ് തുടങ്ങി സാധ്യമായ എല്ലാ രംഗത്തും എജന്റിക് എഐ സംവിധാനം അധികം വൈകാതെ കടന്നെത്തുമെന്ന് പറയുന്നു ഷിജോ. ഡിജിറ്റല്‍ രംഗത്തെ ഏറ്റവും പുതിയ കാര്യങ്ങളെ ബിസിനസില്‍ ഉള്‍ച്ചേര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടിയാണ് ഓക്സിജനെ അക്ഷരാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ടാക്കുന്നതും. റോബോട്ടിക്സിന്റെ സാധ്യതകളും ഷിജോ തേടുന്നുണ്ട്.

21.നോക്കുന്നത് അവസരങ്ങള്‍ മാത്രം

കോവിഡ് കാലത്ത് 60 ശതമാനം വളര്‍ച്ചയാണ് ഓക്സിജന്‍ നേടിയത്. എന്ത് പ്രതിസന്ധികള്‍ വന്നാലും ലക്ഷ്യത്തില്‍ പിടിച്ചുനിന്ന്, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള വളര്‍ച്ചയിലേക്ക് പ്രസ്ഥാനത്തെ നയിക്കാന്‍ ഷിജോയ്ക്കും നതൃനിരയിലുള്ളവര്‍ക്കും സാധിക്കുന്നു.

22.ഭാവി അരികെയുണ്ട്

ഫ്യൂച്ചര്‍ റെഡിയായി സംരംഭത്തെ നിലനിര്‍ത്താനാണ് ഓക്സിജന്‍ ടീം നിരന്തരം പരിശ്രമിക്കുന്നത്. ഉപഭോക്താവിന്റെ മാറുന്ന താല്‍പ്പര്യങ്ങള്‍ മനസിലാക്കിയാണ് ഷോറൂം സജ്ജമാക്കുന്നത്. 200 ഷോറൂമുകളുടെ വരെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന പശ്ചാത്തല സൗകര്യങ്ങളും ഇപ്പോഴെ സജ്ജമാണ്. അതിനുള്ള സോഫ്റ്റ്വെയറുകളും മനുഷ്യവിഭവശേഷിയുമെല്ലാമുണ്ട്. മാറ്റങ്ങള്‍ എന്ത് വന്നാലും അതിനെ അതിവേഗം ഉള്‍ക്കൊള്ളാനുള്ള വഴക്കവും ഓര്‍ഗനൈസേഷനുണ്ടെന്നതാണ് പ്രത്യേകത.

23.വിപണിയില്‍ ഇടംനേടി സ്വന്തം ബ്രാന്‍ഡും

താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള സ്മാര്‍ട്ട് ടിവികള്‍ ഓക്സ് വ്യു എന്ന ബ്രാന്‍ഡില്‍ ഓക്സിജന്‍ വിപണിയിലെത്തിക്കുന്നുണ്ട്. സ്വന്തം ബ്രാന്‍ഡിലുള്ള കൂടുതല്‍ ഉല്‍പ്പന്ന ശ്രേണി കൂടി വൈകാതെ വിപണിയിലെത്തും.

24.വളര്‍ച്ച വിഭാവനം ചെയ്യുന്നു, ഇന്ത്യയ്ക്കൊപ്പം

മാറുന്ന ലോക സാഹചര്യങ്ങള്‍ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് രംഗത്ത് ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുകയാണെന്നും ആ ഗ്രോത്ത് സ്റ്റോറിയിലാണ് ഓക്സിജനും വിശ്വാസമര്‍പ്പിക്കുന്നതെന്നും വ്യക്തമാക്കുന്നു ഷിജോ.

25.അതിരുകള്‍ കടന്ന് വളര്‍ച്ച

രജതജൂബിലി വര്‍ഷത്തില്‍ വളര്‍ച്ചയുടെ മറ്റൊരു പടവിലേക്ക് കയറുകയാണ് ഓക്സിജന്‍. രാജ്യമെമ്പാടും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇലക്ട്രോണിക്സ് ഗൃഹോപകരണ റീറ്റെയ്ല്‍ രംഗത്ത് മള്‍ട്ടി ബ്രാന്‍ഡ് മള്‍ട്ടി പ്രൊഡക്റ്റ് കാറ്റഗറിയില്‍ വേറിട്ടൊരു കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഉറപ്പാക്കി, രാജ്യം മുഴുവന്‍ പടരാന്‍ ഓക്സിജന് കരുത്തേകുന്നത് മനുഷ്യവിഭവ ശേഷിയുടെയുടെയും സങ്കേതിക മികവിന്റെയും കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന അടിത്തറയും മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് മുന്നേറാനുള്ള ആര്‍ജവവുമാണ്.

Started with just ₹40,000, Oxygen Digital celebrates 25 years of success with ₹5,000 crore turnover and 25 powerful business lessons from its founder.

ധനം വ്യവസായ വാണിജ്യ ദ്വൈവാരിക ഏപ്രില്‍ 30 ലക്കം പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com