റിച്ച്മാക്സ് ഫിന്‍വെസ്റ്റ്, അതിവേഗ വളര്‍ച്ചയുടെ അഞ്ചാം വര്‍ഷം

ഗ്രൂപ്പിന് കീഴിലുള്ള ജൂവല്‍റി ബിസിനസ് 2028 ഓടെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കുകയാണ് ലക്ഷ്യം
richmax corporate office , George John Valath
Chairman & Managing Director at Richmax Group
Published on

കളമശേരിയില്‍ നിന്ന് ഏഴ് സംസ്ഥാനങ്ങളും കടന്ന് ദുബായില്‍ വരെ എത്തിയിരിക്കുകയാണ് റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ് എന്ന ബാങ്കിതര ധനകാര്യ സ്ഥാപനം (ചആഎഇ) ഉള്‍പ്പെടുന്ന റിച്ച്മാക്സ് ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലും ഒഡിഷ, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിനകം തന്നെ റിച്ച്മാക്‌സ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2025ല്‍ ദുബായിലെ ആദ്യ ശാഖ തുറന്നതോടെ വിദേശത്തും സാന്നിധ്യം ഉറപ്പാക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികവുറ്റ ഒരു കമ്പനിയാക്കി റിച്ച്മാക്‌സിനെ മാറ്റിയതിന് പിന്നില്‍ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് എന്ന സംരംഭകന്റെ അസാധാരണ പരിശ്രമവും ബിസിനസ് മികവുമാണുള്ളത്. ആഗോളതലത്തില്‍ ബിസിനസുകാര്‍ക്ക് അടിതെറ്റിയ കോവിഡ് മഹാമാരിയുള്ള സമയത്ത്, 2020 സെപ്റ്റംബറിലാണ് അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് തന്റെ സ്വപ്നത്തിന് തിരികൊളുത്തിയത്. റിസര്‍വ് ബാങ്ക് അംഗീകാരമുള്ള റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിലാണ് അതിവേഗ വളര്‍ച്ച കൈവരിച്ചത്.

ലക്ഷ്യം ചെറുതല്ല

നിലവില്‍ 115ലധികമുള്ള ഗ്രൂപ്പിന്റെ ശാഖ 2030ല്‍ 1,000 ആക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് പറയുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മഹാരാഷ്ട്ര, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലായി 70 ശാഖകള്‍ തുറക്കാനാണ് പദ്ധതി. ഇതുവഴി റിസര്‍വ് ബാങ്കിന്റെ സിസ്റ്റമിക്കലി ഇംപോര്‍ട്ടന്റ് എന്‍ബിഎഫ്‌സി എന്ന പട്ടികയിലും സ്ഥാനം പിടിക്കുകയാണ് ലക്ഷ്യം. 2040ന് മുമ്പായി ഒരു സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.

വളര്‍ച്ചയ്ക്കായി വിദഗ്ധരെയും ഒപ്പം കൂട്ടി

റിച്ച്മാക്‌സ് ഫിന്‍വെസ്റ്റിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ ആര്‍ബിഐ മുന്‍ ഉന്നത ഉദ്യോഗസ്ഥനായ ചണ്ഡി ചരണ്‍ മിത്രയെ വിദഗ്ധ ഉപദേശക സമിതിയിലേക്ക് നിയമിച്ചിട്ടുണ്ട്. 35 വര്‍ഷത്തോളം ആര്‍ബിഐയില്‍ സേവനം നടത്തിയ അദ്ദേഹം, റീജ്യണല്‍ ഡയറക്റ്ററും ചീഫ് ജനറല്‍ മാനേജരും ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ ബാങ്കിംഗ് ഓംബുഡ്‌സ്മാനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് മാനേജ്‌മെന്റിന്റെ ഡയറക്റ്ററുമായിരുന്നു. എന്‍ബിഎഫ്‌സി റെഗുലേഷന്‍, എഫ്ഡിഐ, എമര്‍ജെന്‍സി, ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി, കൊമേഴ്‌സ്യല്‍ ബോറോവിംഗ് തുടങ്ങിയ മേഖലകളിലെ ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം റിച്ച്മാക്സിന് കരുത്താകും.

സാമൂഹ്യ ഇടപെടലുമായി 'സ്പര്‍ശ്'

സംരംഭത്തിനൊപ്പം സാമൂഹ്യ നന്മയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലും റിച്ച്മാക്‌സ് ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നുണ്ട്. 'സ്പര്‍ശ്' എന്ന ഉദ്യമത്തിനു കീഴില്‍ നാല് പദ്ധതികളാണ് ഗ്രൂപ്പ് നടത്തിവരുന്നത്.

പരിസ്ഥിതി സംരക്ഷണം: പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും റിച്ച്മാക്‌സ് ജീവനക്കാര്‍ അവരുടെ എണ്ണത്തിനേക്കാള്‍ ഇരട്ടി മരങ്ങള്‍ നട്ടുകൊണ്ടാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഈവര്‍ഷം 1,200 മരങ്ങളാണ് നട്ടത്.

ഞാനുമുണ്ട് ലഹരിക്കെതിരെ: 2021ല്‍ ആരംഭിച്ച ഈ ലഹരിവിരുദ്ധ മിഷന്‍ ഇതുവരെ 39 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 3000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. യുവ തലമുറയാണ് ഭാവിയിലെ പൗരന്മാര്‍ എന്ന ബോധ്യമാണ് അഡ്വ. ജോര്‍ജ് ജോണ്‍ വാലത്തിനെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാക്കുന്നത്.

ബിന്ദിയ മിഷന്‍: 70 ശതമാനത്തിലധികം സ്ത്രീ ജീവനക്കാരുള്ള റിച്ച്മാക്‌സ്, സ്ത്രീകളുടെ സുരക്ഷ, ഉന്നമനം എന്നിവ ലക്ഷ്യമിട്ട് തുടങ്ങിയ ആശയമാണ് ബിന്ദിയ. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പോഷ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമ്പോഴും അതിന്റെ നിയമ സാധുതകള്‍ക്കതീതമായി മാനുഷിക മൂല്യങ്ങള്‍ക്കും ബിന്ദിയ മിഷന്‍ ഊന്നല്‍ നല്‍കുന്നു.

വിദ്യ ജ്യോതി പുരസ്‌കാരങ്ങള്‍: 600ല്‍പ്പരം അംഗങ്ങളുള്ള റിച്ച്മാക്‌സ് കുടുംബത്തിലെ യുവ തലമുറയുടെ അക്കാദമിക് നേട്ടങ്ങളെ ആദരിക്കാനായി 'സ്പര്‍ശ്' ഏര്‍പ്പെടുത്തിയ അംഗീകാരമാണ് വിദ്യ ജ്യോതി പുരസ്‌കാരങ്ങള്‍. 2024ല്‍ 11 പുരസ്‌കാരങ്ങളാണ് മികച്ച വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് റിച്ച്മാക്‌സ് അംഗങ്ങളുടെ മക്കള്‍ കരസ്ഥമാക്കിയത്.

ജൂവല്‍റിയും ട്രാവല്‍ ബിസിനസും

ധനകാര്യ മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല റിച്ച്മാക്‌സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. സ്വര്‍ണാഭരണങ്ങള്‍ക്കായി വാലത്ത് ജ്വല്ലേഴ്‌സ് എന്ന പേരില്‍ ജൂവല്‍റി ഷോപ്പുകളും ഗ്രൂപ്പ് നടത്തിവരുന്നു. കളമശേരിയിലായിരുന്നു ആദ്യ ഷോറും. പിന്നീട് ആലുവ പാലസ് റോഡ്, കാഞ്ഞൂര്‍ എന്നിവിടങ്ങളിലും ഷോറൂമുകള്‍ തുറന്നു. 2025-26ല്‍ തന്നെ മധ്യകേരളത്തിലും തമിഴ്‌നാട്ടിലും പുതിയ ഷോറൂമുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. 2028 ആകുമ്പോഴേക്കും വാലത്ത് ജ്വല്ലേഴ്‌സിനെ പബ്ലിക് ലിസ്റ്റഡ് കമ്പനിയാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

2024ല്‍ രൂപംകൊണ്ട റിച്ച്മാക്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇതിനകം തന്നെ വേറിട്ട വിദേശ പാക്കേജുകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. ഇതിനോടകം ആയിരക്കണക്കിന് യാത്രികരാണ് സേവനം പ്രയോജനപ്പെടുത്തിയത്. 2025ല്‍ ആലുവയില്‍ രണ്ടാമത്തെ ശാഖ തുടങ്ങിയതിനു പിന്നാലെ ജൂലൈയില്‍ ദുബായിലും തുടര്‍ന്ന് യുഎഇയിലെ മറ്റ് പല ഭാഗങ്ങളിലുമായി ശാഖ തുറക്കാനുള്ള പദ്ധതിയുണ്ടെന്ന് ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു. ഇതിനൊപ്പം തന്നെ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലുള്ള മറ്റൊരു സ്ഥാപനമാണ് റിച്ച്മാക്സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി. ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കമ്പനി, മറ്റ് സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നുണ്ട്.

(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com