റബ്‌ലി ഫര്‍ണിച്ചര്‍; ഒന്നര പതിറ്റാണ്ടില്‍ തീര്‍ത്ത വിശ്വാസ്യത

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാവന്റെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റില്‍ നിന്ന് തുടങ്ങിയ കമ്പമാണ് ഷമീര്‍ ബാബു കറുമണ്ണില്‍ എന്ന റബ്‌ലി ബാബുവിന് ഫര്‍ണിച്ചര്‍ മേഖലയോട്. ഷമീര്‍ ബാബുവിനൊപ്പം ആ കമ്പവും വളര്‍ന്നപ്പോള്‍ യാഥാര്‍ത്ഥ്യമായത് റബ്‌ലി എന്ന മുന്‍നിര ബ്രാന്‍ഡ്. 2007ല്‍ പറപ്പൂര്‍ പഞ്ചായത്തിലെ ചോലക്കുണ്ടില്‍ 300 ചതുരശ്രയടി വാടക കെട്ടിടത്തില്‍ ആരംഭിച്ച റബ്‌ലി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിലൊന്നായി വളര്‍ന്നു.

അരലക്ഷത്തോളം ഉപഭോക്താക്കള്‍; നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍

റബ്‌ലി ഇന്‍ഡസ്ട്രീസ് എന്ന ഒറ്റ സ്ഥാപനത്തില്‍ നിന്ന് റബ്‌ലി ഗ്രൂപ്പ് എന്ന നിലയിലേക്ക് വളര്‍ന്നപ്പോള്‍ റബ്‌ലിക്ക് സഹോദര സ്ഥാപനങ്ങള്‍ നാലായി. റബ്‌ലി ഇന്‍ഡസ്ട്രീസ്, റബ്‌ലി ഫര്‍ണിച്ചര്‍, ഇന്‍ട്രോ ഫര്‍ണിച്ചര്‍, യിസിലി ഫര്‍ണിച്ചര്‍ എന്നിവയാണവ. കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് റബ്‌ലി ഗ്രൂപ്പിന്റേതാണെന്ന് ഷമീര്‍ ബാബു പറയുന്നു. ഇവിടെ മാത്രം 350ലേറെ പേര്‍ക്കാണ് തൊഴില്‍ സാധ്യത തെളിഞ്ഞത്.

അമ്മാവന്റെ ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളില്‍ ചെറുതും വലുതുമായ നിരവധി വിഭാഗങ്ങളില്‍ ജോലി ചെയ്ത് വളര്‍ന്ന ഷമീര്‍ ബാബു ഇന്ന് മുന്നൂറിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 35,000 മുതല്‍ 40000 വരെ ഉപഭോക്താക്കളാണ് ഓരോ വര്‍ഷവും റബ്‌ലിക്കുണ്ടാകുന്നത്.

സ്വപ്നത്തിനു പിന്നാലെ

കോട്ടക്കല്‍ ചങ്കുവെട്ടി കുണ്ടിലെ അടാട്ടില്‍ മമ്മുഹാജിയുടെ മകള്‍ ഇയ്യാത്തുട്ടിയുടെയും കറുമണ്ണില്‍ ഹസ്സന്റെയും മകനായ ഷമീര്‍ ബാബു ചെറുപ്പത്തില്‍ അമ്മാവന്മാരുടെയും വല്യുപ്പയുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. 1993ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അമ്മാവന്റെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചിരുന്നു. ഏഴു വര്‍ഷത്തോളം അവിടെ എല്ലാ വിഭാഗങ്ങളിലും വര്‍ക്കറായും സൂപ്പര്‍വൈസറായും ജോലി ചെയ്തു.

സ്വന്തമായി ഒരു സംരംഭം എന്ന ഷമീര്‍ ബാബുവിന്റെ ആഗ്രഹം സഫലമാക്കാന്‍ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ നിരാശനായി മടങ്ങി. പിന്നീട് ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചപ്പോള്‍ ഷമീര്‍ ബാബു താല്‍പ്പര്യം കാണിച്ചില്ല. സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നം മനസ്സിലൊതുക്കി അദ്ദേഹം അമ്മാവനൊപ്പം തന്നെ കൂടി. 2002ല്‍ ഷോറൂം ഇന്‍ചാര്‍ജ് ആയി. 2004ല്‍ പുതിയ ഷോറൂം തുടങ്ങുന്നതിന്റെ ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിന് ലഭിച്ചു. 2004ല്‍ തന്നെയായിരുന്നു വിവാഹവും.

സ്വന്തം സംരംഭം

സംരംഭകനാകണമെന്ന ഷമീര്‍ ബാബുവിന്റെ സ്വപ്നത്തിനൊപ്പം തന്നെയായിരുന്നു ഭാര്യ നസീഹത്തും. അടുത്ത വര്‍ഷം തന്നെ അമ്മാവന്റെ സ്ഥാപനത്തില്‍ നിന്നും രാജിവെച്ച് 12 വര്‍ഷത്തിലേറെയായി കൊണ്ടുനടന്ന സ്വപ്നത്തിന് പിന്നാലെ പോയി. ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് വാടകയ്ക്കെടുത്ത് നടത്തിയായിരുന്നു അത്. എന്നാല്‍ അധികകാലം അത് മുന്നോട്ടുപോയില്ല. 2006ല്‍ ഭാര്യയുടെ ആഭരണങ്ങളടക്കം വിറ്റുകിട്ടിയ പണം കൊണ്ട് പുതിയൊരു ബിസിനസിന് തുടക്കമിട്ടു. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം പറപ്പൂര്‍ പഞ്ചായത്തിലെ വാടക മുറിയില്‍ ചെറിയൊരു നിര്‍മാണ യൂണിറ്റ് തുടങ്ങി. ഫര്‍ണിച്ചര്‍ നിര്‍മാണത്തെ കുറിച്ച് മികച്ച ധാരണ ഷമീര്‍ ബാബുവിന് ഉണ്ടായിരുന്നെങ്കിലും മാര്‍ക്കറ്റിംഗ് പ്രശ്നമായി. അപ്പോള്‍ മാര്‍ക്കറ്റിംഗില്‍ മിടുക്കരായ സുഹൃത്തുക്കള്‍ സഹായത്തിനെത്തി.

വളര്‍ച്ചയുടെ ഘട്ടം

2009 ആയപ്പോഴേക്കും നിലവിലെ യൂണിറ്റ് വിപുലീകരിക്കേണ്ടി വന്നു. 2012ല്‍ സ്വന്തമായി ഭൂമി വാങ്ങുകയും അതിലേക്ക് ഫാക്ടറി മാറ്റുകയും ചെയ്തു. 13,000 ചതുരശ്രയടിയിലാണ് ഫാക്ടറി പണിതത്. 2016ലാണ് ആദ്യ റീറ്റെയ്ല്‍ ഷോറൂം തുറക്കുന്നത്. അതേവര്‍ഷം തന്നെ രണ്ടാമത് ഷോറൂമും അടുത്തവര്‍ഷം മൂന്നാമത്തെ ഷോറൂമും തുറന്നു. ഈ സമയത്ത് സഹോദരന്‍ പഠനം പൂര്‍ത്തിയാക്കി കമ്പനിയില്‍ ചേര്‍ന്നത് ഷമീര്‍ ബാബുവിന് തുണയായി.

2018 ആയപ്പോഴേക്കും ഫാക്ടറിയുടെ വലിപ്പം 26000 ചതുരശ്രയടിയായി ഉയര്‍ത്തി. കൂടെ 15000 ചതുരശ്രയടിയില്‍ വെയര്‍ഹൗസും ഒരുക്കി. ഉല്‍പ്പാദനവും വില്‍പ്പനയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പ്രൊഫഷണല്‍ ബിസിനസ് കണ്‍സള്‍ട്ടന്റിനെ കൂടി നിയമിച്ചത് ഇതേ സമയത്താണ്. ഇന്ത്യയിലെ പ്രബല കമ്പനികളുമായി ബിസിനസ് സാധ്യതകള്‍ ചര്‍ച്ചചെയ്യുകയും പല പ്രമുഖ കമ്പനികള്‍ക്കു വേണ്ടി അവരുടെ ബ്രാന്‍ഡില്‍ ഇപ്പോഴും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്യുന്നു. ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി 115000 ചതുരശ്രയടിയില്‍ പുതിയ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള തുടക്കം കുറിച്ചത് 2019ലാണ്. 2022ല്‍ അത് പൂര്‍ത്തിയാക്കി.

വിശ്വസ്തരായ ടീം

ഏതു സാഹചര്യത്തെയും ബിസിനസിന് അനുകൂലമാക്കി മാറ്റുന്ന ഒരു ടീമാണ് റബ്‌ലിയുടെ വിജയത്തിന് പിന്നിലെന്ന് ഷമീര്‍ ബാബു പറയുന്നു. അത്തരത്തിലുള്ള ടീമിനെ വളര്‍ത്തിയെടുക്കാന്‍ ഓരോ കാലത്തും സ്ഥാപനത്തിനായി. പുതിയ ടെക്നോളജി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തി അത് മനസ്സിലാക്കി തങ്ങളുടെ ഉല്‍പ്പന്ന നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് റബ്‌ലിയെ വ്യത്യസ്തമാക്കുന്നത്. ഭാവിയില്‍ സ്വകാര്യ ഫര്‍ണിച്ചര്‍ പാര്‍ക്ക് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഒരു സ്വകാര്യ ഫര്‍ണിച്ചര്‍ പാര്‍ക്ക് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റബ്‌ലി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

250 കോടി രൂപയാണ് മുടക്കുമുതല്‍ പ്രതീക്ഷിക്കുന്നത്. ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളടക്കം ഇവിടെ ഉല്‍പ്പാദിപ്പിക്കും. 50 ഫാക്ടറികളുടെ കൂട്ടമാണ് ഇവിടെ ഉയരുക. വുഡന്‍ ഫര്‍ണിച്ചര്‍, സോഫ, സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ അതിലുണ്ടാകും. കിടക്ക നിര്‍മാണ യൂണിറ്റുകളും സ്ഥാപിക്കാനൊരുങ്ങുന്നു. രാജ്യത്തെ 50 പ്രധാന നഗരങ്ങളില്‍ റീറ്റെയ്ല്‍ ഷോറൂമുകള്‍ തുറക്കാനും പദ്ധതിയുണ്ട്. ഇതിനും 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

റീറ്റെയ്ല്‍ ഷോറൂമുകള്‍ക്കും വെയര്‍ഹൗസും ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ മാത്രം ലഭ്യമാകുന്ന പലതരം പാര്‍ട്സുകളും ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതിനും ഇന്ത്യന്‍ നിര്‍മിത ഫര്‍ണിച്ചറുകള്‍ കയറ്റുമതി ചെയ്യുന്നതിനുമായി 100-150 കോടി രൂപ മുതല്‍മുടക്കില്‍ സീപോര്‍ട്ട് കേന്ദ്രീകരിച്ച് കയറ്റുമതി അധിഷ്ഠിത യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ടെന്ന് ഷമീര്‍ ബാബു പറയുന്നു. ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 5000 കുടുംബങ്ങള്‍ക്ക് നേരിട്ടും 2000-2500 കുടുംബങ്ങള്‍ക്ക് പരോക്ഷമായും ജോലി നല്‍കാനാവുമെന്ന് ഷമീര്‍ ബാബു വിശ്വസിക്കുന്നു.

അംഗീകാരങ്ങളുടെ നിറവ്

ഒന്നരപ്പതിറ്റാണ്ടിനുള്ളില്‍ റബ്‌ലിയെ തേടി നിരവധി അംഗീകാരങ്ങളാണ് എത്തിയത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഏര്‍പ്പെടുത്തിയ മെയ്ഡ് ഇന്‍ കേരള 2022 അവാര്‍ഡില്‍ ബെസ്റ്റ് മാനുഫാക്ചറര്‍, 2021ല്‍ ബെസ്റ്റ് ഫര്‍ണിച്ചര്‍ മാനുഫാക്ചറിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തില്‍ മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, 2017ല്‍ ഇന്ത്യന്‍ ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ അവാര്‍ഡില്‍ മികച്ച ഫര്‍ണിച്ചര്‍ മാനുഫാക്ചറര്‍, 2014ല്‍ ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആന്റ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ബെസ്റ്റ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡ്, 2010ല്‍ ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആന്റ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ബെസ്റ്റ് ഫര്‍ണിച്ചര്‍ മാനുഫാക്ചറര്‍ എന്നിവയാണ് റബ്‌ലിക്ക് ലഭിച്ച അംഗീകാരങ്ങള്‍.

Related Articles
Next Story
Videos
Share it