ഫ്രാഞ്ചൈസി ബിസിനസില്‍ ശ്രദ്ധ നേടി 'സ്‌കൂപ്പ്‌സോ'

ഐസ് സ്റ്റിക്കുമായി ഐസ്‌ക്രീം മാനുഫാക്ചറിംഗ് രംഗത്തേക്ക് കടന്ന സ്‌കൂപ്പ്‌സോ ഇന്ന് താങ്ങാവുന്ന നിരക്കില്‍ ഫ്രാഞ്ചൈസി അവസരങ്ങള്‍ നല്‍കി സംരംഭകര്‍ക്കും വിജയമധുരം പങ്കിടുന്നു
Team: ഷഹീര്‍, മൂസക്കുട്ടി കെ.ടി, ഫവാസ് റഹീം കെ.ടി, നിഷാദ് യു.പി
Team: ഷഹീര്‍, മൂസക്കുട്ടി കെ.ടി, ഫവാസ് റഹീം കെ.ടി, നിഷാദ് യു.പി
Published on

ഉപ്പിലിട്ട ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ? പൈനാപ്പിളിന്റെ മധുരവും കാന്താരി മുളകിന്റെ എരിവും ചേര്‍ന്ന ഇടിവെട്ട് ഉപ്പിലിട്ട പൈനാപ്പിള്‍ ചില്ലിഐസ്‌ക്രീം..? അവക്കാഡോ, ബിരിയാണി ഐസ്‌ക്രീമുകളോ? ഇതുമാത്രമല്ല, ഇനിയുമുണ്ട് കിടിലന്‍ രുചി വൈവിധ്യങ്ങള്‍. പെരിന്തല്‍മണ്ണയിലെ നാല് യുവാക്കള്‍ ചേര്‍ന്ന് തുടക്കമിട്ട ഐസ്‌ക്രീം ബ്രാന്‍ഡ്,സ്‌കൂപ്പ്സോ ഞെട്ടിക്കുന്ന ചേരുവകള്‍ കൊണ്ടാണ് ഐസ്‌ക്രീം വിപണിയില്‍ ഇടം നേടിയിരിക്കുന്നത്. 

2021ല്‍ കോലൈസുകളുടെ (പോപ്സിക്ക്ള്‍ - ഐസ്സ്റ്റിക്ക്) വൈവിധ്യമാര്‍ന്ന നിരയുമായി വിപണിയിലെത്തിയ സ്‌കൂപ്പ്സോയുടെ സ്ഥാനമിന്ന് പ്രീമിയം ഐസ്‌ക്രീം ബ്രാന്‍ഡുകളുടെ നിരയിലാണ്. എളിയ നിലയിലുള്ള തുടക്കത്തില്‍ നിന്ന് താങ്ങാവുന്ന നിരക്കിലുള്ള നിക്ഷേപത്തിലൂടെ സംരംഭകരാകാനുള്ള അവസരം കൂടിയൊരുക്കി സ്‌കൂപ്പ്സോയും അതിന്റെ ചുക്കാന്‍ പിടിക്കുന്ന നാല് യുവാക്കളും വേറിട്ട് നില്‍ക്കുന്നു.

അങ്ങനെയാണവരുടെ തുടക്കം !

സ്വന്തമായൊരു സംരംഭം; ഒരുമിച്ച് കളിച്ചുവളര്‍ന്ന പെരിന്തല്‍മണ്ണ മങ്കടയിലെ നാലുപേരുടെ ചിന്തയും ചര്‍ച്ചയും എന്നും ഇതായിരുന്നു. അതില്‍ മൂവരും ജീവിതമാര്‍ഗം തേടി പ്രവാസികളായപ്പോഴും നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു ലക്ഷ്യം.

കോവിഡ് വന്നതോടെ ഇവര്‍ നാട്ടില്‍ രാജ്യാന്തര നിലവാരമുള്ള ഐസ്‌ക്രീം നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചു. പക്ഷേ വെല്ലുവിളികള്‍ പലതായിരുന്നു. ഉന്നത ഗുണമേന്മയുള്ള ഐസ്‌ക്രീം നിര്‍മിക്കാന്‍ വേണ്ട ഫാക്ടറി സ്ഥാപിക്കാനുള്ള പണമില്ല. വൈദഗ്ധ്യവും വിപണനം ചെയ്ത് ശീലവുമില്ല. കോവിഡ് കാലമായതിനാലുള്ള പ്രശ്നങ്ങളും വേറെ. പക്ഷേ തോറ്റുപിന്മാറാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നു. ഷഹീര്‍ യു.പി, ഫവാസ് റഹീം കെ.ടി, മൂസക്കുട്ടി കെ.ടി, നിഷാദ് യു.പി എന്നിവര്‍ വലിയ സ്വപ്‌നത്തെ ഒന്നു ചെറുതാക്കി.

ആദ്യഘട്ടത്തില്‍ വേറിട്ട രുചികളില്‍ കോലൈസുകള്‍ നിര്‍മിക്കാന്‍ 900 ചതുരശ്രയടിയില്‍ സൗകര്യമൊരുക്കി. ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ ക്രീമില്‍ യഥാര്‍ത്ഥ പഴങ്ങള്‍ മാത്രം ചേര്‍ത്ത് പോപ്സിക്ക്ള്‍ ഉണ്ടാക്കി. മങ്കടയില്‍ ചെറിയൊരു ഔട്ട്ലെറ്റും തുറന്നു. ''പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ ഫാക്ടറിയില്‍ ജോലി ചെയ്ത് പരിചയമുള്ള ഒരാളില്‍ നിന്നാണ് ഞങ്ങള്‍ കാര്യങ്ങള്‍ പഠിച്ചത്. ഏതാനും ദിവസങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നിന്നു. പിന്നെ രാത്രിയില്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് ഐസ്‌ക്രീം നിര്‍മിച്ചു. പകല്‍ അത് വിപണനം ചെയ്തു,'' ഫവാസ് റഹീം പറയുന്നു. കോവിഡിന്റെ ഒന്നാം തരംഗ നാളുകളിലാണ് സംരംഭത്തിന്റെ തുടക്കം.

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഇന്‍സ്റ്റ റീല്‍സിലൂടെയും നോട്ടീസുകളിലൂടെയും വൈദ്യുത തൂണുകളിലെ വേറിട്ട പരസ്യ ബോര്‍ഡുകളിലൂടെയും മങ്കടയിലും പരിസര പ്രദേശത്തുള്ളവര്‍ക്കുള്ളില്‍ സ്‌കൂപ്പ്സോ ഇടം പിടിച്ചു. രണ്ടാം തരംഗം വന്നതോടെ വീണ്ടും അടച്ചുപൂട്ടി.

''ഞങ്ങള്‍ ശരിക്കും പ്രതിസന്ധി അറിഞ്ഞു. നിക്ഷേപവും ഉല്‍പ്പാദനവും നടത്തി. വിപണിയിലെത്തിക്കാന്‍ വഴി അടഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരസ്യം നല്‍കി. ലാഭം നോക്കാതെ ഓര്‍ഡറുകളെല്ലാം സ്വീകരിക്കാനും ഐസ്‌ക്രീം എത്തിക്കാനും തുടങ്ങി. വിപണിയില്‍ ട്രെന്‍ഡായ ഷെയ്ക്കുകളുടെയൊക്കെ കോലൈസ് ഉണ്ടാക്കാനും തുടങ്ങി. അതിനായി ഒറിജിനല്‍ പഴങ്ങളും ശുദ്ധമായ ക്രീമുമാണ് ഉപയോഗിക്കുന്നത്. അന്ന് മങ്കടയിലെ ഒരു റീറ്റെയ്ല്‍ ഔട്ട്ലെറ്റില്‍ നാല് ലക്ഷം രൂപയുടെ കച്ചവടം വരെ ലഭിച്ച മാസങ്ങളുമുണ്ടായി,'' സ്‌കൂപ്പ്സോയുടെ പ്രൊഡക്ഷന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മൂസക്കൂട്ടി പറയുന്നു.

നമ്മള്‍ കഴിക്കുന്നതെന്തും ഐസ്‌ക്രീമാക്കാമെന്നതാണ് ഈ നാല്‍വര്‍ സംഘത്തിന്റെ മനശാസ്ത്രം. 35ഓളം വ്യത്യസ്ത രുചികളില്‍ ഐസ്‌ക്രീം വിപണിയിലിറക്കി. ''ഒരു ഔട്ട്ലെറ്റുള്ളപ്പോള്‍ തന്നെ ഫ്രാഞ്ചൈസി ചോദിച്ച് ആളുകള്‍ വന്നിരുന്നു. പക്ഷേ ഞങ്ങള്‍ തിരക്കിട്ട് ഫ്രാഞ്ചൈസി നല്‍കിയില്ല. കാര്യങ്ങള്‍ പഠിച്ച ശേഷമാണ് നല്‍കിത്തുടങ്ങിയത്. ഇന്ന് മലപ്പുറം ജില്ലയില്‍ ഓരോ ഏഴ് കിലോമീറ്ററിലും സ്‌കൂപ്പ്സോ ഫ്രാഞ്ചൈസി കാണാം.

പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, വയനാട്, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെല്ലാം ഇപ്പോള്‍ ഫ്രാഞ്ചൈസികളുണ്ട്. കൂടാതെ മംഗളൂരുവിലും ബംഗളൂരുവിലുമുണ്ട്,'' സ്‌കൂപ്പ്സോ സാരഥികള്‍ പറയുന്നു. രണ്ടര വര്‍ഷം കൊണ്ട് 80ലേറെ ഫ്രാഞ്ചൈസികള്‍! 

പോപ്സിക്ക്ള്‍ മാത്രമല്ല സ്‌കൂപ്പ്സോയുടെ പ്രീമിയം ഐസ്‌ക്രീമുകളും ഈ ഔട്ട്ലെറ്റുകളിലൂടെ മാത്രമെ വില്‍ക്കുകയുള്ളൂ.

Scoopso outlets

 പുനര്‍നിക്ഷേപത്തിലൂടെ വളര്‍ച്ച, നാട്ടുകാരെ ചേര്‍ത്തുനിര്‍ത്തി മുന്നേറ്റം

സ്‌കൂപ്പ്സോയുടെ ഫാക്ടറിയില്‍ ഭൂരിഭാഗവും വനിതകളാണ്. ജീവനക്കാര്‍ എല്ലാവരും ഫാക്ടറിയുടെ പരിസരത്തുള്ളവരും. ''ഒരു സംരംഭം വന്നാല്‍ അതിന്റെ ഗുണം നാട്ടുകാര്‍ക്ക് ലഭിക്കണം. ഇവിടെ പുതിയ നിയമനം നടക്കുമ്പോള്‍ മുന്‍ഗണന എന്നും നാട്ടുകാര്‍ക്കാണ്. ഒരു കുടുംബം പോലെയാണിവിടം,'' നാലുപേരും ഒരേ സ്വരത്തില്‍ പറയുന്നു.കമ്പനിയില്‍ നിന്നുള്ള വരുമാനം വീണ്ടും നിക്ഷേപിച്ച് പതുക്കെ പതുക്കെ ഫാക്ടറിയെ വളര്‍ത്തിയ ഇവര്‍ പുതിയൊരു യൂണിറ്റ് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനോടൊപ്പം പൊതു വിപണിയെ ലക്ഷ്യമിട്ട് ഹലോസി എന്ന ബ്രാന്‍ഡില്‍ ഐസ്‌ക്രീമുകളും വിപണിയിലിറക്കി. ഫവാസ് റഹീമാണ് ഹലോസിയുടെപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഷഹീര്‍ സ്‌കൂപ്പ്സോയുടെയും. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിഷാദാണ് എക്കൗണ്ട്സും ഫിനാന്‍സും കൈകാര്യം ചെയ്യുന്നത്.

പ്രൊഡക്ഷന്‍ വിഭാഗം നിയന്ത്രിക്കുന്നത് മൂസക്കുട്ടിയാണ്. ഓരോ മാസവും ഓരോ പുതുരുചി അവതരിപ്പിക്കുന്ന സ്‌കൂപ്പ്സോ കോലൈസ് കാലം കടന്ന് ആഞ്ഞു നടക്കുകയാണ്, ഇതര സംസ്ഥാനവിപണികളും വിദേശരാജ്യങ്ങളും ലക്ഷ്യമിട്ട്.

ഒരു ലക്ഷം നിക്ഷേപത്തില്‍ ഒരു ഫ്രാഞ്ചൈസി!

സ്‌കൂപ്പ്സോയുടെ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ നല്‍കേണ്ട ഫീസ് ഒരു ലക്ഷം രൂപയാണ്. ഔട്ട്ലെറ്റ് ഒരുക്കലും മറ്റ് സജ്ജീകരണങ്ങളും സംരംഭകര്‍ ചെയ്യണം. ''എന്നിരുന്നാലും കുറഞ്ഞ മുതല്‍മുടക്കില്‍ മാന്യമായ ലാഭം ലഭിക്കുന്ന ഒരു ബിസിനസ് തുടങ്ങാനാകും. റിസ്‌ക് കുറവാണ്. ഒന്നിലധികം ഫ്രാഞ്ചൈസികള്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക ഇളവുകളുമുണ്ട്,'' സ്‌കൂപ്പ്സോ സാരഥികള്‍ പറയുന്നു.

വിവരങ്ങള്‍ക്ക്: 96052 69524

(This is a focus feature originally published in Dhanam Business magazine's December 1st Issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com