

നിര്മ്മാണ മേഖലയില് ഏറ്റവും അധികം അവഗണിക്കപ്പെടുകയും എന്നാല് ഒരു കെട്ടിടത്തിന്റെ ആയുസ് തീരുമാനിക്കുകയും ചെയ്യുന്ന നിര്ണായക മേഖലയാണ് വാട്ടര്പ്രൂഫിങ്. ഈ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യവുമായി രണ്ട് വലിയ സംരംഭങ്ങള് പടുത്തുയര്ത്തുകയും, അവയെ ആഗോള മള്ട്ടിനാഷണല് കമ്പനികള്ക്ക് വിറ്റഴിച്ച് ചരിത്രമെഴുതുകയും ചെയ്ത മലയാളി സംരംഭകനാണ് സുധീഷ് സുബ്രഹ്മണ്യന്. വെറുമൊരു ബിസിനസ് വിജയത്തിനപ്പുറം, വാട്ടര്പ്രൂഫിങ് രംഗത്തെ അശാസ്ത്രീയതകള് തിരുത്തി പുതിയ ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചെടുത്ത അദ്ദേഹത്തിന്റെ സംരംഭക യാത്ര ഏതൊരു പുതിയ സംരംഭകനും വലിയൊരു പാഠപുസ്തകമാണ്.
ഒരു സിവില് എന്ജിനീയറായ സുധീഷ് സുബ്രഹ്മണ്യന് തന്റെ കരിയര് ആരംഭിക്കുന്നത് എറണാകുളത്താണ്. യാദൃശ്ചികമായി വാട്ടര്പ്രൂഫിങ് മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് ഈ രംഗത്ത് ചരിത്രമെഴുതുകയായിരുന്നു. 1999-ല് സുഹൃത്തുക്കളോടൊപ്പം കൊച്ചിയില് ആരംഭിച്ച ആദ്യ സംരംഭം കടുത്ത സാമ്പത്തിക പ്രതിസന്ധിയില് അകപ്പെട്ടപ്പോള്, ആ ബാധ്യത മുഴുവന് ഏറ്റെടുത്ത് അദ്ദേഹം ബാംഗ്ലൂരിലേക്ക് കമ്പനിയെ പറിച്ചു നട്ടു. പെര്സെപ്റ്റ് എന്ജിനീയേഴ്സ് എന്ന സ്ഥാപനമാണ് ഈ രംഗത്ത് അദ്ദേഹം ആദ്യം തുടങ്ങുന്നത്.
അന്ന് മുംബൈ കഴിഞ്ഞാല് വാട്ടര്പ്രൂഫിങ് കമ്പനികളുടെ കേന്ദ്രമായ ബാംഗളൂര് മാര്ക്കറ്റില് ഫ്രഷറായ ഒരാള് പിടിച്ചുനില്ക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല് ശക്തരായ എതിരാളികളോട് പൊരുതി വിജയിക്കണമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. പ്രോഡക്റ്റ് നിര്മ്മിച്ചവരും അപ്ലൈ ചെയ്തവരും തമ്മിലുള്ള ഉത്തരവാദിത്വമില്ലായ്മയാണ് ഈ മേഖലയിലെ പ്രധാന പ്രശ്നമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിനൊരു പരിഹാരമായി അദ്ദേഹം കൊണ്ടുവന്ന 'സിംഗിള് സോഴ്സ് വാറന്റി' (Single Source Warranty) വിപണിയില് വലിയ ചലനമുണ്ടാക്കി. സ്വന്തമായി 'പോളിപ്ലസ്' എന്ന ബ്രാന്ഡ് അവതരിപ്പിച്ച്, സ്വന്തമായി അപ്ലൈ ചെയ്ത് ഗ്യാരന്റി നല്കിയ ആ രീതി കമ്പനിയെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാട്ടര് പ്രൂഫിംഗ് സര്വീസസ് കോണ്ട്രാക്ടിങ് കമ്പനിയാക്കി മാറ്റി.
പെര്സെപ്റ്റ് എന്ജിനീയേഴ്സിനെ 2013-ല് ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്പ്രൂഫിങ് ബ്രാന്ഡായ പിഡിലൈറ്റിന്റെ 'ഡോക്ടര് ഫിക്സിറ്റ്' ഏറ്റെടുത്തു. തുടര്ന്ന് നീന പെര്സെപ്റ്റ് എന്ന പേരില് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി അത് വളര്ന്നു. സെന്ട്രല് വിസ്തയിലെ പുതിയ പാര്ലമെന്റ് മന്ദിരമുള്പ്പെടെ രാജ്യത്തെ പ്രമുഖ പ്രോജക്ടുകളുടെ വാട്ടര്പ്രൂഫിംഗ് ചെയ്തത് ഈ കമ്പനിയാണ്.
പിന്നീട് അവിടെ നിന്ന് പടിയിറങ്ങുന്നത് നാട്ടില് മാതാപിതാക്കള്ക്കൊപ്പം സമയം ചെലവിടണം എന്ന ലക്ഷ്യത്തിലാണ്. എന്നാല് സംരംഭകനായ സുധീഷിന്റെ മനസ് അടങ്ങിയിരുന്നില്ല. സുഹൃത്തുമായി ചേര്ന്ന് പാലക്കാട് പാലക്കാട് കഞ്ചിക്കോട് കിന്ഫ്ര ഇന്ഡസ്ട്രിയല് എസ്റ്റേറ്റില് എച്ച്.ഡി.പി.ഇ (HDPE) മെംബ്രൈനുകള് നിര്മ്മിക്കുന്ന 'മെന്കോള് ഇന്ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്' അദ്ദേഹം ആരംഭിച്ചു. കോവിഡ് കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് വെറും രണ്ടു വര്ഷം കൊണ്ട് 50 കോടി രൂപയുടെ ടേണ്ഓവറിലെത്തിയ ഈ സ്ഥാപനം, ഫ്രഞ്ച് ബഹുരാഷ്ട്ര ഭീമനായ 'സെയിന്റ് ഗോബേന്' (Saint Gobain) ഏറ്റെടുത്തു. വെറും ഒന്നര ദിവസം കൊണ്ട് ഏറ്റെടുക്കല് ഡീലിലേക്ക് കമ്പനിയെ എത്തിക്കാന് സാധിച്ചുവെന്നതാണ് സുധീഷിന്റെ വിജയം. അദ്ദേഹത്തിന്റെ പ്രവൃത്തികളിലെ അസാധാരണമായ പെര്ഫെക്ഷനും ഗുണനിലവാരത്തിനുമുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു ഇത്.
സിവില് എന്ജിനീയറിങ് കോഴ്സുകളില് വാട്ടര്പ്രൂഫിങ് കൃത്യമായി പഠിപ്പിക്കാത്ത കുറവ് പരിഹരിക്കാനാണ് ഇന്ത്യയിലെ ആദ്യത്തെ വാട്ടര്പ്രൂഫിങ് ഇന്സ്റ്റിറ്റ്യൂട്ടായ 'സിവിന്' (Sudish’s Institute of waterproofing and Insulations) പാലക്കാടും ബംഗളൂരുവിലുമായി അദ്ദേഹം ആരംഭിച്ചത്. ഇവിടെ പെയിന്റര്മാര്ക്കും മേസന്മാര്ക്കും എന്ജിനീയര്മാര്ക്കും സിവില് എന്ജിനീയറിംഗും എംബിഎയും പഠിക്കുന്ന വിദ്യാര്ത്ഥികള്ക്കും വാട്ടര്പ്രൂഫിംഗ് പഠിക്കാന് ആഗ്രഹിക്കുന്നവര്ക്കും ഗവണ്മെന്റ് അംഗീകൃത സര്ട്ടിഫിക്കേഷനോടുകൂടിയ പരിശീലനം നല്കുന്നു. കൂടാതെ, ബോയിംഗ്, അദാനി തുടങ്ങി നിരവധി പ്രമുഖ കമ്പനികള്ക്കായി സ്വതന്ത്ര കണ്സള്ട്ടന്സി നല്കുന്ന സിവിന് കണ്സള്ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്(Siwin consultants Pvt. Limited) വലിയ വിജയകരമായി മുന്നോട്ടുപോകുന്നു. ഇതുകൂടാതെ ഈ രംഗത്ത് കണ്സള്ട്ടന്സി സേവനങ്ങള് നല്കുന്ന ഒരു സ്ഥാപനവും അദ്ദേഹം തുടങ്ങി. സിവിന് കണ്സള്ട്ടന്സി. ഇന്ന് കേരളത്തിലടക്കം നിരവധി കോര്പ്പറേറ്റുകള്ക്ക് വാട്ടര് പ്രൂഫിംഗ് കണ്സള്ട്ടന്സി നല്കുന്ന സ്ഥാപനമാണിത്.
തന്റെ മൂന്ന് പതിറ്റാണ്ടിലെ അനുഭവങ്ങള് കോര്ത്തിണക്കി 'Wat A Proof: Journey of a Waterproofer' എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.
കൂടുതല് വിവരങ്ങള്ക്ക്: https://www.siwinconsultants.com, https://siwinonline.com.
Read DhanamOnline in English
Subscribe to Dhanam Magazine