യൂണിമണി, അതിരുകള്‍ക്കപ്പുറം ആത്മബന്ധം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് നൂലാമാലകളില്ലാതെ കുറഞ്ഞ സമയം കൊണ്ട് പണം വീട്ടിലെത്തിക്കാന്‍ കഷ്ടപ്പെട്ടവരാണ് മലയാളികള്‍. അതേ മലയാളി കുടുംബങ്ങളില്‍ പലതും ഇന്ന് വിദേശ സര്‍വകലാശാലകളില്‍ കൃത്യസമയത്ത് ഫീസെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. കാലം മാറി, മലയാളികളുടെ ആവശ്യങ്ങളും മാറി. എന്നാല്‍ ഈ രണ്ട് കാലഘട്ടങ്ങളിലും വിശ്വസ്ത പങ്കാളിയായി മാറാതെ കൂടെയുണ്ട് ഒരു സ്ഥാപനം- യൂണിമണി.

പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സേവനം നല്‍കിക്കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇന്ന് സേവനങ്ങളുടെ നീണ്ട് നിരതന്നെയാണ് നല്‍കുന്നത്. ''1999ല്‍ ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പ്രവാസികള്‍ക്ക് പണം കൈമാറ്റം ചെയ്യാനുള്ള സേവനം നല്‍കുകയായിരുന്നു പ്രധാന ദൗത്യം. എന്നാലിപ്പോള്‍ കേരളത്തില്‍ നിന്ന് പുറത്തേക്കാണ് കൂടുതല്‍ പണമൊഴുക്ക്.

യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്കാണ് മലയാളി വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പോകുന്നത്. അഡ്മിഷന്‍ ശരിയാവുന്നതിന് കൃത്യസമയത്ത് ഫീസ് സര്‍വകലാശാലയിലെത്തിക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ മാറിയപ്പോള്‍ ഞങ്ങളും മാറി. ഇന്ന് സര്‍വകലാശാല ഫീസ് അടയ്ക്കലിന്റെ കാര്യത്തില്‍ ഡിജിറ്റലായും അല്ലാതെയും സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുകയാണ് യൂണിമണി,'' യൂണിമണി ഇന്ത്യയുടെ ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ആര്‍. കൃഷ്ണന്‍ പറയുന്നു.

എന്തിനും ഏതിനും യൂണിമണി

കോവിഡിനുശേഷം വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. ''50-60 ശതമാനത്തോളം വര്‍ധന ഈ രംഗത്തുണ്ട്. നമ്മുടെ യുവസമൂഹത്തിന്റെ മനോഭാവത്തില്‍ വന്ന മാറ്റമാണിത്. അതിനനുസരിച്ച് ഞങ്ങളുടെ സേവനനിരയിലും മാറ്റങ്ങള്‍ വന്നു. ഇപ്പോള്‍ വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന ഒരു വിദ്യാര്‍ത്ഥിക്കുവേണ്ട എല്ലാവിധ സേവനങ്ങളും യൂണിമണി നല്‍കുന്നുണ്ട്. പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള സഹായം, സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനുള്ള സേവനങ്ങള്‍, വിദേശ സര്‍വകലാശാലകളിലേക്കുള്ള ഫീസ് അടയ്ക്കല്‍, വിദേശത്ത് അക്കൗണ്ട് തുറക്കാനുള്ള സഹായങ്ങള്‍, വിദേശത്തേക്ക് യാത്രയ്ക്കുവേണ്ട ടിക്കറ്റിംഗ്, വിസ, അവിടേക്ക് വേണ്ട വിദേശ കറന്‍സി എന്നിങ്ങനെ എല്ലാം.

പഠിച്ച് ജോലി നേടി നാട്ടിലേക്ക് പണമയക്കുന്ന നാളിലും യൂണിമണി കൂട്ടായുണ്ടാകും. വിദേശത്ത് ഫീസടയ്ക്കുന്നതിനായി വായ്പ നല്‍കാന്‍ സ്വര്‍ണ പണയ വായ്പ സൗകര്യവുമുണ്ട്. നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ വിസ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ യൂണിമണി നല്‍കും. അതായത് ഒരു ഇടപാടുകാരന്റെ ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ചുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഞങ്ങളുണ്ട്'' കൃഷ്ണന്‍ വ്യക്തമാക്കുന്നു.

വിദേശത്തുനിന്ന് നാട്ടിലേക്ക് പണമയക്കല്‍, ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയക്കല്‍, വിദേശ കറന്‍സി വില്‍പ്പനയും വാങ്ങലും, ഫോറെക്സ് ട്രാവല്‍ കാര്‍ഡുകള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ഫോറിന്‍ എക്സ്ചേഞ്ച് രംഗത്തു നല്‍കുമ്പോള്‍ കമ്പനിയുടെ ട്രാവല്‍ ഡിവിഷന്‍ വിദേശയാത്രയ്ക്കുവേണ്ട വിസ പ്രോസസിംഗ് തുടങ്ങി എയര്‍ ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ്, വിദേശ വിനോദയാത്ര സേവനങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കുന്നു.

ആര്‍.ബി.ഐയുടെ ഫോറിന്‍ എക്സ്ചേഞ്ച് (ഓഥറൈസ്ഡ് ഡീലര്‍ കാറ്റഗറി -2) വിഭാഗത്തിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ യൂണിമണി സ്വര്‍ണ പണയ വായ്പ രംഗത്തും സജീവമാണ്. രാജ്യമെമ്പാടുമായി മുന്നൂറിലേറെ ശാഖകളുള്ള യൂണിമണി ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഏത് കോണിലുമുള്ള ഇടപാടുകാര്‍ക്കും സമഗ്രമായ സേവനമാണ് നല്‍കുന്നത്.

''യൂണിമണി വാലറ്റ് എന്ന ഞങ്ങളുടെ മൊബൈല്‍ പേയ്മെന്റ് ആപ്പ് ബില്‍ പേയ്‌മെന്റുകള്‍ മുതല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് വരെയുള്ള സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്നുണ്ട്. യു.പി.ഐയുമായുള്ള ഇന്റഗ്രേഷനായുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അതിനുള്ള അന്തിമാനുമതി ലഭിച്ചാലുടന്‍ ഡിജിറ്റല്‍ പേയ്മെന്റ് ഇക്കോസിസ്റ്റത്തിലെ എല്ലാ സാധ്യതകളും ഇതിലൂടെ തുറക്കപ്പെടും''കൃഷ്ണന്‍ പറയുന്നു.

കേരളത്തില്‍ മാത്രം നൂറിലേറെ ശാഖകള്‍ യൂണിമണിക്കുണ്ട്.''ഒരു കസ്റ്റമര്‍ക്ക് അവരുടെ മാറിവരുന്ന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചാല്‍ ബിസിനസ് വളരുക തന്നെ ചെയ്യും. ഞങ്ങള്‍ ഫിജിറ്റല്‍ (ഫിസിക്കല്‍, ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുമിച്ച്) രീതിയില്‍ സമഗ്രമായ സേവനമാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്,'' കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

ഇനി സംഭവിക്കാനിരിക്കുന്നത് ഇതാണ്

പതിനെട്ട് വര്‍ഷമായി യൂണിമണിക്കൊപ്പമുണ്ട് ആര്‍. കൃഷ്ണന്‍. കമ്പനിയില്‍ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തില്‍ കരിയര്‍ ആരംഭിച്ച ഇദ്ദേഹം ഫിനാന്‍സ്, ഓപ്പറേഷന്‍സ് വിഭാഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ''കോവിഡ് കാലം ഞങ്ങള്‍ക്ക് ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ നാളുകളായിരുന്നു. പക്ഷേ ടീമംഗങ്ങള്‍ അങ്ങേയറ്റം ആത്മാര്‍പ്പണത്തോടെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ മുന്നില്‍ നിന്നപ്പോള്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിച്ചു'' കൃഷ്ണന്‍ പറയുന്നു. വരും കാലത്ത് വിദേശത്തുനിന്നുള്ള പണം വരവില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

''നാട്ടിലേക്കുള്ള പണം വരവ് തന്നെ ഗണ്യമായി കുറയും. ഇപ്പോള്‍ പോകുന്നവര്‍ തിരിച്ചുവരാനോ നാട്ടില്‍ ആസ്തികള്‍ സൃഷ്ടിക്കാനോ ആഗ്രഹിക്കുന്നില്ല. അതേസമയം അവര്‍ക്ക് മറ്റനേകം സാമ്പത്തിക ആവശ്യങ്ങളുണ്ടാകും. അതെല്ലാം മുന്‍കൂട്ടി കണ്ടാണ് യൂണിമണി ചുവടുവെയ്പ്പുകള്‍ നടത്തുന്നത്. സ്വര്‍ണ പണയ വായ്പാ രംഗത്ത് ഞങ്ങള്‍ കൂടുതല്‍ സജീവമാകും. റെമിറ്റ് ഫോറെക്സ് പോലെ ഞങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. 2006ല്‍ IATA അംഗീകാരം ലഭിച്ചവരാണ് ഞങ്ങള്‍. ഞങ്ങളുടെ ട്രാവല്‍ പോര്‍ട്ടല്‍ ഇടപാടുകാര്‍ക്ക് പുതിയ അനുഭവമാണ് പകരുന്നത്'' കൃഷ്ണന്‍ പറയുന്നു.

സ്വന്തം ശാഖകള്‍ക്ക് പുറമേ രാജ്യത്ത് 5000ത്തോളം ഏജന്‍സി പാര്‍ട്ണര്‍മാരുമായി ചേര്‍ന്നാണ് യൂണിമണി സേവനങ്ങള്‍ നല്‍കുന്നത്. പ്രതിവര്‍ഷം ശരാശരി അഞ്ച് ലക്ഷത്തോളം ഫോറില്‍ എക്സ്ചേഞ്ച് ഇടപാടുകള്‍ യൂണിമണി നടത്തുന്നുണ്ട്. എ.ഡി-2 കാറ്റഗറി കമ്പനികള്‍ക്കിടയില്‍ രാജ്യത്ത് ആദ്യമൂന്ന് കമ്പനികളിലൊന്നാണ് യൂണിമണി. നിലവില്‍ നടക്കുന്ന വിദേശ പണമയയ്ക്കലില്‍ 90 ശതമാനവും എജ്യൂക്കേഷന്‍ റെമിറ്റന്‍സാണ്. കാനഡ, യു.കെ, ഓസ്ട്രേലിയ, യു.എസ്.എ, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് കൂടുതലും ഇത്തരത്തില്‍ പണമൊഴുക്ക്.

''വിദേശത്തേക്ക് പണമയക്കുമ്പോള്‍ പ്രധാനമായും ഉപഭോക്താക്കളെ വലയ്ക്കുന്ന കാര്യങ്ങള്‍ ഉയര്‍ന്ന നിരക്ക്, കാലതാമസം, ഇടപാടുകള്‍ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെയാണ്. അതിനെല്ലാമുള്ള പരിഹാരമാണ് യൂണിമണി അവതരിപ്പിച്ചിരിക്കുന്ന Remitforex.com എന്ന പോര്‍ട്ടല്‍'' കൃഷ്ണന്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it