മെന്റലിസ്റ്റ് വിനോദ്: മനസ് വായിച്ച് മനസിനുള്ളിലേക്ക്
'മെന്റലിസം', മലയാളികള്‍ക്കിടയില്‍ ഈ വാക്ക് ശ്രദ്ധ നേടിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങളേ ആയിട്ടുള്ളൂ. മാജിക്കിനെ കയ്യടക്കത്തോടെയുള്ള പ്രകടനം, കണ്‍കെട്ടു വിദ്യ എന്നിങ്ങനെ ഉള്‍ക്കൊള്ളാന്‍ തയാറാകുമ്പോഴും മെന്റലിസം ഇന്നും നമുക്ക് വലിയൊരു ചോദ്യമാണ്. മെന്റലിസത്തില്‍ ആളുകളെ പിടിച്ചിരുത്തുന്ന ഘടകം മറ്റൊരാളുടെ മനസ് വായിക്കാന്‍ സാധിക്കുന്നു എന്നതാണ്.
ബിസിനസും മെന്റലിസവും ഇണക്കിച്ചേര്‍ത്താല്‍ അത് കമ്പനികളുടെ ലാഭത്തെയും ജീവനക്കാരെയും സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായാണ് എറണാകുളം സ്വദേശി മെന്റലിസ്റ്റ് വിനോദ് ഈ രംഗത്തേക്കു കടന്നുവന്നത്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനെ അയാളുടെ മനസിന്റെ അകത്ത് പോയി കമ്പനി എന്താണ് അയാളോട് പറയാന്‍ ഉദ്ദേശിച്ചതെന്ന് കൃത്യമായി പറയുക എന്ന പുതിയ ആശയവുമായാണ് വിനോദ് മെന്റലിസത്തെ അവതരിപ്പിക്കുന്നത്.
മെന്റലിസത്തിലേക്കുള്ള വഴി
കൊച്ചിയില്‍ വോഡഫോണ്‍ ബിസിനസ് സൊല്യൂഷന്‍സില്‍ എന്റര്‍പ്രൈസ് സര്‍വീസ് മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ് മെന്റലിസത്തിലേക്കെത്തിയത്. പിന്നീട് കൂടുതല്‍ പരിശീലനം നേടി. ഇതിനിടയില്‍ യു.കെയില്‍ നിന്നുള്ള ആന്തൊണീ ജാക്വലിനില്‍ നിന്ന് പെര്‍ഫോമന്‍സ് ഹിപ്‌നോട്ടിസത്തില്‍ സര്‍ട്ടിഫിക്കറ്റും നേടി.
എന്റര്‍ട്ടെയ്ന്‍മെന്റിനൊപ്പം ഇന്‍ഫൊട്ടെയ്ന്‍മെന്റും
18 വര്‍ഷത്തോളം വിവിധ കോര്‍പ്പറേറ്റ് കമ്പനികളില്‍ പ്രവൃത്തി പരിചയമുള്ള വിനോദ് ആര്‍ജിച്ചെടുത്ത മെന്റലിസത്തെ വിനോദത്തിനും ആളുകളെ രസിപ്പിക്കുന്നതിനും മാത്രമായി കാണാതെ മറ്റൊരു തലം സ്വയം പരിചയപ്പെടുത്തുകയായിരുന്നു. വോഡഫോണ്‍ ഉള്‍പ്പെടെ നിരവധി കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്കായുള്ള സെഷനുകള്‍ കൈകാര്യം ചെയ്യാന്‍ വിനോദിനെ തന്നെ സമീപിക്കാന്‍ തുടങ്ങി. ഇതോടെ എന്റര്‍ട്ടെയ്ന്‍മെന്റിനൊപ്പം ഇന്‍ഫൊട്ടെയ്ന്‍മെന്റ് എന്ന പുതിയ വിഭാഗവും മെന്റലിസത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.
ഒരു സ്ഥാപനം അവരുടെ ജീവനക്കാരോട് എന്തു പറയാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം മെന്റലിസത്തിലൂടെ തന്നെ ജീവനക്കാരന്റെ മനസിലേക്ക് പതിപ്പിക്കാനാണ് വിനോദ് ശ്രമിച്ചത്. അത് വിജയം കണ്ടു. ഇതോടെ ഈസ്റ്റേണ്‍ ഗ്രൂപ്പ്, ബൈജൂസ്, ഓഡി, സാംസംഗ് മൊബൈല്‍, ഹോണ്ട, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഐ.ടി.സി ഇന്‍ഫോടെക്ക്, വിവോ, എന്‍.ഐ.ടി കോഴിക്കോട്, ഐ.എഫ്.ബി, ആക്‌സിസ് ബാങ്ക്, ബ്ലൂ സ്റ്റാര്‍ എന്നിങ്ങനെ വിവിധ കമ്പനികള്‍ക്കായി നിരവധി തവണ സെഷനുകള്‍ക്കു വേണ്ടി സമീപിക്കാന്‍ തുടങ്ങി. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.
''ഒരു ജീവനക്കാരന്റെ മനോഭാവത്തെ കുറിച്ചും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ടീമിലേക്ക് പകര്‍ന്നു നല്‍കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കാഴ്ച്ചപ്പാടും എനിക്കറിയാം. കമ്പനികള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് ടീമംഗങ്ങളെ രസിപ്പിക്കുന്ന രീതിയില്‍ അവരുടെ ഉള്ളിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഇന്‍ഫൊട്ടെയ്മെന്റിലൂടെ ഞാന്‍ ചെയ്യുന്നത്'' വിനോദ് പറയുന്നു.
വിനോദിന്റെ ഇന്‍ഫൊട്ടെയ്ന്‍മെന്റ് തങ്ങളുടെ കോര്‍പ്പറേറ്റ് വിഷനും മിഷനും കൃത്യമായി ടീമിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ഇസ്റ്റേണ്‍ ഗ്രൂപ്പ് കമ്പനി എച്ച്.ആര്‍ വിഭാഗം മേധാവികള്‍ അഭിപ്രായപ്പെടുന്നതായും പറയുന്നു. കോര്‍പ്പറേറ്റ് ഷോകള്‍ക്ക് പുറമെ നിരവധി ടി.വി റിയാലിറ്റി ഷോകള്‍ക്കും വെര്‍ച്വല്‍ ഇന്ററാക്ടീവ് ഷോകള്‍ക്കും വിനോദ് നേതൃത്വം നല്‍കിയിട്ടുണ്ട്.