മലയാളി കഴിഞ്ഞവര്‍ഷം കഴിച്ചത് 12,500 കോടിയുടെ മരുന്ന്

കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് കഴിഞ്ഞവര്‍ഷം (2022) പതിനൊന്ന് ശതമാനം വര്‍ദ്ധിച്ച് 12,500 കോടി രൂപയിലെത്തി. രാജ്യത്തെ മൊത്തം മരുന്ന് ഉപഭോഗത്തിന്റെ ഏഴ് ശതമാനം വിഹിതവുമായി അഞ്ചാമത്തെ വലിയ വിപണിയുമാണ് കേരളമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അസോസിയേഷനില്‍ (എ.കെ.സി.ഡി.എ) നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാള്‍ എന്നിവയാണ് കേരളത്തിന് മുന്നിലുള്ളത്.

കൊവിഡ് കാലത്തെ തിരിച്ചടി ഒഴിവാക്കിയാല്‍ കേരളത്തിന്റെ മരുന്ന് വിപണി ശരാശരി 10-15 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാറുണ്ടെന്ന് എ.കെ.സി.ഡി.എ പ്രസിഡന്റ് എ.എന്‍. മോഹന്‍ '
ധനത്തോട്
' പറഞ്ഞു. കൊവിഡ് കാലത്ത് ഉപഭോഗം 30 ശതമാനത്തോളം കുറഞ്ഞ് 7,500 കോടി രൂപയോളമായിരുന്നു. കൊവിഡില്‍ ആന്റി-ബയോട്ടിക്, ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ വില്‍പന വന്‍തോതില്‍ കുറഞ്ഞതാണ് തിരിച്ചടിയായത്. വിറ്റുവരവ് 2021ല്‍ 11,100 കോടി രൂപയോളമായിരുന്നു.
98 ശതമാനവും പുറത്തുനിന്ന്
രാജ്യത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണെങ്കിലും കേരളീയര്‍ക്കുവേണ്ട മരുന്നിന്റെ 98 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഡയബറ്റോളജി, കാര്‍ഡിയോളജി, ന്യൂറോസൈക്യാട്രി, വിറ്റാമിന്‍ മരുന്നുകളാണ് മലയാളികള്‍ ഏറെയും കഴിക്കുന്നത്. 2022ലെ ഇന്ത്യന്‍ മരുന്ന് വിപണിയുടെ മൊത്തം വിറ്റുവരവ് വിലയിരുത്തുന്നത് 1.8 ലക്ഷം കോടി രൂപയായിരുന്നു എന്നും എ.എന്‍. മോഹന്‍ പറഞ്ഞു.
വിപണിയില്‍ പ്രതിസന്ധി
നാട് മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകള്‍ 'ഡിസ്‌കൗണ്ട്' ഷോപ്പുകളായി മാറിയതോടെ ഈ രംഗത്ത് നിന്ന് നിരവധി ചെറുകിട വില്‍പനക്കാര്‍ കളമൊഴിഞ്ഞുവെന്ന് എ.എന്‍. മോഹന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ നോക്കിയാല്‍ ഓരോ വര്‍ഷവും ആയിരത്തോളം കടകള്‍ പൂട്ടിപ്പോയി. വിപണിയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാരും ശ്രമിക്കുന്നില്ല. നിലവിലുള്ളവരെ സംരക്ഷിക്കാതെ പുതിയവര്‍ക്ക് അനുമതികള്‍ കൊടുക്കുന്നത് വിപണിക്ക് ദോഷമേ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും നിര്‍മ്മാണ യൂണിറ്റ്
വന്‍കിട മരുന്ന് കമ്പനികള്‍ ഒരേ മരുന്ന് തന്നെ പല ബ്രാന്‍ഡുകളിലായി ഇറക്കി വന്‍തുകയ്ക്ക് വില്‍ക്കുന്ന പ്രവണതയ്ക്ക് തടയിടാൻ ലക്ഷ്യമിട്ട് എ.കെ.സി.ഡി.എയുടെ നേതൃത്വത്തില്‍ എറണാകുളം പുത്തന്‍കുരിശില്‍ കേരളത്തിലെ ആദ്യ സ്വകാര്യ മരുന്ന് നിര്‍മ്മാണ യൂണിറ്റ് രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു. അഞ്ചുകോടി രൂപയോളം പ്രാഥമിക നിക്ഷേപത്തോടെയാണ് യൂണിറ്റ് ആരംഭിച്ചത്.
കൈനോ ഫാം ലിമിറ്റഡ് എന്ന ഈ കമ്പനി നിലവില്‍ പാരസെറ്റാമോള്‍, ആന്റി-സെപ്റ്റിക് ലോഷന്‍ തുടങ്ങി 30ഓളം മരുന്നുകള്‍ കൈനോ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നുണ്ട്. വന്‍കിട മരുന്നുകമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ വലിയ വിലക്കുറവില്‍ ജന്‍ഔഷധികള്‍ പോലെയുള്ള സ്‌റ്റോറുകളിലൂടെയാണ് ഇവയുടെ വില്‍പന.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it