ഫുഡ്ടെക് ഇന്ത്യാ പ്രദര്‍ശനം ഓഗസ്റ്റ് 24 മുതല്‍ 26 വരെ

ഫുഡ്ടെക് ഇന്ത്യയുടെ 11-ാം പതിപ്പ് ഓഗസ്റ്റ് 24 മുതല്‍ 26 വരെ ഓണ്‍ലൈനില്‍ നടക്കും. ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള പ്രദര്‍ശനമായ ഫുഡ്ടെക് ഇന്ത്യ ത്രിദിന പ്രദര്‍ശനമാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, കോള്‍ഡ് സ്റ്റോറേജ് ഉപകരണങ്ങള്‍, ഭക്ഷ്യച്ചേരുവകള്‍, ഫ്ളേവറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഈ രംഗത്തെ എല്ലാത്തരം വില്‍പ്പനക്കാര്‍ക്കും ആവശ്യക്കാര്‍ക്കും സംഗമിക്കാവുന്ന വേദിയാകുമിത്. ഭക്ഷ്യസംസ്‌കരണ രംഗത്തെ വെല്ലുവിളികളെ നേരിടാനുള്ള വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. കോവിഡ് പ്രിതിസന്ധി മറികടക്കാനുള്ള പ്രായോഗികമാര്‍ഗങ്ങളും സംരംഭകര്‍ക്ക് കണ്ടെത്താം.
കോവിഡിനെത്തുടര്‍ന്ന് മറ്റു വ്യവസായങ്ങളെപ്പോലെ ഭക്ഷ്യോല്‍പ്പന്നമേഖലയും ലോകമെമ്പാടും വെല്ലുവളികള്‍ നേരിടുകയാണ്. സപ്ലെ-ചെയിന്‍ ശൃംഖലകള്‍, ജീവനക്കാര്‍, നേരിട്ടുള്ള ഇടപാടുകള്‍ തുടങ്ങിവയെയെല്ലാം കോവിഡ് ബാധിച്ചു. പുതിയ സുരക്ഷാമാനദണ്ഡങ്ങളും നിലവില്‍ വന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ന് ലഭ്യമായ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബിസിനസ്തുടര്‍ച്ച സാധ്യമാക്കുന്നതിനും പുതിയ വെല്ലുവിളികളെ നേരിടാന്‍ ശ്രമിക്കുന്നതിനുമാണ് ഫുഡ്ടെക് ഇന്ത്യ 2021 ഊന്നല്‍ നല്‍കുക.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധാരണ പ്രദര്‍ശനങ്ങളില്‍ ലഭ്യമായ എല്ലാ വിധ നെറ്റ് വര്‍ക്കിംഗ് അവസരങ്ങളും ഫുഡ്ടെക് ഇന്ത്യ 2021-ല്‍ ലഭ്യമാക്കുമെന്നും സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. വിര്‍ച്വല്‍ എക്സ്പോയ്ക്ക് സമാന്തരമായി ബി2ബി മീറ്റിംഗുകളും നടക്കും.
ഇന്ത്യയില്‍ നിന്നുള്ള ബയേഴ്സിനു പുറമെ ഇത്തവണ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും ഏറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് കേരളാ ഹെഡ് രാജീവ് എം സി അറിയിച്ചു.
ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍, ഉപകരണ നിര്‍മാതാക്കള്‍ എന്നിവര്‍ക്കു പുറമെ കയറ്റുമതി സ്ഥാപനങ്ങള്‍, ആഗോള ട്രേഡിംഗ് സ്ഥാപനങ്ങള്‍, ഇറക്കുമതി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മേള സന്ദര്‍ശിക്കാനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും നേപ്പാളിലേയും ചേംബറുകള്‍, വ്യവസായ സംഘടനകള്‍ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും അംഗീകാരവും ഇത്തവണത്തെ ഫുഡ്ടെക്കിനുണ്ട്.
കേരളത്തിലെ എസ്എംഇ മേഖലയില്‍ നിന്നുള്ള 20-ലേറെ വരുന്ന ചെറുകിട, ഇടത്തരം സംരഭങ്ങള്‍ പങ്കെടുക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ പ്രധാന ആകര്‍ഷണം. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന ഈ പവലിയനില്‍ മൂന്ന് എസ് സി, എസ്ടി യൂണിറ്റുകളുമുണ്ടാകും. ഇതിനു പുറമെ തമിഴ്നാട്ടില്‍ നിന്നുള്ള എസ്എംഇ യൂണിറ്റുകളുമായി എഫ്ഐഒ പവലിയനുമുണ്ടാകും.
ഓഗസ്റ്റ് 24 മുതല്‍ 26 വരെ രാവിലെ 11 മുതല്‍ 7 വരെയാകും പ്രദര്‍ശന സമയം. സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://foodtech.floor.bz/cast/login


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it