12 സംസ്ഥാനങ്ങളില്‍ ഇ-സിഗരറ്റുകള്‍ക്ക് നിരോധനം, വിലക്ക് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവിനെ തുടര്‍ന്ന് ഇന്ത്യയിലെ 12 സംസ്ഥാനങ്ങള്‍ ഇ-സിഗരറ്റുകള്‍ നിരോധിച്ചു. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ കൂടി ഈ നടപടി പിന്തുടരണം എന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ജമ്മു & കാശ്മിര്‍, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളാണ് ഇ-സിഗരറ്റുകള്‍ നിരോധിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റംസ് എന്നാണ് ഇ-സിഗരറ്റുകള്‍ ശാസ്ത്രീയമായി അറിയപ്പെടുന്നത്.

കഴിഞ്ഞ ഏതാനും നാളുകളായി ഇവയ്ക്ക് ജനപ്രീതി കൂടിവരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ഇവ നിരോധിക്കുന്നതിനുള്ള ഉത്തരവിട്ടത്. പരമ്പരാഗത സിഗരറ്റുകളെ അപേക്ഷിച്ച് ഇവ ആരോഗ്യത്തിന് ഹാനികരമല്ലെന്ന ചിന്തയാണ് ഇവയുടെ ഡിമാന്റ് കൂടാന്‍ കാരണമായത്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. സാധാരണ സിഗരറ്റുകളെപ്പോലെ തന്നെ ആരോഗ്യത്തിന് ദോഷകരമാണ് ഇ-സിഗരറ്റുകളും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇ-സിഗരറ്റുകള്‍, വേപ്പ്‌സ്, ഇ-ശീഷ, ഇ-നിക്കോട്ടിന്‍ ഫ്‌ളേവേര്‍ഡ് ഹൂക്ക തുടങ്ങിയവ നിര്‍മിക്കാനോ വില്‍ക്കാനോ വിതരണം ചെയ്യാനോ ഇറക്കുമതി ചെയ്യാനോ പാടില്ലെന്ന് എല്ലാ സംസ്ഥാനങ്ങളോടുമായി ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടത്. എന്നാല്‍ അതതു സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്.

Related Articles
Next Story
Videos
Share it