

രാജ്യത്ത് എല്ലാ വര്‍ഷവും 83 ലക്ഷത്തിലധികം മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ 2010 ല്‍ ആധാര്‍ ആരംഭിച്ചതിനുശേഷം, ഏകദേശം 1.15 കോടി ആധാര്‍ നമ്പറുകള്‍ മാത്രമാണ് ഇതുവരെ അസാധുവാക്കിയിട്ടുള്ളത്. വിവരാവകാശ രേഖയ്ക്ക് യു.ഐ.ഡി.എ.ഐയില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വൈരുദ്ധ്യം പുറത്തായത്. ആധാര്‍ ഡേറ്റബേസില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ വലിയ വീഴ്ച സംഭവിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ കോടിക്കണക്കിന് ആളുകള്‍ മരണപ്പെട്ടു. പക്ഷെ ഇതിന്റെ പത്തിലൊന്ന് പേരുടെ കാര്‍ഡുകള്‍ മാത്രമാണ് ഉപയോഗ രഹിതമാക്കപ്പെട്ടിരിക്കുന്നത്.
2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 142.39 കോടി ആധാര്‍ ഉടമകളാണുള്ളത്. യുണൈറ്റഡ് നേഷന്‍സിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 146.39 കോടിയും. അതായത് ജനസംഖ്യയുടെ ഏതാണ്ട് തുല്യമായ ആളുകള്‍ക്ക് ആധാറുണ്ടെന്നാണ് ഇതിനര്‍ത്ഥം. 2007 മുതല്‍ 2018 വരെ വരെ പ്രതിവര്‍ഷം ശരാശരി 83.5 ലക്ഷം മരണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സിവില്‍ രജസ്‌ട്രേഷന്‍ സിസ്റ്റം (CRS) വെളിപ്പെടുത്തുന്നത്. ആധാര്‍ പദ്ധതി തുടങ്ങിയശേഷം അസാധുവാക്കിയത് 1.15 കോടി കാര്‍ഡുകള്‍ മാത്രം.
ചില സ്ഥലങ്ങളില്‍ മരണപ്പെട്ടവരുടെ ആധാര്‍ നീക്കം ചെയ്യാത്തതു മൂലം ആധാര്‍വത്കരണം 120 ശതമാനം വരെയൊക്കെ കാണിക്കുന്നുണ്ട്. പല പദ്ധതികളുടെയും ആസൂത്രണത്തെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്.
രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചാല്‍ മാത്രമാണ് ആധാര്‍ അസാധുവാക്കുകയുള്ളെന്നാണ് യു.ഐ.ഡി.എ.ഐ പറയുന്നത്. മരണപ്പെട്ടയാളുടെ കുടുംബമോ സംസ്ഥാന സര്‍ക്കാരുകളോ ആധാര്‍ നമ്പറുമായി ഈ ഡെത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ലിങ്ക് ചെയ്യണം. പലരും ഇത് കൃത്യമായി ചെയ്യാത്തതുകൊണ്ട് തന്നെ കാര്‍ഡുകള്‍ റദ്ദാക്കാതെ പോകുന്നു.
ഓരോ വര്‍ഷവും എത്ര കാര്‍ഡുകള്‍ റദ്ദാക്കിയെന്നുള്ള വിവരം യു.ഐ.ഡി.എ രേഖപ്പെടുത്താറില്ല. എന്നാല്‍ 2024 ഡിസംബര്‍ വരെ 1.14 കോടി കാര്‍ഡുകള്‍ മരണ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് റദ്ദാക്കിയതായി യു.ഐ.ഡി.എ.ഐ പറയുന്നു.
ഇത് ഗുരുതരമായ ഒരു പ്രശ്‌നമാണെന്ന് യു.ഐ.ഡി.എ.ഐക്ക് അറിയാവുന്നതുകൊണ്ട്തന്നെ അത് പരിഹരിക്കാന്‍ രജിസ്ട്രാര്‍ ജനറലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 2022 മുതല്‍ 24 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1.55 കോടി മരണ രേഖകളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 1.17 കോടി ആധാര്‍ നമ്പറുകള്‍ പരിശോധിച്ചതിന് ശേഷം അസാധുവാക്കി. നിലവില്‍ 67 ലക്ഷം രേഖകള്‍ കൂടി പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് യു.ഐ.ഡി.എ.ഐ പറയുന്നു.
കഴിഞ്ഞ മാസം, കുടുംബങ്ങള്‍ക്ക് നേരിട്ട് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഒരു പുതിയ ഓപ്ഷന്‍ യു.ഐ.ഡി.എ.ഐ ചേര്‍ത്തിരുന്നു. API-കള്‍ വഴി തത്സമയം ഡാറ്റാബേസുകള്‍ ബന്ധിപ്പിക്കുന്നത് പോലുള്ള കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് മരണ രേഖകള്‍ വേഗത്തില്‍ അപ്‌ഡേറ്റ് ചെയ്യാനും ആധാര്‍ കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കുന്നതിലെ കാലതാമസം കുറയ്ക്കാനും സഹായിക്കുമെന്നാണ് അതോറിറ്റി കരുതുന്നത്.
UIDAI under scrutiny as Aadhaar deactivation fails to match national death statistics, raising concerns over data accuracy
Read DhanamOnline in English
Subscribe to Dhanam Magazine