കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ നാലാംപാദ ലാഭത്തില്‍ 163.32 % വര്‍ധന

സാങ്കേതിക വിദ്യയിലധിഷ്ഠതമായ സുസ്ഥിര അക്വാകള്‍ച്ചര്‍ കമ്പനിയായ കിംഗ്സ് ഇന്‍ഫ്ര ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 2.06 കോടിരൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 78 ലക്ഷം രൂപയായിരുന്നു ലാഭം. 161.32 ശതമാനമാണ്‌ വര്‍ധന. വരുമാനം 12.37 കോടി രൂപയില്‍ നിന്ന് 66.09 ശതമാനം ഉയര്‍ന്ന് 20.54 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 61.24 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 41.12 കോടി രൂപയില്‍ 48.92 ശതമാനം വര്‍ധന രേഖപ്പെടുത്തി. വാര്‍ഷിക ലാഭത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച നേടി. 2021-22 ല്‍ 2.96 കോടിയായിരുന്നു ലാഭം 92.81 ശതമാനം ഉയര്‍ന്ന് 5.72 കോടി രൂപയായി.
ഇന്ത്യന്‍ അക്വാകള്‍ച്ചര്‍ മേഖലയെ സംബന്ധിച്ച് 2022-23 സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും ഇക്വഡോര്‍, സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അക്വാകള്‍ച്ചര്‍ ഉത്പാദനം ഉയര്‍ന്നത് രാജ്യത്തെ ഈ മേഖലയെ ബാധിച്ചെന്നും കിംഗ്‌സ് ഇന്‍ഫ്രാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് ദീര്‍ഘകാല പങ്കാളിത്തത്തിലൂടെയും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ത്തും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ 1.71 ശതമാനം ഇടിഞ്ഞ് 115.25 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
Related Articles
Next Story
Videos
Share it