കെഎസ്ഇബി കഴിഞ്ഞാല്‍ പിന്നെ നെടുമ്പാശേരി; 25 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച് സിയാല്‍
സൗരോര്‍ജ വൈദ്യുതി ഊര്‍ജ്ജോല്‍പാദനത്തില്‍ (Solar Energy) 25 കോടി യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍-CIAL). സംസ്ഥാനത്ത് ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ കെഎസ്ഇബിക്ക് (KSEB) പിന്നില്‍ രണ്ടാമതാണ് സിയാല്‍. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം (Airport) എന്ന സവിശേഷതയും സിയാലിനുണ്ട്.
2013ല്‍ 100 കിലോവാട്ട് പീക്ക് ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സിയാലിലെ സൗരോര്‍ജ്ജ പ്ലാന്റ് ഇതുവരെ 1.6 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ആണ് ലാഭിച്ചത്. 2015ല്‍ ആണ് സിയാല്‍ സമ്പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളം ആയത്. സിയാലിന്റെ പരിസരത്തെ എട്ട് സൗരോര്‍ജ്ജ പ്ലാന്റുകള്‍ കൂടാതെ പയ്യന്നൂരില്‍ 12 മെഗാവാട്ട് പ്ലാന്റും അരിപ്പാറ ജലവൈദ്യുതി പദ്ധതിയും സിയാലിന് കീഴിലുണ്ട്.
25 കോടി യൂണീറ്റില്‍ അരിപ്പാറ പദ്ധതിയില്‍ നിന്നുള്ള ഉല്‍പ്പാദനം കണക്കാക്കിയിട്ടില്ല. ഇതുവരെ 75 ലക്ഷം യൂണിറ്റോളം വൈദ്യുതിയാണ് അരിപ്പാറ പദ്ധിതിയില്‍ നിന്ന് ലഭിച്ചത്. പ്രതിദിനം 2 ലക്ഷം യൂണീറ്റ് വൈദ്യുതിയാണ് സിയാല്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ 1.36 ലക്ഷം യൂണിറ്റ് പ്രതിദിന ആവശ്യങ്ങള്‍ക്കെടുത്ത ശേഷം ബാക്കി കെഎസ്ഇബിക്ക് നല്‍കുകയാണ് ചെയ്യുന്നത്.