

കഴിഞ്ഞ വര്‍ഷം എ.സി.സി ലിമിറ്റഡും അംബുജ സിമന്റും ഏറ്റെടുക്കുന്നതിനായി എടുത്ത വിവിധ കാലയളവിലെ വായ്പയുടെ റീഫിനാന്‍സിംഗുമായി ബന്ധപ്പെട്ട് അഞ്ച് അന്താരാഷ്ട്ര ബാങ്കുകളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചയിലാണെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 32,000 കോടി രൂപ വായ്പയുടെ റീഫിനാന്‍സിംഗിനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനായി കമ്പനി വിവിധ ബാങ്കുകളുടെ സഹായം തേടും. കൂടാതെ ഓഹരികള്‍ വിറ്റഴിക്കുന്നത് വഴി 21,000 കോടി രൂപയുടെ ധനസമാഹരണം നടത്തനും കമ്പനി പദ്ധതിയിടുന്നുണ്ട്.
നിബന്ധനകളില്‍ മാറ്റം വരുത്തിയേക്കും
അദാനിയുടെ നിലവിലുള്ള വായ്പാദാതാക്കളായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബാര്‍ക്ലേസ്, ഡ്യൂഷെ ബാങ്ക് എന്നിവയുള്‍പ്പെടെ രണ്ട് തായ്വാനീസ് ബാങ്കുകളുമായും ഒരു മലേഷ്യന്‍ ബാങ്കുമായും ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിലവിലുള്ള വായ്പാ ദാതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ വായ്പാ തിരിച്ചടവ് കാലവധി നീട്ടുന്നത് ഉള്‍പ്പടെ വായ്പയുടെ നിബന്ധനകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധ്യതയുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബാര്‍ക്ലേയ്‌സ് എന്നിവയുള്‍പ്പെടെ നിലവിലുള്ള വായ്പാ ദാതാക്കള്‍ക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടെന്ന് മേയ് ആദ്യവാരം ഈ ബാങ്കുകള്‍ അറിയിച്ചിരുന്നു. അതിനാല്‍ വീണ്ടും കമ്പനിക്ക് വായ്പ നല്‍കാന്‍ സാധ്യതയുണ്ട്.
21,000 കോടി രൂപ സമാഹരിക്കും
യോഗ്യരായ സ്ഥാപക നിക്ഷേപകര്‍ (qualified institutional placement) വഴി ഏകദേശം 21,000 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. അതായത് ഈ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് വഴി ഫണ്ട് സ്വരൂപിക്കും. അദാനി എന്റര്‍പ്രൈസസ് 12,500 കോടി രൂപയും അദാനി ട്രാന്‍സ്മിഷന്‍ 8,500 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തുകയും വായ്പ തിരിച്ചടവിന് സഹായിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു
മാര്‍ച്ച് ആദ്യം, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയിലെ ഓഹരികള്‍ വിറ്റ് പ്രൊമോട്ടര്‍മാരുമായി ഗ്രൂപ്പ് ജി.ക്യു.ജി പാര്‍ട്‌ണേസില്‍ നിന്ന് 15,000 കോടി രൂപ സമാഹരിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ രേഖപ്പെടുത്തിയ ഗ്രൂപ്പിന്റെ മൊത്ത കടം 2.3 ലക്ഷം കോടി രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine