

ലോക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ ഇന്ത്യയിലെ 36 ശതമാനം കമ്പനികളും ചെലവ് നിയന്ത്രിക്കുന്നതിനായി വാര്‍ഷികാടിസ്ഥാനത്തിലുള്ള ശമ്പള വര്‍ദ്ധനവ് മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി ആഗോള ഓര്‍ഗനൈസേഷന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കോണ്‍ ഫെറിയുടെ റിപ്പോര്‍ട്ട്. 23 ശതമാനം സ്ഥാപനങ്ങളും പ്രമോഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. 18 ശതമാനം സ്ഥാപനങ്ങള്‍ ശമ്പള വര്‍ദ്ധനവ് മാറ്റിവയ്ക്കുകയോ അനിശ്ചിത്വത്തിലാക്കുകയോ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന സര്‍ക്കാരിന്റെ ശക്തമായ അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 84 ശതമാനം കമ്പനികളും സ്ഥിരമായ പിരിച്ചുവിടല്‍ വിഷയം പരിഗണിച്ചിട്ടേയില്ല. നിലവിലെ സാഹചര്യങ്ങളില്‍ വിപണിയുടെ വീണ്ടെടുപ്പില്‍ അനിശ്ചിതത്വമുണ്ടെങ്കിലും ബിസിനസ്സ് നേതാക്കള്‍ ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനും അവരുടെ ചെലവുകള്‍ നിയന്ത്രിക്കാനുമാണ് പരമാവധി ശ്രമിക്കുന്നതെന്ന് കോര്‍ണ്‍ ഫെറി ഇന്ത്യയുടെ ക്ലയന്റ് പാര്‍ട്ണര്‍ രൂപാങ്ക് ചൗധരി പറഞ്ഞു.
പിരിച്ചുവിടല്‍, വേതനം മരവിപ്പിക്കല്‍, ജോലിസമയവും ഓവര്‍ടൈമും കുറയ്ക്കല്‍, കരാറുകാരെ ആശ്രയിക്കുന്നതൊഴിവാക്കല്‍, ബോണസും റിട്ടയര്‍മെന്റ് സേവിംഗ്‌സും പോലുള്ള ആനുകൂല്യങ്ങള്‍ മാറ്റിവയ്ക്കല്‍ തുടങ്ങിയവയാണ് ഇത്തരം ഘട്ടങ്ങളില്‍ പ്രതിസന്ധി മറികടക്കുന്നതിന് സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗങ്ങള്‍ - രൂപാങ്ക് ചൗധരി ചൂണ്ടിക്കാട്ടി. ഈ കാലയളവില്‍ ആശയവിനിമയത്തില്‍ ശ്രദ്ധ ചെലുത്തുന്ന പ്രവര്‍ത്തന നിരതമായ നേതൃത്വം ജനങ്ങള്‍ക്ക് സുരക്ഷിതത്വവും കരുതലും ഉണ്ടാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അഭൂതപൂര്‍വമായ അനിശ്ചിതത്വത്തിനിടയില്‍ ചടുലതയാര്‍ന്ന നവീനശൈലിയാണ് ഇപ്പോഴത്തെ ആഗോള വെല്ലുവിളി കൈകാര്യം ചെയ്യുന്നതിന് ആവശ്യം. ആഘാതം നേരിടുന്നതിനായി ഹ്രസ്വകാല നടപടികള്‍ അടിയന്തര സ്വാഭാവത്തോടെ നടപ്പിലാക്കണം. ഒപ്പം, ഭാവിയിലെ വളര്‍ച്ച ഉറപ്പാക്കാന്‍ ദീര്‍ഘകാല വീക്ഷണത്തോടെയുള്ള സന്തുലിത പദ്ധതികളിലും ബിസിനസ്സ് നേതാക്കള്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ചൗധരി കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine