കേരള കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 43.55 കോടി രൂപ അനുവദിച്ചു

കേരള കാഷ്യു ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് തോട്ടണ്ടി വാങ്ങാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന 5300 ടണ്‍ തോട്ടണ്ടി ഓഗസ്റ്റ് മാസത്തില്‍ ഫാക്ടറികളിലെത്തും. കാഷ്യൂ കോര്‍പറേഷനിലും കാപ്പെക്‌സിലുമായി പണിയെടുക്കുന്ന 17,100 തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ ഉറപ്പാക്കുന്നതാണ് ഈ നടപടിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ അനുവദിച്ചത്

നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാന ബജറ്റില്‍ കാഷ്യൂ ബോര്‍ഡിന് അനുവദിച്ചതാണ് തുക. നടപ്പുവര്‍ഷം 30,000 ടണ്‍ തോട്ടണ്ടി സംഭരിക്കുകയും തൊഴിലാളികള്‍ക്ക് 200 ദിവസത്തില്‍ കുറയാതെ തൊഴില്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2023 മാര്‍ച്ച് മുതല്‍ ഇതുവരെ കാഷ്യൂ ബോര്‍ഡ് 8700 ടണ്‍ തോട്ടണ്ടി വാങ്ങിയിട്ടുണ്ട്. കാഷ്യൂ കോര്‍പറേഷന് 30 ഫാക്ടറികളിലായി 12,600 തൊഴിലാളികളും കാപ്പെക്സിന് 10 ഫാക്ടറികളിലായി 4500 തൊഴിലാളികളുമാണുള്ളത്. നിലവില്‍ സ്റ്റോക്കുള്ള തോട്ടണ്ടി ഉപയോഗിച്ച് സെപ്തംബര്‍ 30 വരെ ഫാക്ടറികള്‍ക്ക് പ്രവര്‍ത്തിക്കാനാകും.

കാപ്പെക്‌സും കാഷ്യു കോര്‍പ്പറേഷനും കാഷ്യു ബോര്‍ഡ് വഴി ഏറ്റവും നല്ല കശുവണ്ടി ശേഖരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. മിതമായ കൈകാര്യച്ചെലവ് മാത്രം എടുത്തുകൊണ്ട് മറ്റു വ്യവസായ സ്ഥാപനങ്ങള്‍ക്കും ബോര്‍ഡ് കശുവണ്ടി ലഭ്യമാക്കുന്നുണ്ട്. കശുവണ്ടി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക കാഷ്യു ബോര്‍ഡിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നും വകുപ്പ് അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it