4 ജി സ്‌പെക്ട്രം ലേലം; ആദ്യദിനം നേടിയത് 77000 കോടി രൂപ

4ജി സ്‌പെക്ട്രം ലേലത്തില്‍ ആദ്യദിനം നേടിയത് 77146 കോടി രൂപ ലേലത്തുക. തിങ്കളാഴ്ച നാലു റൗണ്ട് ലേലമാണ് നടന്നത്. ഇന്നും ഒന്നോ രണ്ടോ റൗണ്ട് ലേലം നടക്കും. 45,000 കോടി രൂപയാണ് ലേലത്തില്‍ നിന്ന് ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്നത്. ആദ്യദിനം തന്നെ ഇതില്‍ കൂടുതല്‍ നേടാനായി. ലേലം ഇന്നും തുടരുന്നതോടെ 90000 കോടി വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതീക്ഷിച്ചതു പോലെ തന്നെ പ്രീമിയം 4ജി ബാന്‍ഡായ 700 മെഗാഹെര്‍ട്‌സ് സ്വന്തമാക്കാന്‍ ഒരുകമ്പനിയും മുന്നോട്ട് വന്നില്ല. 800 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളോടാണ് കമ്പനികള്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടിയത്.

77146 കോടി രൂപയാണ് ഇന്നലെ ലഭിച്ച ലേലത്തുക. ഇതില്‍ 13,000 കോടി രൂപ കമ്പനികള്‍ ഉടനെ അടയ്ക്കണം. ഒരു ജിഗാഹെര്‍ട്‌സിന് താഴെ വരുന്നവയുടെ (800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ് തുടങ്ങിയവ) 25 ശതമാനവും ഒരു ജിഗാഹെര്‍ട്‌സിന് മുകളിലുള്ളവയുടെ (2300 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് തുടങ്ങിയവ) 50 ശതമാനവും തുകയാണ് തുടക്കത്തില്‍ അടയ്‌ക്കേണ്ടത്. ബാക്കി വരുന്ന തുക ആദ്യത്തെ രണ്ടു വര്‍ഷത്തെ മൊറട്ടോറിയം കാലയളവിന് ശേഷമുള്ള 16 വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി.
ലേലം നടക്കാത്ത 700 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ള ബാന്‍ഡുകളുടെ 60 ശതമാനം സ്‌പെക്ട്രവും ലേലം ചെയ്യാനായെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു.


Related Articles
Next Story
Videos
Share it