

നാലാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ കൊച്ചി ബോള്‍ഗാട്ടി പാലസില്‍. മാര്‍ച്ച് 25 മുതല്‍ 27 വരെയാണ് മറൈന്‍ ഷോ നടക്കുകയെന്ന് സംഘാടകരായ ക്രൂസ് എക്സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജലകായികവിനോദ (വാട്ടര്‍സ്പോര്‍ട്സ്) ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സേവനദാതാക്കള്‍ തുടങ്ങി 45-ഓളം സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
ഈ മേഖലയില്‍ നിന്നുള്ള 3500-ലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു. സംസ്ഥന വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി രവി മുഖ്യപ്രഭാഷണം നടത്തും. കൊച്ചിന്‍ പോര്‍ട്ട് ട്ര്സ്റ്റ് ചെയര്‍പെഴ്സണ്‍ ആര്‍. ബീന ഐഎഎസ്, ഫിക്കി കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി എന്നിവരും പ്രസംഗിക്കും.
കെ-ബിപ്, കെഎംആര്‍എല്‍, കെഎംബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഐഡബ്ല്യുഎഐ, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും ഐബിഎംസിനുണ്ട്. ഈ മേഖലയിലെ 25 കേരള സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്‍ഡസ്ട്രി പവലിയനും കെ-ബിപിന്റെ കീഴില്‍ മേളയില്‍ അണിനിരക്കും.
മാര്‍ച്ച് 25-ന് ഉച്ചയ്ക്ക് 2 മുതല്‍ 5:30 വരെ ഒരു വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമും മേളയുടെ ഭാഗമായി അരങ്ങേറും. സംരംഭകരും ബയേഴ്സും തമ്മിലുള്ള ഒരു ബി2ബി നെറ്റ് വര്‍ക്കിംഗാണ് വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുക. ഐബിഎംഎസിന്റെ രണ്ടാം ദിവസമായ മാര്‍ച്ച് 26ന് ഡിപ്പാര്‍ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജി അലുംമ്നി സൊസൈറ്റി (ഡോസ്റ്റാസ്) സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ സെഷന്‍ നടക്കും.
കേളത്തിലെ ടൂറിസം, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലകളുടെ അലകും പിടിയും മാറ്റാന്‍ പോന്ന പ്ലഷര്‍ ക്രാഫ്റ്റുകള്‍, ചെറിയ ക്രാഫ്റ്റുകള്‍, മറീനകള്‍, സീപ്ലെയിന്‍സ്, മാന്‍പവര്‍ ട്രെയിനിംഗ് തുടങ്ങി ഈ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളുമാകും ഈ സെഷന്റെ പ്രതിപാദ്യ വിഷയങ്ങള്‍.
കെഎംആര്‍എലിന്റെ വാട്ടര്‍ മെട്രോ 2022 മെയ് മാസത്തോടെ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കേരളത്തിലെ ജലവിനോദങ്ങള്‍ക്കും അത് കുതിപ്പാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ജില്ലയിലെ ഉള്‍നാടന്‍ ബോട്ടിംഗ്, മറൈന്‍ സൗകര്യങ്ങള്‍ ആഗോളനിലവാരത്തിലെത്തിയ്ക്കുകയാണ് വാട്ടര്‍ മെട്രോ പദ്ധതിയുടെ അടുത്തഘട്ടം. ഇതിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കെഎംആര്‍എലിനു വേണ്ടി നിര്‍മിക്കുന്ന വാട്ടര്‍ മെട്രോ-01 എന്ന കറ്റാമരന്‍ ഇത്തരത്തില്‍പ്പെട്ട 23 വെസലുകളില്‍ ആദ്യത്തേതാകും.
കഴിഞ്ഞ 14 വര്‍ഷമായി ഫുഡ്ടെക് കേരള, ഹോട്ടല്‍ടെക് തുടങ്ങി വിവിധ ബി2ബി പ്രദര്‍ശനങ്ങള്‍ നടത്തിവരുന്ന കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സ്‌പോസാണ് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ സംഘാടകര്‍.
Read DhanamOnline in English
Subscribe to Dhanam Magazine