വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 50 കോടി; മൂന്നുതരം സൗകര്യമൊരുക്കും

'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിക്ക് 50 കോടിയാണ് ഇത്തവണ സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി/ഐ ടി ഇ എസ് മേഖലയിലെ ജീവനക്കാരുടെ പ്രവര്‍ത്തന സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കേരളത്തിന് പുറത്തുള്ള കമ്പനികളെയും ജീവനക്കാരെയും ആകര്‍ഷിക്കാന്‍ സാധിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷമാണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രസഭ യോഗത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് കീഴില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വര്‍ക്ക് നിയര്‍ ഹോം സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പിലാക്കിയ തൊഴില്‍ സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം. കോവിഡിന് ശേഷവും പുതിയൊരു തൊഴില്‍ സംസ്‌കാരമായി വര്‍ക്ക് നിയര്‍ ഹോം ഉയര്‍ന്നുവരുന്നു.

മൂന്നുതരം സൗകര്യമൊരുക്കും

കഴിഞ്ഞ ബജറ്റിലും പ്രാദേശിക തലത്തിലേക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതി വ്യാപിപ്പിക്കാന്‍ 50 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാദേശികതലത്തില്‍ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വര്‍ക്ക് നിയര്‍ ഹോമിന് മൂന്നുതരം സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

1. ഐടി,അനുബന്ധ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്കുകള്‍ നല്‍കാന്‍ തയ്യാറുള്ള വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള കേന്ദ്രങ്ങള്‍.

2. വിദൂര ജോലികളിലോ, ഗിഗ് വര്‍ക്കിലോ ഏര്‍പ്പെടുന്നവര്‍ക്കുള്ള കേന്ദ്രങ്ങള്‍.

3. കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍. ഇത്തരം സെന്ററുകളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരും സ്വകാര്യമേഖലയും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് രൂപവല്‍രിക്കുന്ന പങ്കാളിത്ത മാതൃകയാകും ഉണ്ടാവുക.

പ്രതീക്ഷിക്കുന്ന ചെലവ്

പലിശരഹിത വായ്പയായി കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കും. നിര്‍മാണം പൂര്‍ത്തിയായി ഒരുവര്‍ഷത്തെ മൊറട്ടോറിയം കാലയളവിന് ശേഷം പത്തുവര്‍ഷം കൊണ്ട് ഈ വായ്പ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചടയ്ക്കണം. മൂന്നുവര്‍ഷത്തിനുള്ളില്‍ വര്‍ക്ക് നിയര്‍ ഹോം സംവിധാനം വഴി ഒരുലക്ഷം വര്‍ക്ക് സീറ്റുകള്‍ സൃഷ്ടിക്കുന്നതിനായി ആകെ ആയിരം കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

ഐടി സ്‌പെയിസുകള്‍

നിലവിലെ മൂന്നു സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ നിന്ന് അകലെയായി ഈ സ്ഥലത്തെ ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അയ്യായിരം മുതല്‍ അന്‍പതിനായിരം വരെ ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി സ്‌പെയിസുകള്‍ സജ്ജീകരിക്കുന്നതാണ് നിര്‍ദ്ദിഷ്ട വര്‍ക്ക് നിയര്‍ ഹോം മാതൃക. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കും പത്തുകോടി രൂപ നീക്കി വെയ്ക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം എന്ന പദ്ധതി ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.

പദ്ധതി വിഭാവനം

പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ്, കോവര്‍ക്കിംഗ് സ്‌പെയിസ്, മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ട്രെയിനിങ് റൂം, കോഫി ലോഞ്ച് / റസ്റ്റോറന്റ്, സീംലെസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വയേര്‍ഡ് വൈഫൈ, അണ്‍ ഇന്ററപ്റ്റഡ് പവര്‍ സപ്ലൈ, എയര്‍കണ്ടീഷന്‍, വീഡിയോ/ ഓഡിയോ കോണ്‍ഫറന്‍സ് ഫെസിലിറ്റി, വയര്‍ലെസ് പ്രിന്റര്‍, സ്‌കാനര്‍ എന്നിവയോടുകൂടിയ ഫ്രണ്ട് ഡെസ്‌ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വയലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. W Room എന്നറിയപ്പെടുന്ന പ്രത്യേക വിഭാഗമായിരിക്കും ഇതിനായി സജ്ജമാക്കുക.

Related Articles
Next Story
Videos
Share it