5ജി സ്‌പെക്ട്രം വാങ്ങാന്‍ ടെലികോം കമ്പനികള്‍ തയ്യാറല്ല, വില കുറയ്ക്കാന്‍ കേന്ദ്രം

ലേലത്തിന് മുന്നോടിയായി 5ജി സ്‌പെക്ട്രത്തിന്റെ റിസര്‍വ് വില കുറയ്ക്കാനൊരുങ്ങി ടെലികോം റെഗുറേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (trai). കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ലേലത്തില്‍ 60 ശതമാനം സ്‌പെക്ട്രവും വിറ്റുപോയിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി. 2018ല്‍ തീരുമാനിച്ച റിസര്‍വ് വിലയില്‍ നിന്ന് 30-50 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.

പുതിയ വില സംബന്ധിച്ച കാര്യത്തില്‍ ഈ മാസം ട്രായി വ്യക്തത വരുത്തും. വില കുറച്ചാല്‍ 49,200 കോടി രൂപ വില നിശ്ചയിച്ചിരുന്ന 100 മെഗാഹെര്‍ട്‌സ് പാന്‍ഇന്ത്യ സ്‌പെക്ട്രം 24,600-34,440 കോടിക്ക് നല്‍കേണ്ടി വരും. 2018ല്‍ തന്നെ 3300-3600 മെഗാഹെര്‍ട്‌സിലുള്ള 5ജി ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ റിസര്‍വ് വിസ ട്രായി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.
സ്‌പെക്ട്രം വില പുതുക്കി നിശ്ചയിക്കുന്നത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ നേട്ടമുണ്ടാക്കും. മുന്‍കാലങ്ങളില്‍ 20 വര്‍ഷത്തേക്ക് നല്‍കിയിരുന്ന സ്‌പെക്ട്രം ഇത്തവണ 30 വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. അതേ സമയം 90 ശതമാനം വിലകുറയ്ക്കണമെന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള ആവശ്യം. ഇതു കൂടാതെ 5-6 വര്‍ഷത്തെ മൊറട്ടോറിയം, പണം അടയ്ക്കാന്‍ 20-24 വര്‍ഷത്തെ കാലാവധി തുടങ്ങിയ ആവശ്യങ്ങളും കമ്പനികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
നിലവില്‍ മൂന്ന് ടെലികോം ഓപ്പറേറ്റര്‍മാരാണ് 5ജി സ്‌പെക്ട്രം ലേലത്തിനായി രംഗത്തുള്ളത്. അതില്‍ വോഡാഫോണ്‍-ഐഡിയ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോവുന്നത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍ കമ്പനികള്‍ക്ക് 4ജി ബാന്‍ഡില്‍ മതിയായ സ്‌പെക്ട്രം ഉണ്ട്. ഇവ ഒപ്‌റ്റൈമൈസ് ചെയ്താല്‍ 5ജി സേവനം നല്‍കാവുന്നതാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാറും സ്‌പെക്ട്രം റിസര്‍വ് വില കുറയ്ക്കുന്നതിന് അനുകൂലമാണ്. നിലവില്‍ മാര്‍ച്ച് അവസാനത്തോടെ 5ജി സ്‌പെക്ട്രം ലേലം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് 5ജി സേവനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍.


Related Articles
Next Story
Videos
Share it