

സൊമാറ്റോ, സ്വിഗ്ഗി, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് ആശ്വാസകരമായ നീക്കവുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ കരട് നിയമങ്ങളില്‍ പറയുന്നത്. നിര്‍ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. നിലവിൽ അസ്ഥിരമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് വലിയൊരു സുരക്ഷാ കവചമായി മാറും.
ഒരു അഗ്രഗേറ്ററിന് (ഉദാഹരണത്തിന് സ്വിഗ്ഗി അല്ലെങ്കിൽ സൊമാറ്റോ) കീഴിൽ വർഷത്തിൽ 90 ദിവസമെങ്കിലും ജോലി ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ മാറി മാറി ജോലി ചെയ്യുന്നവരാണെങ്കിൽ, അവർ മൊത്തം 120 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം. ഒരു കലണ്ടർ ദിനത്തിൽ ആപ്പിലൂടെ വരുമാനം നേടുന്ന ഏത് ദിവസവും പ്രവൃത്തി ദിനമായി കണക്കാക്കും. ഒന്നിലധികം ആപ്പുകളിൽ ഒരേ ദിവസം ജോലി ചെയ്താൽ അവ ഓരോന്നും പ്രത്യേകമായി തന്നെ കണക്കാക്കുമെന്നത് തൊഴിലാളികൾക്ക് ഗുണകരമാണ്.
ഈ നിയമം നടപ്പിലാകുന്നതോടെ ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇ-ശ്രാം (e-Shram) പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഇവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമാകാനും സാധിക്കും.
ഇന്ത്യയിലെ ഗിഗ് സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെങ്കിലും, ഈ മേഖലയിലെ തൊഴിലാളികൾക്ക് കൃത്യമായ വേതനമോ സുരക്ഷാ മാനദണ്ഡങ്ങളോ ലഭിക്കുന്നില്ലെന്ന പരാതി ശക്തമായിരുന്നു. പുതുവത്സര തലേന്ന് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയെ കൂടുതൽ ഔദ്യോഗികമാക്കാൻ സഹായിക്കുന്നതാണ് പുതിയ നിയമങ്ങൾ.
തൊഴിൽ ദാതാക്കളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കിടയിൽ ഒരു സമതുലിതാവസ്ഥ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ ഈ 90 ദിവസത്തെ തൊഴിൽ വ്യവസ്ഥയ്ക്ക് സാധിക്കും. ഇത് ഗിഗ് തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് കരുതുന്നത്.
Indian labour ministry proposes 90-day work eligibility rule for gig workers to access social security benefits.
Read DhanamOnline in English
Subscribe to Dhanam Magazine