

ടെക് മഹീന്ദ്രയുടെ പുതിയ തലവനായി മോഹിത് ജോഷിയെ പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്ത വന്ന ദിവസം തന്നെ കമ്പനിയുടെ ഓഹരി വില 7.85 ഉയര്‍ന്നു. എന്തുകൊണ്ടാണ് ടെക് മഹീന്ദ്രയുടെ പുതിയ തലവനെ കണ്ടെത്തിയെന്ന പ്രഖ്യാപനം ഇത്ര വാര്‍ത്താ പ്രാധാന്യം നേടിയത്?
വഹിച്ചത് ഉയര്‍ന്ന പദവികള്‍
നിലവില്‍ ഇന്‍ഫോസിസ് കമ്പനിയുടെ ആഗോള സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യ പരിരക്ഷ, സോഫ്റ്റ്‌വെയർ ബിസിനസ് തലവനായി പ്രവര്‍ത്തിക്കുകയാണ് മോഹിത് ജോഷി. പ്രമുഖ ആഗോള ബാങ്കുകളായ എ എന്‍ ഇസഡ് ഗ്രിന്‍ഡ് ലെയ്സ്, എ ബി എന്‍ ആംറോ, തുടങ്ങിയ ബാങ്കുകളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇന്‍ഫോസിസ് കമ്പനിയില്‍ അദ്ദേഹത്തിന് 2021 -22 മൊത്തം ലഭിച്ച ശമ്പളം 34.89 കോടി രൂപ. അതായത് ഒരു ദിവസത്തെ വേതനം 9.5 ലക്ഷം രൂപ. 2021 ല്‍ 15 കോടി രൂപയില്‍ നിന്ന് 34 കോടി രൂപയായി ശമ്പളം വര്‍ധിച്ചു. എന്റ്റര്‍പ്രൈസ് സോഫ്റ്റ്‌വെയർ രംഗത്ത് രണ്ടു ദശാബ്ദത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുണ്ട് മോഹിത്തിന്.
ജൂണില്‍ തന്നെ ചുമതലയേല്‍ക്കും
2014 ല്‍ യുവ ആഗോള നേതാവായി വേള്‍ഡ് ഇക്കോണോമിക്ക് ഫോറം പ്രഖ്യാപിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ ഉപാധ്യക്ഷനുമായിരുന്നു അദ്ദേഹം. ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സെയിന്റ്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്ക് ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം ബി എ യും കരസ്ഥമാക്കി.
2019 ല്‍ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ ആഗോള നേതൃത്വത്തില്‍ ഉപരിപഠനവും. നിലവിലെ ടെക്ക് മഹീന്ദ്ര തലവന്‍ സി പി ഗുര്‍നാനിയുടെ കാലാവധി ഡിസംബര്‍ 2023 ല്‍ അവസാനിക്കുമ്പോള്‍ മൊഹിത്ത് പൂര്‍ണ ചുമതല ഏല്‍ക്കും. എങ്കിലും ജൂണില്‍ ഇന്‍ഫോസിസില്‍ നിന്ന് പിരിയുന്ന മൊഹിത്ത് ജൂണില്‍ തന്നെ പുതിയ ജോലിയില്‍ പ്രവേശിക്കുമെന്ന് കരുതുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine