നിങ്ങളുടെ 1,000 രൂപയുടെ പെട്രോളിൽ എത്ര നികുതിയുണ്ട്? എണ്ണക്കമ്പനികളുടെ ലാഭവും കേന്ദ്ര-സംസ്ഥാന വിഹിതവും അറിയാം

ഇന്ത്യയുടെ ക്രൂഡ് ബാസ്കറ്റ് വില ഫെബ്രുവരിയിലെ 69.01 ഡോളറിൽ നിന്ന് മാർച്ച് 24 ആയപ്പോഴേക്കും 123.15 ഡോളറായി വർദ്ധിച്ചു
petrol pump
Image courtesy: Canva
Published on

ഒരു പെട്രോള്‍ പമ്പില്‍ നിന്ന് കേരളത്തില്‍ 1,000 രൂപയ്ക്ക് പെട്രോൾ അടിക്കുമ്പോൾ, ലിറ്ററിന് ശരാശരി നിരക്കായ 106 രൂപ വെച്ച് ഏകദേശം 9.5 ലിറ്റർ ഇന്ധനമാണ് ലഭിക്കുക. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള ചെലവ്, കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഡീലർ കമ്മീഷൻ എന്നിങ്ങനെ ഉപയോക്താവ് നൽകുന്ന ഈ തുക പ്രധാനമായും നാല് ഭാഗങ്ങളായാണ് വിഭജിക്കപ്പെടുന്നത്.

കേന്ദ്ര നികുതികളുടെ പങ്ക്: 10 രൂപ കുറച്ചതോടെ കേന്ദ്ര സർക്കാർ ഒരു ലിറ്റർ പെട്രോളിൽ നിന്ന് നിലവിൽ 11.90 രൂപ എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നു. ബേസിക് എക്സൈസ് ഡ്യൂട്ടി: 1.4 രൂപ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി: 3 രൂപ, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ സെസ്: 2.5 രൂപ, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്: 5 രൂപ എന്നിങ്ങനെയാണ് കേന്ദ്ര നികുതികളെ വിഭജിച്ചിരിക്കുന്നത്.

ഇറാൻ യുദ്ധവും അന്താരാഷ്ട്ര വിപണിയും

പെട്രോൾ വിലയിലെ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധമാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറിലേക്ക് കുതിച്ചുയർന്നു. ഇന്ത്യയുടെ ക്രൂഡ് ബാസ്കറ്റ് വില ഫെബ്രുവരിയിലെ 69.01 ഡോളറിൽ നിന്ന് മാർച്ച് 24 ആയപ്പോഴേക്കും 123.15 ഡോളറായി വർദ്ധിച്ചു. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ ഏഷ്യയിലേക്കുള്ള എണ്ണ വിതരണത്തെ ബാധിച്ചത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് 78.45 ശതമാനം വരെ വർദ്ധിപ്പിച്ചു.

ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് (OMCs) ഓരോ ലിറ്റർ പെട്രോളിലും ഏകദേശം 48.8 രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. കേന്ദ്ര സർക്കാർ നികുതിയിൽ 10 രൂപ കുറച്ചെങ്കിലും, അത് ഉപഭോക്താക്കൾക്ക് വില കുറച്ചു നൽകുന്നതിന് പകരം എണ്ണക്കമ്പനികളുടെ ഈ വലിയ നഷ്ടം നികത്താനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് നികുതി കുറച്ചിട്ടും പെട്രോള്‍ പമ്പിലെ വിലയിൽ മാറ്റമുണ്ടാകാത്തത്.

വ്യത്യസ്ത നിരക്കിൽ വാറ്റ്

ഓരോ സംസ്ഥാനവും വ്യത്യസ്ത നിരക്കിൽ വാറ്റ് (VAT) ഈടാക്കുന്നത് കൊണ്ടാണ് നഗരങ്ങൾ തോറും വിലയിൽ വ്യത്യാസം കാണുന്നത്. ഉദാഹരണത്തിന്, ഡൽഹിയിൽ 94.77 രൂപയുള്ളപ്പോൾ ഹൈദരാബാദിൽ ലിറ്ററിന് 107.5 രൂപ വരെയാകാം. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് ശരാശരി 105.50 രൂപയാണ് വില. കേരളത്തില്‍ സംസ്ഥാനതല നികുതി ലിറ്ററിന് ഏകദേശം 24 രൂപ മുതൽ 27 രൂപ വരെയാണ്. ഇതിനുപുറമെ, ഓരോ ലിറ്ററിലും ഏകദേശം 2.5 മുതൽ 4.5 രൂപ വരെ ഡീലർ കമ്മീഷനായും നൽകപ്പെടുന്നുണ്ട്. അതായത് അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന എണ്ണവിലയും വിവിധ നികുതികളും അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഉപയോക്താവ് നൽകുന്ന 1,000 രൂപയുടെ വലിയൊരു ഭാഗം വിനിയോഗിക്കപ്പെടുന്നത്.

Related Stories

No stories found.
logo
DhanamOnline
dhanamonline.com