അദാനി എന്റര്‍പ്രൈസസിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി അബുദബി കമ്പനി

ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നിന്ന് കരകയറാനും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുന്ന അദാനി ഗ്രൂപ്പിന് ആശ്വാസമായി അദാനി എന്റര്‍പ്രൈസസിലെ (എ.ഇ.എല്‍) ഓഹരി പങ്കാളിത്തം ഉയര്‍ത്തി അബുദബി കമ്പനി. അബുദബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയാണ് (ഐ.എച്ച്.സി) അദാനി എന്റര്‍പ്രൈസസിലെ ഓഹരി പങ്കാളിത്തം 5 ശതമാനത്തിലേറെയായി വര്‍ധിപ്പിച്ചത്.

ഓഹരിപങ്കാളിത്തം 5.04 ശതമാനമായി

ഗ്രീന്‍ വൈറ്റാലിറ്റി എന്ന കമ്പനിയാണ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് അദാനി എന്റര്‍പ്രൈസസിന്റെ 163 കോടി രൂപ വരുന്ന 0.06% ഓഹരി സ്വന്തമാക്കിയത്. ഈ കമ്പനി ഐ.എച്ച്.സിയുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ ഗ്രീന്‍ എന്റര്‍പ്രൈസസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗിനും ഗ്രീന്‍ എനര്‍ജി ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതോടെയാണ് അദാനി എന്റര്‍പ്രൈസസില്‍ ഐ.എച്ച്.സിയുടെ മൊത്തം ഓഹരിപങ്കാളിത്തം 5.04 ശതമാനമായി ഉയര്‍ന്നത്.

യു.എ.ഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മേല്‍നോട്ടം വഹിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണ് ഐ.എച്ച്.സി. അതേസമയം അടുത്തിടെയാണ് ഇതേ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ രണ്ട് കമ്പനികളിലുള്ള ഓഹരികള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ചത്. ജനുവരിയിലാണ് ഗൗതം അദാനിയുടെ ഗ്രൂപ്പിനെതിരെ യു.എസ് ഷോര്‍ട്ട്സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. കടലാസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപത്തിലൂടെ ഓഹരി വില കൃത്രിമമായി പെരുപ്പിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.

READ ALSO:അദാനി ഗ്രൂപ്പിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ അബുദബി കമ്പനി



Related Articles
Next Story
Videos
Share it