എസി, റഫ്രിജറേറ്റര്‍ വില്‍പ്പന 'ചൂട്' പിടിക്കുന്നു

മാര്‍ച്ച് മുതലാണ് തണുപ്പിക്കുന്ന വീട്ടുപകരണങ്ങള്‍ക്ക് സാധാരണയായി ഡിമാന്‍ഡ് കൂടുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ ചൂട് കൂടിയതോടെ എയര്‍ കണ്ടീഷണറുകള്‍ (എസി), കൂളറുകള്‍, റഫ്രിജറേറ്ററുകള്‍, ഫാനുകള്‍ എന്നിവയുടെ വില്‍പ്പന വര്‍ധിച്ചതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പല കമ്പനികളും ഇതിനോടകം വലിയ വില്‍പ്പന രേഖപ്പെടുത്തി. ഇതോടെ വരുന്ന സീസണില്‍ ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡ് കാണാന്‍ സാധ്യതയുണ്ടെന്നും കമ്പനികള്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.

വേനല്‍ക്കാലത്ത് വളര്‍ച്ച

എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കൂളറുകള്‍, ഡീപ് ഫ്രീസറുകള്‍ തുടങ്ങിയ തണുപ്പിക്കുന്ന ഉപകരണങ്ങളുടെ മുഴുവന്‍ ശ്രേണിയില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് 40 ശതമാനം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.

ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന്

നിലവിലെ ഡിമാന്‍ഡ് വര്‍ധന നേരിടാന്‍ കമ്പനി തയ്യാറാണെന്നും തണുപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഒരു പുതിയ ശ്രേണി പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ടെന്നും വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. തണുപ്പിക്കുന്ന ഉപകരണങ്ങളുടെ വില്‍പന ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലൂ സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ബി ത്യാഗരാജന്‍ പറഞ്ഞു.

ഉയര്‍ന്ന ശേഷിയുള്ള ഉപകരണങ്ങള്‍

ഉപഭോക്താക്കള്‍ ഉയര്‍ന്ന ശേഷിയുള്ള റഫ്രിജറേറ്ററുകളും പൂര്‍ണ്ണമായും ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളും കൂടുതലായി തിരഞ്ഞെടുക്കുന്നു.എയര്‍കണ്ടീഷണറുകള്‍ക്കും റഫ്രിജറേറ്ററുകള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍ ഈ ശ്രേണിയില്‍ മികച്ച വില്‍പ്പന നടക്കുന്നതായും എല്‍ജി ഇന്ത്യ വൈസ് പ്രസിഡന്റ് ദീപക് ബന്‍സാല്‍ പറഞ്ഞു.

Related Articles
Next Story
Videos
Share it