

എയർ കണ്ടീഷണറുകൾ, പമ്പുകൾ, മറ്റ് വൈദ്യുതി ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന മോട്ടോറുകളുടെ നിർമ്മാണ മാനദണ്ഡങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ (ഡിസ്കോം) സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയോട് (CEA) ആവശ്യപ്പെട്ടു. വൈദ്യുതിയുടെ ആവശ്യം വളരെ കൂടുതലായിരിക്കുന്ന സമയങ്ങളിൽ, കൂട്ടത്തോടെ പ്രവർത്തനരഹിതമാകുന്നതോ കാര്യക്ഷമത കുറഞ്ഞതോ ആയ മോട്ടോറുകൾ വൈദ്യുതി വിതരണ ഗ്രിഡിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായേക്കാം എന്ന ആശങ്കയാണ് ഈ ആവശ്യത്തിന് പിന്നിൽ.
കൂടാതെ കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ ഭീഷണിയെ തുടർന്ന് വരും മാസങ്ങളിൽ ഊർജ്ജ ഉപഭോഗം കുതിച്ചുയരുമെന്ന പ്രവചനങ്ങളും ഇലക്ട്രിക് മോട്ടോറുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും കർശനമാക്കണമെന്ന് ആവശ്യപ്പെടാൻ വൈദ്യുതി വിതരണ കമ്പനികളെ നിർബന്ധിതരാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
വോൾട്ടേജ് വ്യതിയാനങ്ങളോ വൈദ്യുതി വിതരണ ഗ്രിഡിൽ സാങ്കേതിക തടസ്സങ്ങളോ ഉണ്ടാകുമ്പോൾ എയർ കണ്ടീഷണറുകളിലെയും പമ്പുകളിലെയും മോട്ടോറുകൾ പെട്ടെന്ന് നിലച്ചുപോകാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള നിരവധി മോട്ടോറുകൾ ഒരേസമയം നിലയ്ക്കുകയും പിന്നീട് വീണ്ടും കൂട്ടത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, അത് വൈദ്യുതി ലോഡിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്ക് കാരണമാവുകയും വോൾട്ടേജ് അസ്ഥിരത കൂടുതൽ വഷളാക്കുകയും ചെയ്തേക്കാം.
വടക്കൻ മേഖലയിലെ ഗ്രിഡ് (Northern Grid) ഇതിനകം തന്നെ സമ്മർദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം അപകടസാധ്യത വർധിക്കുന്നത്.
നിലവിൽ വടക്കേ ഇന്ത്യയിലെ വൈദ്യുതിയുടെ പരമാവധി ആവശ്യം (Peak power demand) ചരിത്രത്തിലാദ്യമായി 95 ജിഗാവാട്ട് (GW) കടന്നു. ഉഷ്ണതരംഗവും (Heatwave), വൈകുന്നേരങ്ങളിലെ അമിത വൈദ്യുതി ഉപഭോഗവും ഗ്രിഡിന്മേലുള്ള സമ്മർദ്ദം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. ഉയർന്ന വൈദ്യുതി ലോഡ് ഉള്ള സമയങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുന്നു.
ഗ്രിഡിന്റെ സുരക്ഷിതത്വത്തിൽ മോട്ടോറുകൾ കേവലം നിഷ്ക്രിയ ഉപകരണങ്ങളല്ല (Passive device) എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന അളവിൽ വൈദ്യുതി ഉപഭോഗം നടത്തുന്ന ഇവ ഗ്രിഡിലെ വോൾട്ടേജ്, ഫ്രീക്വൻസി ഘടനകളെ നേരിട്ട് സ്വാധീനിക്കുന്നവയാണ്. വൈദ്യുതി ഗ്രിഡിന്റെ സുരക്ഷാ സംവിധാനങ്ങളുമായി (Protection systems) ഇവ നിരന്തരം സംവദിക്കുന്നതിനാൽ, മോട്ടോറുകളുടെ ഗുണനിലവാര തകരാറുകൾ മൊത്തം വിതരണ ശൃംഖലയെത്തന്നെ ബാധിച്ചേക്കാം.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നടത്തുന്ന അവലോകനത്തിൽ മോട്ടോറുകളുടെ ഡിസൈൻ, വൈദ്യുതി പോയിവന്നതിനു ശേഷമുള്ള പുനരാരംഭിക്കൽ പ്രക്രിയ, സുരക്ഷാ ക്രമീകരണങ്ങൾ, വോൾട്ടേജ് താങ്ങാനുള്ള ശേഷി (Voltage tolerance), ഗ്രിഡ് സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടൽ എന്നിവ കർശനമായ വിലയിരുത്തലിന് വിധേയമാക്കും.
പ്രാദേശിക പവർ കമ്മിറ്റികൾക്ക് ഓപ്പറേഷണൽ, പ്രൊട്ടക്ഷൻ പഠനങ്ങൾ നടത്താനും റിയാക്ടീവ് പവർ മാനേജ്മെന്റിലൂടെ വോൾട്ടേജ് സുസ്ഥിരത ഉറപ്പാക്കാനുമുള്ള നിയമപരമായ ബാധ്യതയുണ്ട്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ലക്ഷ്യമിടുന്ന പുതിയ മോട്ടോർ മാനദണ്ഡങ്ങൾ, ഗ്രിഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇത്തരം പ്രാദേശിക നടപടികൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്.
ഉപഭോക്താക്കൾക്ക്: കർശനമായ ഗുണനിലവാര മാനദണ്ഡം എസി, പമ്പ്, വ്യാവസായിക ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ ഘടനയിലും വിലയിലും ക്രമേണ പ്രതിഫലിക്കും. പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മോട്ടോറുകൾ വിപണിയിലെത്തുമ്പോൾ ഇവയുടെ പ്രാഥമിക വാങ്ങൽച്ചെലവ് (Upfront cost) വർധിക്കാം. എന്നിരുന്നാലും ഗ്രിഡ് കടുത്ത സമ്മർദ്ദത്തിലാകുന്ന സമയങ്ങളിൽ പോലും മോട്ടോറുകളുടെ പ്രവർത്തന വിശ്വാസ്യത മെച്ചപ്പെട്ടേക്കാം എന്നത് ഉപഭോക്താക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും.
നിർമ്മാതാക്കൾക്ക് (Manufacturers): എസി, വാട്ടർ പമ്പ്, മോട്ടോർ, കംപ്രസ്സർ തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനികൾക്ക് പരിഷ്കരിച്ച സാങ്കേതിക ആവശ്യകതകൾക്ക് അനുസൃതമായി തങ്ങളുടെ ഉൽപ്പന്നങ്ങൾ പുനർരൂപകൽപ്പന (Product redesign) ചെയ്യേണ്ടി വരും. ഇതിനുപുറമെ, കർശനമായ ഗുണനിലവാര പരിശോധനകൾക്കും കമ്പനികൾ വിധേയമാകേണ്ടി വന്നേക്കാം.
ഗ്രിഡ് ഓപ്പറേറ്റർമാർക്കും വൈദ്യുതി വിതരണ കമ്പനികൾക്കും: ഈ പരിഷ്കാരം വലിയ ആശ്വാസമാകും. ഉയർന്ന കാര്യക്ഷമതയുള്ള മോട്ടോറുകളുടെ പ്രവർത്തനം വഴി പവർ ഗ്രിഡുകളിലെ തുടർച്ചയായ ലോഡ് നഷ്ടം (Cascading load loss), പെട്ടെന്നുള്ള വോൾട്ടേജ് ഇടിവ് (Voltage dips), വൈദ്യുതി തടസ്സത്തിന് ശേഷം ഒന്നിച്ച് പുനരാരംഭിക്കുമ്പോൾ ഗ്രിഡിലുണ്ടാകുന്ന അമിത സമ്മർദ്ദം എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
നയരൂപീകരണം: ഗ്രിഡ് സുസ്ഥിരത എന്നത് കേവലം വൈദ്യുതി ഉത്പാദനത്തിലും പ്രസരണത്തിലും (Generation and Transmission) മാത്രം ഒതുങ്ങുന്ന പ്രശ്നമാണെന്ന പരമ്പരാഗത ചിന്താഗതിയിൽ നിന്നുള്ള മാറ്റമാണിത്. പകരം, ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനരീതിയും (Distributed consumer loads) ഗ്രിഡ് സുരക്ഷയെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തി പരിഹാരം കാണാൻ പുതിയ നയരൂപീകരണം വഴിതെളിക്കും.
Northern Indian power distribution companies have urged the Central Electricity Authority to review motor standards to improve grid stability, potentially affecting the cost of air conditioners, water pumps and other electrical appliances.
Read DhanamOnline in English
Subscribe to Dhanam Magazine