അക്കൗണ്ടില്‍ തിരിമറി: ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജാലിനെതിരെ എഫ്.ഐ.ആര്‍
ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാന്‍ പവന്‍ മുഞ്ജാലിനെതിരെ 5.96 കോടി രൂപയുടെ അക്കൗണ്ട് തിരിമറി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ഇത് കൂടാതെ പവന്‍ മുഞ്ജാല്‍ 2009-2010 കാലയളവില്‍ 5.94 കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചുവെന്ന് എഫ.ഐ.ആറില്‍ പറയുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി സൃഷ്ടിച്ച ഈ വ്യാജ ബില്ലുകളിലൂടെ 55.5 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും പവന്‍ മുഞ്ജാല്‍ നടത്തിയതായി ആരോപണമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രൊമോട്ടര്‍ കൂടിയാണ് 69 കാരനായ ശതകോടീശ്വരന്‍ പവന്‍ മുഞ്ജാല്‍. ഓഗസ്റ്റില്‍ അദ്ദേഹത്തിനും കമ്പനിയിലെ മറ്റ് ചിലര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം നടത്തിയിരുന്നു. പവന്‍ മുഞ്ജാലിന്റെ താമസസ്ഥലത്തും വ്യാപാരസ്ഥാപനങ്ങളിലും അന്ന് റേയ്ഡ് നടന്നിരുന്നു. എന്‍.എസ്.ഇയില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി ഇന്ന് 2.50% ഇടിഞ്ഞ് 2,962 രൂപയില്‍ വ്യാപരം അവസാനിപ്പിച്ചു.