അദാനിക്കും അംബാനിക്കും ആന്ധ്രാ ഹരം!, ₹ 1 ലക്ഷം കോടിയുടെ നിക്ഷേപവുമായി അദാനി, 1 ജിഗാവാട്ടിന്റെ ഡാറ്റാ സെന്ററുമായി അംബാനി

സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി കരൺ അദാനി
Adani and Ambani, Andhra Pradesh
Image courtesy: Canva
Published on

അടുത്ത പത്ത് വർഷത്തിനുള്ളിൽ ആന്ധ്രാപ്രദേശിന്റെ വിവിധ മേഖലകളിൽ ഒരു ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ്. വിശാഖപട്ടണത്ത് നടന്ന 30-ാമത് സിഐഐ പാര്‍ട്ട്ണര്‍ഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കവെ അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) മാനേജിംഗ് ഡയറക്ടർ കരൺ അദാനിയാണ് പ്രഖ്യാപനം നടത്തിയത്.

തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, സിമൻ്റ്, ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിലായി ഇതിനോടകം 40,000 കോടി രൂപയുടെ നിക്ഷേപം ഗ്രൂപ്പ് പൂർത്തിയാക്കി കഴിഞ്ഞു. ഈ നിക്ഷേപങ്ങളിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായും കരൺ അദാനി പറഞ്ഞു.

അദാനി ഗ്രൂപ്പിൻ്റെ ഈ പദ്ധതികളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് വിസാഗ് ടെക് പാർക്ക്. ഗൂഗിളുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർസ്കെയിൽ ഡാറ്റാ സെൻ്റർ ഇക്കോസിസ്റ്റങ്ങളിൽ ഒന്ന് ഇവിടെ സ്ഥാപിക്കും. 1,500 കോടി ഡോളറിന്റെ (15 ബില്യൺ) ഡോളറിൻ്റെ ഈ പദ്ധതി, പൂർണ്ണമായും ഗ്രീൻ എനർജിയിലാണ് പ്രവർത്തിക്കുക.

നിക്ഷേപവുമായി അംബാനി

ആന്ധ്രാപ്രദേശിനെ രാജ്യത്തെ ഡാറ്റാ സെന്റർ ഹബ്ബായി ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊര്‍ജം പകര്‍ന്ന് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വൻ നിക്ഷേപം പ്രഖ്യാപിച്ചു. 1 ജിഗാവാട്ട് (GW) ശേഷിയുള്ള ഒരു അത്യാധുനിക എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഡാറ്റാ സെന്റർ സ്ഥാപിക്കാനാണ് റിലയൻസ് ധാരണയിലെത്തിയത്.

വിസാഗിൽ 15 ബില്യൺ ഡോളറിൻ്റെ നിക്ഷേപവുമായി ഗൂഗിൾ 1 GW ഡാറ്റാ സെന്റർ ക്ലസ്റ്റർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിലയൻസിൻ്റെ ഈ സുപ്രധാന നീക്കം. ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ (GPU-കൾ), എഐ പ്രോസസറുകൾ തുടങ്ങിയ നൂതന ഹാർഡ്‌വെയറുകൾ ഉള്‍ക്കൊളളുന്നതായിരിക്കും ഈ ഡാറ്റാ സെന്റർ.

ഈ മെഗാ പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ 6 ജിഗാവാട്ട് ശേഷിയുള്ള സോളാർ പവർ പദ്ധതിയും റിലയൻസ് വികസിപ്പിക്കും. ഡാറ്റാ സെന്ററിന് പുറമെ, 170 ഏക്കറിൽ ഒരു ഗ്രീൻഫീൽഡ് ഇൻ്റഗ്രേറ്റഡ് ഫുഡ് പാർക്ക് സ്ഥാപിക്കുന്നതും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐ.ടി കമ്പനികളായ ആക്‌സെഞ്ചറിനും ഇന്‍ഫോസിസിനും 99 പൈസ ടോക്കണ്‍ തുകയ്ക്ക് ഭൂമി നല്‍കാനുള്ള നീക്കങ്ങളിലാണ് ആന്ധ്രാ സര്‍ക്കാര്‍. രണ്ട് കമ്പനികളും ചേര്‍ന്ന് ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക.

വ്യാവസായിക, ഡിജിറ്റൽ മേഖലകളിലായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലേക്ക് വലിയ നിക്ഷേപങ്ങളാണ് എത്തുന്നത്.

Adani and Ambani announce mega investments in Andhra Pradesh, including data centers, infrastructure, and green energy projects.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com